സിക്ക: ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരണം

വാഷിങ്ടണ്‍: സിക്ക വൈറസ് കൊതുകിലൂടെ മാത്രമല്ല, ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്നു സ്ഥിരീകരണം. യുഎസിലാണ് ലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് പകര്‍ന്നതായി റിപോര്‍ട്ട് ചെയ്തത്. ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റിപോര്‍ട്ട് പുറത്തുവന്നത്.
ടെക്‌സാസിലെ ഡള്ളസിലാണ് കേസ് റിപോര്‍ട്ട് ചെയ്തതെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) ബിബിസിയോടു പറഞ്ഞു. 23ഓളം രാജ്യങ്ങളില്‍ സിക്ക വൈറസ് ബാധ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
നവജാത ശിശുക്കളില്‍ മാരകമായ ജനിതക വൈകല്യങ്ങളുണ്ടാക്കുന്ന സിക്ക വൈറസ് ബാധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സിക്ക വൈറസിന്റെ സ്‌ഫോടനാത്മകമായ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ജനീവയില്‍ വിദഗ്ധരുടെ യോഗത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിക്ക വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ഇബോള വൈറസ് ബാധ പടര്‍ന്നുപിടിച്ചപ്പോഴുണ്ടായ അതേ ഭീതിയാണ് സിക്കയുടെ കാര്യത്തിലുമുള്ളത്.
ഇബോളയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ലോകാരോഗ്യ സംഘടന രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പ്രതിരോധ മരുന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൊതുകു വഴിയാണ് രോഗം പടരുന്നത്. അതിനാല്‍ കൊതുകു നിര്‍മാര്‍ജന പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് ബാധയുണ്ടാവാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. നവജാതശിശുക്കളില്‍ മൈക്രോസെഫാലി എന്ന അവസ്ഥയ്ക്കിടയാക്കുന്നു എന്നതാണ് സിക്ക വൈറസിനെ ഏറ്റവും അപകടകാരിയാക്കുന്നത്. ചെറിയ തലയോട്ടിയും മസ്തിഷ്‌കവുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്ന അവസ്ഥയാണിത്. ബ്രസീലില്‍ മാത്രം 2000ത്തോളം കുഞ്ഞുങ്ങളാണ് ഈ രോഗാവസ്ഥയുമായി ജനിച്ചുവീണത്.
Next Story

RELATED STORIES

Share it