kasaragod local

സിനാന്റെ രോഗകാരണം കണ്ടെത്താനാവാതെ വൈദ്യശാസ്ത്രം; പ്രാര്‍ഥനയും കണ്ണീരുമായി കുടുംബം

കാസര്‍കോട്: വൈദ്യശാസ്ത്രത്തിന് പിടികൊടുക്കാത്ത ഛര്‍ദ്ദി രോഗവുമായി ഏഴ് വയസുകാരന്‍ മുഹമ്മദ് സിനാന്‍. മകന്റെ രോഗം ഭേദമാക്കാന്‍ പിതാവ് ഹമീദ് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക്. വിദ്യാനഗര്‍ കോപ്പ പുതുമണ്ണിലെ നിര്‍ധന കുടുംബമായ ഹമീദിന്റെ മകനാണ് സിനാന്‍. കളിച്ചു നടക്കേണ്ട പ്രായത്തില്‍ ആശുപത്രി കിടക്കയില്‍ കിടന്ന് മരുന്നുകളുമായി മല്ലിടുകയാണ് ഈ കുട്ടി.
രണ്ടര വയസിലാണ് ചെറിയ ഛര്‍ദ്ദി തുടങ്ങിയത്. ഡോക്ടറെ കാണിച്ചെങ്കിലും ഛര്‍ദ്ദിക്ക് ശമനമുണ്ടായില്ല. രണ്ടാഴ്ചയോളം ഛര്‍ദ്ദി തുടരും. ഭക്ഷണം കഴിക്കില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മുഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികില്‍സിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലും മാസങ്ങളോളം ചികില്‍സിച്ചു. ഡോക്ടര്‍മാര്‍ക്ക് അസുഖം എന്താണെന്ന് കണ്ടെത്താനായില്ല. 10 വയസ് കഴിഞ്ഞാല്‍ രോഗം ഭേദമാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനിടയില്‍ ആയുര്‍വേദ ചികില്‍സയും നടത്തി. മകന്‍ ക്ഷീണിച്ചു പോകുന്നതല്ലാതെ ഒരു ഫലവും കണ്ടില്ല. കഴിഞ്ഞ ദിവസമാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
എല്ലാ മരുന്നുകളും നല്‍കി. ഇപ്പോള്‍ ഗ്ലൂക്കോസ് മാത്രമാണ് നല്‍കുന്നത്. ചികില്‍സക്കായി മൂന്ന് ലക്ഷം രൂപയാണ് ഇതിനകം ചെലവഴിച്ചത്. വിദ്യാനഗറില്‍ തട്ടുകട നടത്തി കുടുംബം പോറ്റിയിരുന്ന ഹമീദിന് മകന്റെ ചികില്‍സയ്ക്ക് വേണ്ടി മറ്റു ജോലി ചെയ്യാനാവാത്ത അവസ്ഥയാണ്. ഇനിയും വിദഗ്ധ ചികില്‍സ ലഭിച്ചാല്‍ സിനാന്റെ രോഗം മാറുമെന്ന പ്രതീക്ഷയില്‍ പിതാവ് ഹമീദും മാതാവ് ആയിഷയും പരസഹായം തേടുന്നു. സിനാന്‍ തുള്ളിച്ചാടി നടക്കുന്നത് കാണണമെന്ന ആഗ്രഹത്തോടെ മാതാപിതാക്കള്‍ ചികില്‍സക്കായി കാരുണ്യത്തിന്റെ നീരുറവ വറ്റാത്തവരുടെ സഹായം തേടുകയാണ്. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അപേക്ഷയിലാണിവര്‍. ഫോണ്‍: 9995819450.
Next Story

RELATED STORIES

Share it