സിഐഎ പീഡനങ്ങള്‍ക്കെതിരേ ഹരജിയുമായി മുന്നോട്ട് പോവാന്‍ കോടതി ഉത്തരവ്

വാഷിങ്ടണ്‍: യുഎസ് രഹസ്യാന്വേഷണവിഭാഗമായ സിഐഎ നടത്തിയ മാനസിക പീഡനങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹരജിയുമായി മുന്നോട്ടുപോവാന്‍ അനുവദിച്ചുകൊണ്ട് ആദ്യമായി കോടതി ഉത്തരവ്. കിഴക്കന്‍ വാഷിങ്ടണിലെ ഫെഡറല്‍ ജഡ്ജിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. പീഡനങ്ങള്‍ക്കിരയായ ഏതാനും പേരാണ് ഹരജി സമര്‍പ്പിച്ചത്.
ഹരജി തള്ളാന്‍ പീഡനപദ്ധതികള്‍ തയ്യാറാക്കിയ മനോശാസ്ത്ര വിദഗ്ധര്‍ ജെയിംസ് മിത്‌ഷെലും ബ്രൂസ് ജെസ്സെനും ശ്രമം നടത്തിവരുകയായിരുന്നു. കേസ് റദ്ദാക്കില്ലെന്നു ഫെഡറല്‍ ജഡ്ജി ജസ്റ്റിന്‍ എല്‍ ക്വാക്കെന്‍ബുഷ് അറിയിച്ചു. രണ്ടുമണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിനുശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഫ്ഗാനിലെ സിഐഎ ഇടപെടല്‍ വേളയില്‍ ചോദ്യംചെയ്യലിനിടെ 100ഓളം പേരെ ശ്വാസംമുട്ടിക്കുകയും കടുത്ത ശാരീരിക പീഡനങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തതായി പറയുന്നുണ്ട്.
തടവിലാക്കപ്പെട്ടവരെ മാനസികമായി തളര്‍ത്തി എങ്ങനെ ചോദ്യംചെയ്യാമെന്നതിനെക്കുറിച്ച് ക്ലാസെടുക്കാന്‍ അന്വേഷണത്തില്‍ മുന്‍പരിചയമില്ലാത്ത മിത്‌ഷേലിനെയും ജെസ്സെനെയും നിയോഗിച്ചിരുന്നതായി 2014ലെ യുഎസ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് 810 ലക്ഷം ഡോളറാണ് പ്രതിഫലം നല്‍കിയത്. നടപടി പൈശാചികവും ഫലപ്രദമല്ലാത്തതുമായിരുന്നെന്ന് സെനറ്റ് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it