സിഗ്നല്‍ മാറി തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

കായംകുളം: അപായ സിഗ്നല്‍ മാറിയതിനെ തുടര്‍ന്ന് ഗുഡ്‌സ് ട്രെയിന്‍ ബ്രേക്കിട്ടു. ഇതേ തുടര്‍ന്ന് ട്രെയിന്‍, റോഡ് ഗതാഗതം മൂന്നര മണിക്കൂര്‍ സ്തംഭിച്ചു. കായംകുളം മുട്ടം റോഡില്‍ പത്തിയൂര്‍ ലെവല്‍ക്രോസില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനാണ് സംഭവം.
കായംകുളത്തു നിന്ന് ഒരു മണിക്ക് എറണാകുളത്തേക്കു പോയ പാസഞ്ചര്‍ ട്രെയിനിനും ആലപ്പുഴയില്‍നിന്നു കായംകുളത്തേക്കു വരുകയായിരുന്ന ഗുഡ്‌സ് ട്രെയിനിനും വേണ്ടി ലെവല്‍ക്രോസ് ഗേറ്റ് അടച്ച് സിഗ്നല്‍ നല്‍കി. പാസഞ്ചര്‍ കടന്നുപോയ ശേഷം ആ ലൈനിലെ സിഗ്നല്‍ ഓഫാക്കിയതോടെ ഗുഡ്‌സ് ട്രെയിന്‍ കടന്നുവരേണ്ട ലൈനില്‍ ചുവപ്പ് സിഗ്നല്‍ വീഴുകയായിരുന്നു. ഈ സമയം ചേപ്പാട് സ്റ്റേഷന്‍ പരിധി കടന്നുവരുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ കായംകുളം സ്റ്റേഷന്‍ പരിധിയിലുള്ള ആദ്യ സിഗ്നല്‍ പച്ചകത്തിയിരുന്നതിനാല്‍ വേഗത കുറയ്ക്കാതെ കടന്നുവന്നു. എന്നാല്‍, ഗേറ്റിനു തൊട്ടുമുമ്പുള്ള സിഗ്നല്‍ ലൈറ്റ് ചുവപ്പു കത്തിക്കിടക്കുന്നതുകണ്ട് അപകടമാണെന്ന് ധരിച്ച് ലോക്കോപൈലറ്റ് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു.
ഗുഡ്‌സ് ട്രെയിനിന്റെ ബ്രേക്ക് സിസ്റ്റം തകരാറിലായതിനെതുടര്‍ന്ന് പിന്നീട് പുറപ്പെടാനും കഴിഞ്ഞില്ല. യാത്രാ ട്രെയിന്‍ ആയിരുന്നെങ്കില്‍ പെട്ടെന്നുള്ള ബ്രേക്കില്‍ ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തമുണ്ടാവുമായിരുന്നു.
ഇതുവഴി കടന്നുപോവേണ്ട നേത്രാവതി എക്‌സ്പ്രസ്, കൊല്ലം മെമു, ഘോരക്പൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ചേപ്പാട്, ഹരിപ്പാട്, അമ്പലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പിന്നീട് നാലേകാലോടെ കൊല്ലത്തു നിന്നു മറ്റൊരു എന്‍ജിന്‍ എത്തിച്ച് ഗുഡ്‌സ്‌ട്രെയിന്‍ ട്രാക്കില്‍നിന്നും നീക്കിയ ശേഷമാണ് റോഡ്, ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it