സായുധ ആക്രമണം; മാലിയില്‍ അടിയന്തരാവസ്ഥ

ബമാകോ: സായുധസംഘം ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനത്തെ ഫ്രഞ്ച് ഉടമസ്ഥതയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നു രാജ്യത്ത് 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തതിനു പിന്നാലെ പ്രസിഡന്റ് ഇബ്രാഹീം ബൂബക്കര്‍ കയ്താണ് ദേശീയ ടെലിവിഷനിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സഹല്‍ മേഖലയിലെ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഛാഡിലായിരുന്ന പ്രസിഡന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി റദ്ദാക്കി തിരിച്ചെത്തുകയായിരുന്നു.
രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ സായുധസംഘത്തിലെ രണ്ടു പേര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടതായും എഴു പേര്‍ക്കു പരിക്കേറ്റതായും പ്രസിഡന്റ് അറിയിച്ചു. 27 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപോര്‍ട്ടുകള്‍.
തലസ്ഥാന നഗരിയായ ബമാകോയിലെ പ്രമുഖ ഹോട്ടലില്‍ അതിക്രമിച്ചുകയറിയ സായുധസംഘം 170 പേരെ ബന്ദികളാക്കിയിരുന്നു. ഒമ്പതു മണിക്കൂര്‍ നീണ്ട സുരക്ഷാ നടപടിയില്‍ 20 ഇന്ത്യക്കാരടക്കം 143 ബന്ദികളെയും രക്ഷപ്പെടുത്തി. സൈനിക നടപടിയില്‍ ഇന്ത്യന്‍ വംശജയായ യുഎസ് പൗരന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അനിത അശോക് ദാത്തര്‍ (41) ആണ് കൊല്ലപ്പെട്ടത്. ബമാകോയിലെ വിദേശികള്‍ താമസിക്കുന്ന ആഡംബര ഹോട്ടലായ റാഡിസണ്‍ ബ്ലൂവില്‍ പ്രാദേശിക സമയം രാവിലെ 7നായിരുന്നു സംഭവം. നയതന്ത്ര പ്രതിനിധികള്‍ എന്ന ബോര്‍ഡ് വച്ച കാറില്‍ ഹോട്ടല്‍വളപ്പിലെത്തിയ തോക്കുധാരികള്‍ ഹോട്ടലിലേക്ക് ഇരച്ചുകയറി 140 അതിഥികളെയും 30 ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇവര്‍ അതിഥികളുടെ മുറികളില്‍ കയറി വെടിയുതിര്‍ക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു.
മാലിയിലെ യുഎന്‍ സമാധാനസേനയും മാലി കമാന്‍ഡോകളും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഫ്രഞ്ച് സൈനികരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍ജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ മുറബ്ബിത്തൂന്‍ എന്ന സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പ്രസിഡന്റ് ബൂബക്കര്‍ ഫ്രാന്‍സിന്റെ കല്‍പ്പനകളനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ആക്രമണത്തിനു പ്രേരണയായതെന്നു കരുതുന്നു. റാഡിസണ്‍ ഹോട്ടലിലാണ് ഫ്രഞ്ച് സൈനിക മേധാവികള്‍ പതിവായി തങ്ങുന്നത്.
Next Story

RELATED STORIES

Share it