സിഡി ഹാജരാക്കാമെന്ന് വീണ്ടും ബിജു രാധാകൃഷ്ണന്‍

കൊച്ചി: വീഡിയോ ദൃശ്യം അടങ്ങിയ രേഖകള്‍  ഹാജരാക്കാന്‍ തയ്യാറാണെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ വീണ്ടും മൊഴി നല്‍കി. എന്നാല്‍, ഇനിയും സിഡി പിടിച്ചെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ബിജുവിന് തെളിവ് ഹാജരാക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബിജു സ്വമേധയാ തെളിവ് ഹാജരാക്കിയാല്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തന്റെ കൈവശം ദൃശ്യങ്ങളുടെ വേറെയും പകര്‍പ്പുകള്‍ ഉണ്ടെന്നും ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് ബിജു സോളാര്‍ കമ്മീഷന്‍ മുമ്പാകെ അറിയിച്ചത്. സഹോദരിയായ ശെല്‍വിയുടെ പക്കല്‍ താന്‍ ഏല്‍പിച്ചിരുന്ന ബാഗില്‍ ചെറിയ കവറില്‍ ഒരു പെന്‍ഡ്രൈവും അതിന്റെ ആക്‌സസറീസും ഉണ്ടായിരുന്നു. എന്നാല്‍, ഇന്നലെ അവിടെ നടത്തിയ പരിശോധനയില്‍ ആ ചെറിയ കവറും  പെന്‍ഡ്രൈവും കാണാനായില്ല. കമ്മീഷനെയും മാധ്യമപ്രവര്‍ത്തകരെയും കബളിപ്പിച്ചതല്ല. പറഞ്ഞത് നൂറു ശതമാനം സത്യമാണ്. ഇന്നലെ കണ്ടെടുത്ത ബാഗ് രണ്ടരവര്‍ഷം മുമ്പാണ് ശെല്‍വി ചേച്ചിയെ ഏല്‍പിച്ചത്. അന്നു വ്യക്തമായി പറഞ്ഞിരുന്നു, യാതൊരു കാരണവശാലും താനല്ലാതെ മറ്റൊരാളുടെ കൈവശവും ഇതു കൊടുക്കരുതെന്ന്. ശെല്‍വിയുടെ ഭര്‍ത്താവ് ചന്ദ്രനെയും തന്നെയും കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. അന്ന് തന്റെ പല രേഖകളും പിടിച്ചെടുത്തു. അന്നു നടത്തിയ പരിശോധനകളില്‍ ഈ പെന്‍ഡ്രൈവ് കണ്ടെത്താതിരുന്നതിനാല്‍ അത് ശെല്‍വി ചേച്ചി ഭദ്രമായി സൂക്ഷിച്ചിരുന്നുവെന്ന് തനിക്കു ബോധ്യമുണ്ടായിരുന്നുവെന്നും ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it