സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ മരിച്ചു

മുഹമ്മദ് പടന്ന

മുംബൈ: രത്‌നഗിരിയിലെ ഗ്യാസ് ആന്റ് പവര്‍ ലിമിറ്റഡില്‍ നിയോഗിച്ചിരുന്ന സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് സഹപ്രവര്‍ത്തകരായ മലയാളി ജവാനും എഎസ്‌ഐയും കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ കോഴിക്കോട് പേരാമ്പ്ര ചാലിക്കര മായഞ്ചേരിപൊയില്‍ പഴേടത്തില്‍ രനീഷ്(27), സിംഗഌ സ്വദേശി ബാലുഗണപത് ഷിന്‍ഡെ (56) എന്നിവരാണു മരിച്ചത്.
മധ്യപ്രദേശ് സ്വദേശിയായ കോണ്‍സ്റ്റബിള്‍ ഹരീഷ്‌കുമാര്‍ ഗൗണ്ട് (36) ആണു വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാള്‍ സ്വയം വെടിവച്ചു മരിക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഹരീഷിന്റെ ഭാര്യ പ്രിയങ്ക (30) ചിപ്ലൂണിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച രാത്രിയാണു സംഭവം.
അത്താഴത്തിനു ശേഷം ഭാര്യയുമായി ഹരീഷ് ഏറെനേരം വഴക്കിട്ടതായി പോലിസ് പറയുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു രനീഷും ബാലു ഗണപതും. കുപിതനായ ഇയാള്‍ ഭാര്യക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ നാല് റൗണ്ട് വെടിയുതിര്‍ത്തു. മാനസികസംഘര്‍ഷവും മേലുദ്യോഗസ്ഥരുടെ പീഡനവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പോലിസ് കേസെടുത്തു.
മായഞ്ചേരി പൊയില്‍ പഴേടത്തില്‍ രാഘവന്‍ നമ്പ്യാരുടെയും കമലയുടെയും മകനാണ് അവിവാഹിതനായ രനീഷ്. കഴിഞ്ഞ ഡിസംബറിലാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. സഹോദരങ്ങള്‍: രാഗേഷ് (സിആര്‍പിഎഫ്, ഡല്‍ഹി), രമ്യ. മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Next Story

RELATED STORIES

Share it