സിംഗപ്പൂരില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്റര്‍നെറ്റിനു വിലക്ക്

സിംഗപ്പൂര്‍സിറ്റി: അടുത്ത വര്‍ഷം മുതല്‍ സിംഗപ്പൂരില്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തും.
സര്‍ക്കാര്‍ വിവരങ്ങള്‍ സംബന്ധിച്ച് ഇ-മെയിലുകളും മറ്റ് രേഖകളും ചോരാനുള്ള സാധ്യത കണക്കിലെടുത്താണു വിലക്ക്. അടുത്തിടെ ഹാക്കര്‍മാരുടെ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യവും കൂടി പരിഗണിച്ചാണിത്. സ്‌ട്രെയ്റ്റ് ടൈംസ് പത്രമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഔദ്യോഗിക വിവരങ്ങള്‍ സ്വകാര്യ ഇ-മെയിലിലേക്ക് അയക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഭരണഘടനാ ബോര്‍ഡുകള്‍ക്കും മെമ്മോ അയച്ചതായി സ്‌ട്രെയ്റ്റ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
രാജ്യത്തെ വിവര സാങ്കേതികവിദ്യാ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ഇത് ജോലി സാഹചര്യം കൂടുതല്‍ സുരക്ഷയുള്ളതാക്കുമെന്നും സര്‍ക്കാര്‍ വക്താവ് ബിബിസിയോടു പറഞ്ഞു. പ്രത്യേക ഉദ്യോഗസ്ഥര്‍ക്കു മാത്രമായി ഇന്റര്‍നെറ്റ് നിജപ്പെടുത്തുന്നതിനായുള്ള പ്രവൃത്തി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ചില ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സുരക്ഷാലംഘനം നടത്തിയതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it