Kottayam Local

സിഎംഎസ് കോളജ് ദ്വിശതാബ്ദി ആഘോഷം രാഷ്ട്രപതി നാളെ ഉദ്ഘാടനം ചെയ്യും

കോട്ടയം: സിഎംഎസ് കോളജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ വെള്ളിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. കോളജ് ഗ്രൗണ്ടില്‍ തയാറാക്കിയ പന്തലില്‍ ഉച്ചകഴിഞ്ഞു 2.30ന് ചേരുന്ന സമ്മേളനത്തില്‍ രാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കും.
ദ്വിശതാബ്ദി സ്മാരക സമുച്ചയത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. കോളജിനു ലഭിച്ച പൈതൃക സംരക്ഷണ പദവി പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
സിഎസ്‌ഐ സഭാ ഡപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ ഉമ്മന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ മാണി എംപി സംസാരിക്കും.
ദ്വിശതാബ്ദി സ്മാരക സ്‌പെഷല്‍ പോസ്റ്റല്‍ കവര്‍, സ്റ്റാമ്പ് എന്നിവ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എന്‍ എന്‍ നന്ദ മുഖ്യമന്ത്രിക്കു കൈമാറും. മുഖ്യമന്ത്രി രാഷ്ട്രപതിക്കു നല്‍കി പ്രകാശനം നിര്‍വഹിക്കും. ദിശതാബ്ദിയോടനുബന്ധിച്ചു ഒട്ടേറെ വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു കോളജ് പ്രിന്‍സിപ്പില്‍ റോയി സാം ദാനിയേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 52 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണു നടപ്പാക്കുക. ദ്വിശതാബ്ദി മന്ദിരം നിര്‍മിക്കും. കോളജിന്റെ പൈതൃക സ്മാരകങ്ങളായ കെട്ടിടങ്ങളുടെ സംരക്ഷണത്തിന് ഏഴു കോടിയുടെയും നവീനമായ ലൈബ്രറിയും മ്യൂസിയവും നിര്‍മിക്കുന്നതിനു 22 കോടി യുടെയും പദ്ധതികളാണു വിഭാവനം ചെയ്തിരിക്കുന്നത്. ദിശതാബ്ദിയോടനുബന്ധിച്ചു ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വിഭാവനം ചെയ്ത ലോഗോ അദ്ദേഹം തന്നെ ശില്‍പ്പമാക്കി നല്‍കും. കോളജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ കാവാലം നാരായണപ്പണിക്കര്‍ എഴുതി ജോബ് കുര്യന്‍ സംഗീതം പകര്‍ന്ന ദ്വിശതാബ്ദി ഗാനം അടുത്ത മാസം പുറത്തിറക്കും.
ലളിതാകലാ അക്കാദമിയുടെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ കോളജ് കെട്ടിടങ്ങള്‍ക്കു നവീനമുഖം പകരും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്ന ചെസ് മല്‍സരം മേയില്‍ സംഘടിപ്പിക്കും. ആഗോള കാര്‍ഷിക സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളും വിഭാവനം ചെയ്തിട്ടുണ്ട്. പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളജില്‍ സിനിമാ പഠനത്തിനു സൗകര്യമൊരുക്കുന്നതിനും ഓപണ്‍ എയര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനും ആലോചിക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പ്രാജക്ട് കോഡിനേറ്റര്‍ റവ. ഡോ. പി കെ കുരുവിള, മഹായിടവക രജിസ്റ്റാര്‍ ഡോ. സൈമണ്‍ ജോണ്‍, ജനറല്‍ കണ്‍വീനര്‍ ഡോ. വര്‍ഗീസ് സി ജോഷ്വ, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ടോമി മാത്യു, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സി എ ഏബ്രഹാം, മീഡിയ കണ്‍വീനര്‍ ഡോ. ബാബു ചെറിയാന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it