സിഖ് വംശഹത്യ: 75 കേസുകള്‍ പുനരന്വേഷിക്കുന്നു

സിഖ് വംശഹത്യ: 75 കേസുകള്‍  പുനരന്വേഷിക്കുന്നു
X
sique

കെ എ സലിം

ന്യൂഡല്‍ഹി: 1984ലെ സിഖ് വംശഹത്യയുമായി ബന്ധപ്പെട്ട 75 കേസുകള്‍ വീണ്ടും അന്വേഷിക്കുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടപടി തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം.
1984 ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖുകാരായ അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനുശേഷം ഡല്‍ഹിയിലുണ്ടായ വംശഹത്യയില്‍ 3,000 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് വംശഹത്യക്കു സമാനമായ കൂട്ടക്കൊലയാണ് അന്ന് അരങ്ങേറിയത്.
ജഗദീഷ് ടൈറ്റ്‌ലര്‍, സഞ്ജന്‍ സിങ് ഉള്‍പ്പെടെ കേസില്‍ ആരോപണവിധേയരെല്ലാം കോണ്‍ഗ്രസ് നേതാക്കളാണ്. ഔദ്യോഗിക കണക്കുപ്രകാരം 2,733 ആണ് കൊല്ലപ്പെട്ടവരുടെ എണ്ണം. വംശഹത്യയുമായി ബന്ധപ്പെട്ട് ആകെ 584 കേസുകളാണ് ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 241 കേസുകള്‍ സാക്ഷികളും തെളിവുകളും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിച്ചു. എന്നാല്‍, 2006ല്‍ മൂന്നും 2013ല്‍ ഒരു കേസും വീണ്ടും തുറന്നു.
ഇതോടെ അവസാനിപ്പിച്ച കേസുകളുടെ എണ്ണം 237 ആയി. ഇവയുടെ രേഖകള്‍ പരിശോധിച്ചശേഷം 75 കേസുകള്‍ പുനരന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ വൈകാതെ അന്വേഷണസംഘം പരസ്യം നല്‍കും. ഇവരില്‍ ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവരെ സഹകരിപ്പിക്കുകയാണു ലക്ഷ്യം. അതോടൊപ്പം സാക്ഷികളെ കണ്ടെത്തുന്നതിന് പബ്ലിക് ഹിയറിങും സംഘടിപ്പിക്കും. നേരത്തേ പുനരന്വേഷിച്ച നാല് കേസുകളില്‍ 35 പേര്‍ ശിക്ഷിക്കപ്പെടുകയുണ്ടായി.
കേസുകളുടെ പുരോഗതി ആരാഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് അടുത്തിടെ കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണസംഘം രൂപീകരിച്ചത്. ഡല്‍ഹി കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള സംസ്ഥാനമാണ് പഞ്ചാബ്. കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടലാണോ അതോ ആത്മാര്‍ഥതയോടെയുള്ള നീക്കമാണോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്ന് കലാപക്കേസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആം ആദ്മി നേതാവ് എച്ച് എസ് ഫൂല്‍ക്ക പറഞ്ഞു. കേസുകള്‍ പുനരന്വേഷിക്കാന്‍ എന്തുകൊണ്ട് ഇത്രയും വൈകി എന്നതും സംശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ്സും സ്വാഗതം ചെയ്തിട്ടുണ്ട്. വംശഹത്യയില്‍ ആര്‍എസ്എസിനുള്ള പങ്ക് ഇതിലൂടെ പുറത്തുവരുമെന്നാണു പ്രതീക്ഷയെന്നും നിരവധി കേസുകളില്‍ ആര്‍എസ്എസുകാരാണ് പ്രതികളെന്നും കോണ്‍ഗ്രസ് ഡല്‍ഹി ഘടകം പ്രസിഡന്റ് അമരീന്ദര്‍ സിങ് പറഞ്ഞു.
സുപ്രിംകോടതി മുന്‍ ജഡ്ജി ജി പി മാത്തൂര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം 2015 ഫെബ്രുവരി 12നാണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്. 30 വര്‍ഷം പഴക്കമുള്ള കേസിലെ രേഖകള്‍ കണ്ടെത്തുകയെന്നത് കടുത്ത വെല്ലുവിളിയാവും.
Next Story

RELATED STORIES

Share it