സായുധസംഘങ്ങളെ പാകിസ്താന്‍ പിന്തുണച്ചു: മുശര്‍റഫ്

ഇസ്‌ലാമാബാദ്: ലശ്കറെ ത്വയ്യിബ പോലുള്ള സായുധസംഘങ്ങളെ പാകിസ്താന്‍ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ്.
1990കളില്‍ കശ്മീരില്‍ ആക്രമണം നടത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. ലശ്കറെ നേതാവ് സകിഉര്‍ റഹ്മാന്‍ ലഖ്‌വിയും ജമാഅത്തുദ്ദഅ്‌വ അധ്യക്ഷന്‍ ഹാഫിസ് സഈദും അക്കാലത്ത് ഹീറോകളായിരുന്നുവെന്നും മുശര്‍റഫ് പറഞ്ഞു. പാകിസ്താനിലെ വാര്‍ത്താചാനലായ ദുന്‍യാ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന പ്രസ്താവനകള്‍ മുശര്‍റഫ് നടത്തിയത്. കശ്മീരില്‍ പ്രക്ഷോപം തുടങ്ങുന്ന കാലമായിരുന്നു അത്. ലശ്കറെ ത്വയ്യിബയും സമാനമായ 12 സംഘടനകളും അക്കാലത്താണു രൂപീകരിക്കപ്പെട്ടത്. ഇവര്‍ക്കെല്ലാം പാകിസ്താന്‍ പിന്തുണയും പരിശീലനവും നല്‍കി. സഈദും ലഖ്‌വിയുമടക്കമുള്ളവര്‍ അക്കാലത്ത് പാകിസ്താനില്‍ നായക പരിവേഷമുള്ളവരായിരുന്നു. മതത്തിനു വേണ്ടിയുള്ള പോരാട്ടം പിന്നീട് ഭീകരവാദത്തിലേക്കു മാറി. ഇപ്പോഴവര്‍ സ്വന്തം ജനങ്ങളെ തന്നെ കൊല്ലുകയാണ്. ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുശര്‍റഫ് പറഞ്ഞു. ലഖ്‌വിയെയും സഈദിനെയും അവസാനിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.
പാകിസ്താനാണ് മതപോരാട്ടം തുടങ്ങിയത്. സോവിയറ്റ് യൂനിയനെതിരേ പോരാടാന്‍ ലോകമെമ്പാടുമുള്ള പോരാളികളെ പാകിസ്താനിലേക്കും അഫ്ഗാനിലേക്കും കൊണ്ടുവന്നതിനു പിന്നിലും പാകിസ്താനാണ്. റഷ്യക്കെതിരേ പോരാടാന്‍ താലിബാന് പാകിസ്താന്‍ പരിശീലനം നല്‍കി. താലിബാന്‍, ഹഖാനി, ഉസാമാ ബിന്‍ ലാദിന്‍, അയ്മന്‍ അല്‍ സവാഹിരി തുടങ്ങിവരെല്ലാം അക്കാലത്ത് ഹീറോകളായിരുന്നു. പിന്നീട് ഇവര്‍ വില്ലന്‍മാരായി മാറിയെന്നും മുശര്‍റഫ് പറഞ്ഞു.
Next Story

RELATED STORIES

Share it