സാഹചര്യങ്ങള്‍ അത്യന്തം രൂക്ഷം കേരളത്തിലെ സംഘര്‍ഷം: ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ അത്യന്തം രൂക്ഷമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ സംസ്ഥാന വ്യാപകമായി സിപിഎം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു നേരേ ആക്രമണം അഴിച്ചുവിടുകയാണെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെടണമെന്നും ബിജെപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന ആരോപണമുയര്‍ത്തി അധികാരമേല്‍ക്കുംമുമ്പു തന്നെ പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കമാണ് ബിജെപിയുടെത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് അക്രമസംഭവങ്ങളെപ്പറ്റി റിപോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, ജെ പി നദ്ദ, രാജീവ് പ്രതാപ് റൂഡി, കുമ്മനം രാജശേഖരന്‍, മീനാക്ഷി ലേഖി, എം ജെ അക്ബര്‍ എന്നിവരുള്‍പ്പെട്ട ഏഴംഗ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. 16ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ ആരംഭിച്ച അക്രമസംഭവങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രൂക്ഷമായിട്ടുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. ഗള്‍ഫില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ തൃശൂര്‍ ജില്ലയിലെ ബിജെപി പ്രവര്‍ത്തകനായ പ്രമോദി(38)നെ ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയതും നിവേദനത്തില്‍ എടുത്തുപറയുന്നുണ്ട്.
Next Story

RELATED STORIES

Share it