സിക്ക വൈറസ്: പ്രതിരോധമരുന്ന് വികസിപ്പിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ഹൈദരാബാദ്: സിക്ക വൈറസിനെതിരേ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ ലിമിറ്റഡിലെ ശാസ്ത്രജ്ഞരാണ് ലോകത്താദ്യമായി സിക്ക വൈറസിനെതിരേ വാക്‌സിന്‍ കണ്ടുപിടിച്ചതായി അവകാശപ്പെട്ടത്.
ജന്മവൈകല്യത്തിനു കാരണമാവുമെന്ന് സംശയിക്കുന്ന സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒമ്പത് മാസം മുമ്പാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അവകാശപ്പെട്ടു.
ലാറ്റിന്‍ അമേരിക്കയടക്കം ഇരുപതിലധികം രാജ്യങ്ങളില്‍ സിക്ക വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അമേരിക്കയിലെ ടെക്‌സസില്‍ സിക്ക വൈറസ് ലൈംഗികബന്ധത്തിലൂടെ പകരുമെന്നും കണ്ടെത്തി.
വിദേശത്തു നിന്ന് ഔദ്യോഗികമായി കൊണ്ടുവന്ന സിക്ക വൈറസ് ഉപയോഗിച്ചാണ് രണ്ടുതരം വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തതെന്നും അത് മൃഗങ്ങളിലും മനുഷ്യനിലും പരീക്ഷിക്കാന്‍ സര്‍ക്കാരിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റേയും പിന്തുണ ആവശ്യമാണെന്നും ഭാരത് ബയോടെക് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല പറഞ്ഞു.
Next Story

RELATED STORIES

Share it