സിക്ക വൈറസ്; ഇന്ത്യന്‍ വാക്‌സിന്‍ ഫലപ്രദമെന്നു തെളിഞ്ഞിട്ടില്ല: ഡോ. നിഷി സിങ് ശ്രീവാസ്തവ

കബീര്‍ എടവണ്ണ

ദുബയ്: സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ ഒരു സ്വകാര്യ സ്ഥാപനം പുറത്തിറക്കിയ വാക്‌സിന്‍ ഇതേവരെ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിച്ച് ഫലം കണ്ടെത്തിയിട്ടില്ലെന്ന് കണ്‍സള്‍ട്ടന്റ് വൈറോളിജിസ്റ്റും ദുബയ് ഹയര്‍ കോളജിലെ ഹെല്‍ത്ത് സയന്‍സ് ചെയര്‍പേഴ്‌സണുമായ ഡോ. നിഷി സിങ് ശ്രീവാസ്തവ. തേജസിനുള്ള പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ ഇതേവരെ കാണപ്പെടാത്ത സിക്ക വൈറസ് എങ്ങിനെ ഗവേഷണ സ്ഥാപനത്തിന് വാക്‌സിന്‍ ഉണ്ടാക്കാന്‍ ലഭിച്ചുവെന്നതും സംശയം ജനിപ്പിക്കുന്നു. ഹൈദരാബാദിലെ ഒരു ബയോടെക്‌നോളജി സ്ഥാപനമാണ് സിക്ക വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ കണ്ടെത്തി എന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരുന്നത്. എന്നാല്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് ഒരു ശാസ്ത്ര പ്രസിദ്ധീകരണം പോലും ഇതേവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സിക്ക വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ലാറ്റിന്‍ അമേരിക്ക അടക്കം 23 രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 1947ല്‍ ഉഗാണ്ടയിലെ കൊതുകുകളിലാണ് സിക്ക എന്ന ഫഌവി വൈറസ് ആദ്യം കണ്ടെത്തിയതെങ്കിലും രോഗം മനുഷ്യനില്‍ കണ്ടെത്തിയത് ആസ്‌ത്രേലിയക്കു സമീപമുള്ള യാപ് ദ്വീപിലാണ്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ബ്രസീലിലും കഴിഞ്ഞ വര്‍ഷം മുതല്‍ പകര്‍ച്ചവ്യാധിയായി പടരാന്‍ തുടങ്ങി. ഗര്‍ഭിണികളെ രോഗം പിടിപെടുന്നതു കാരണം നാലായിരം നവജാത ശിശുക്കളാണ് ചെറിയ തലയും ബുദ്ധിമാന്ദ്യവും ആയി പിറന്നത്. ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ സ്ത്രീകള്‍ ഗര്‍ഭം ധരിക്കരുതെന്ന് ലോകാരോഗ്യ സംഘടനയായ വേല്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
മുതിര്‍ന്നവരില്‍ ഈ വൈറസ് ബാധിച്ചാല്‍ പക്ഷാഘാതവും രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുകയും ചെയ്യും. ഇപ്പോള്‍ ഇന്ത്യയില്‍ കാണുന്ന ഡെങ്കി, ചിക്കന്‍ ഗുനിയ തുടങ്ങിയ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടില്ലെങ്കില്‍ ബ്രസീലിനു സമാനമായ ദുരിതങ്ങള്‍ ഇന്ത്യയിലുമുണ്ടാവുമെന്നും ഡോ. നിഷി മുന്നറിയിപ്പു നല്‍കുന്നു.
Next Story

RELATED STORIES

Share it