Fortnightly

സാമ്പാര്‍വെക്കാനറിയാത്ത ദലിതുകള്‍!

സാമ്പാര്‍വെക്കാനറിയാത്ത ദലിതുകള്‍!
X
റഫീഖ് റമദാന്‍

[caption id="attachment_48312" align="alignleft" width="318"]pazyidam പഴയിടം മോഹനന്‍ നമ്പൂതിരി[/caption]






സ്‌കൂള്‍ കലോത്സവങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോവുന്ന മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ന്നുപോരുന്ന ചില അനാചാരങ്ങളുണ്ട്. ദാസ്യമനോഭാവമെന്നും വിശേഷിപ്പിക്കാം. ആദ്യ ദിവസം ഊട്ടുപുര വിശേഷങ്ങളോടെയാണല്ലോ തുടങ്ങുക. അതില്‍ വെപ്പുകാരനായ തിരുമേനിയെ എത്ര വാഴ്ത്തിയാലും മതിയാവില്ല പലര്‍ക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് 2005 മുതല്‍ സ്‌കൂള്‍ കലോത്സവ ഊട്ടുപുരയിലെ ആശാന്‍. ആ കലയില്‍ അദ്ദേഹത്തിന്റെ കഴിവ് ചോദ്യംചെയ്യാനാവില്ലതാനും.





ഓരോ ദിവസവും വ്യത്യസ്തതയോടെ ആയിരങ്ങള്‍ക്ക് വിഭവങ്ങള്‍ വിളമ്പാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. സാമ്പാറും കാളനും ഓലനും അവിയലും പച്ചടി, കിച്ചടി, തോരന്‍, എരിശ്ശേരി തുടങ്ങി എല്ലാറ്റിലും ഒരു പഴയിടം ടച്ച് കൊണ്ടുവരാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഒരു നമ്പൂതിരിക്കേ ഇതിനു കഴിയൂ എന്നു പോലും വിലയിരുത്തുന്നവരുണ്ട്. ഇവിടെയാണ് പ്രശ്‌നം. എന്തുകൊണ്ട് സാമ്പാറും പായസവും തയ്യാറാക്കാന്‍ അവര്‍ണനായ ദലിതന് അവസരം ലഭിക്കുന്നില്ല? അവന്‍ വെച്ചാല്‍ കഴിക്കാത്തവരുണ്ടാവുമോ? ഉണ്ടാവാം. അല്ലെങ്കില്‍ സോഷ്യലിസം ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാമില്‍ പിറന്ന അബ്ദുര്‍റബ്ബ് മന്ത്രിയാവുമ്പോഴെങ്കിലും ദലിതനെ പരിഗണിക്കേണ്ടേ? അവര്‍ക്ക് വൃത്തി കാണില്ലെന്നാണ് ചിലരുടെ കണ്ടുപിടിത്തം!  അക്ഷരത്തിന്റെ ദേവിയാണ് സരസ്വതി. ദേവന്മാരിലും ദലിതുകളില്ലല്ലോ. ഇങ്ങനെ സമാധാനിക്കുന്നവരുമുണ്ട്. വിപ്ലവങ്ങള്‍ക്ക് തീ പകരേണ്ടത് അടുക്കളയില്‍ നിന്നാണെങ്കില്‍ അടുത്തവര്‍ഷമെങ്കിലും ഊട്ടുപുരയില്‍ ഒരു ദലിത് തിരുമേനിയെ പ്രതിഷ്ഠിക്കണം.
മുമ്പൊരിക്കല്‍ മലപ്പുറം കോട്ടക്കുന്നില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എത്തി. കെഎസ് പ്രേമചന്ദ്രകുറുപ്പാണ് അന്നത്തെ ജില്ലാ കലക്ടര്‍. കലക്ടറാണ് പ്രോട്ടോകോള്‍ പ്രകാരം പരിപാടിയിലെ ആഢ്യന്‍. എന്നാല്‍ വിനീതനായ അദ്ദേഹം കൈതപ്രത്തെ അഭിസംബോധന ചെയ്തത് തിരുമേനി എന്നായിരുന്നു. ഒരുപക്ഷേ സവര്‍ണമനോഭാവമുള്ളയാളല്ലായിരിക്കാം സംഗീതജ്ഞനായ കൈതപ്രം നമ്പൂതിരി. (പാക് ഗായകന്‍ ഗുലാം അലിയെ കോഴിക്കോട്ടേക്കു സ്വാഗതം ചെയ്ത് ഗാനമാലപിച്ച വ്യക്തിയാണല്ലോ അദ്ദേഹം.) എന്നാല്‍ കലക്ടര്‍ കാണിച്ച ആദരവ് ജാത്യാ ഉന്നതനായ ഒരാളോടുള്ള ബഹുമാനം പോലെ തോന്നി. ഒരുപക്ഷേ കൈതപ്രമെന്ന മഹാനായ സംഗീത-ഗാന രചയിതാവിനോടുള്ള ആദരവാകാം. എന്തുമാകട്ടെ, കീഴ്ജാതിക്കാരന് മേല്‍ജാതിക്കാരനോടുള്ള വിധേയത്വം ഇന്ന് നമ്മുടെ രാജ്യത്ത് അപ്പാടെ കാണാം. സര്‍ക്കാര്‍ തലത്തിലും ഇത് പ്രകടമാണ്. ഉത്തരേന്ത്യയിലെ പോലെ വര്‍ണവിവേചനം നമ്മുടെ നാട്ടിലില്ലെങ്കിലും ചില ബഹുമാനങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായുണ്ട്. അതില്‍ പെട്ടതാണ് പായസം വയ്ക്കാനുള്ള അര്‍ഹത.
കലോത്സവങ്ങളുടെ പച്ചക്കറിവല്‍ക്കരണവും ഇതില്‍ പെടുന്നു. കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും നോണ്‍ വെജ് ആണെന്നിരിക്കെ എന്തുകൊണ്ടാണ് സ്‌കൂള്‍ കലോത്സവങ്ങളില്‍ മത്സ്യമാംസാദികള്‍ക്ക് വിലക്കു കല്‍പിക്കുന്നത്?
പോത്തിറച്ചി തിന്നാല്‍ കുച്ചുപ്പുഡിയില്‍ അടിതെറ്റുമോ? ചിക്കന്‍ തിന്നാല്‍ പക്കമേളത്തില്‍ പക്കാ പ്രകടനം കാഴ്ചവയ്ക്കാനാവില്ലെന്നുണ്ടോ? മത്സ്യം കുട്ടികള്‍ക്ക് ദഹനക്കേടുണ്ടാക്കുമോ?

ഇവിടെ ഒരുതരം സവര്‍ണവല്‍ക്കരണമാണ് ഊട്ടുപുരയില്‍ അരങ്ങേറുന്നത്. സാമ്പാറിനൊപ്പം നോണ്‍ വെജും ലഭ്യമാക്കിയാല്‍ വര്‍ഗീയതയാവുമോ എന്ന് മുസ്‌ലിം ലീഗ് മന്ത്രിമാര്‍ ഭയക്കുന്നുണ്ടാവാം. എന്നാല്‍ നാടൊട്ടുക്കു ബീഫ് ഫെസ്റ്റ് നടത്തുന്ന ഇടതുപക്ഷക്കാരും തഞ്ചം കിട്ടിയാല്‍ വെപ്പുകാരിയെ പോലും സ്വന്തമാക്കുന്ന ഖദര്‍ധാരികളും ആരെയാണ് പേടിക്കുന്നത്?
ദക്ഷിണേന്ത്യയില്‍ പ്യൂര്‍ വെജിറ്റേറിയന്‍ എന്ന് ബോര്‍ഡെഴുതിയ ഹോട്ടലുകളെല്ലാം അയ്യന്മാരോ നമ്പൂതിരിമാരോ നടത്തുന്നതായിരിക്കും. അവിടെ ചെന്ന് കഴിക്കാനാണ് നാം മിക്കവരും ഇഷ്ടപ്പെടുന്നതും. ആ നമ്പൂതിരി കുക്ക് ഷര്‍ട്ടിടാതെ പാകം ചെയ്താലും നമുക്കു പരാതിയില്ല. എന്നാല്‍ താഴ്ന്ന ജാതിക്കാരനായാലോ, താത്ത്വികമായി അവരെ ന്യായീകരിക്കുന്നവര്‍ പോലും വൃത്തിയുണ്ടാവില്ലെന്നു വിധിയെഴുതും. ദലിതനുണ്ടാക്കിയാല്‍ വൃത്തികാണില്ലെന്ന ചിന്ത അവന്റെ ജാതിക്കാര്‍ക്കുമുണ്ടെന്നതാണ് കൗതുകകരം. ഈ അധമചിന്ത പേറുന്നവരാണ് ദലിതുകളില്‍ ഏറെയും.

തീന്‍മേശയിലെ ബ്രാഹ്മണ്യം!


dalith

ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടവര്‍ അതു ചെയ്യാതെ പാകംചെയ്യുന്നവരുടെ വര്‍ണവും ജാതിയും വിഷയമാക്കുന്നത് രാജ്യത്തെ ചാതുര്‍വര്‍ണ്യ കാലത്തേക്കു കൊണ്ടുപോകും. ഈ പുതുവര്‍ഷത്തെ വരവേറ്റ് രാജസ്ഥാനില്‍ നിന്ന് വന്ന ഒരു വാര്‍ത്ത ഇങ്ങനെയുള്ളതായിരുന്നു. ഉച്ചഭക്ഷണത്തിനായി ഇരുന്നപ്പോള്‍ ഉന്നത ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ച പാത്രം എടുത്തതിനാണ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ഏഴുവയസ്സുകാരനായ ദലിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. അവിടുത്തെ സ്‌കൂളില്‍ ഭക്ഷണം വിളമ്പുന്നത് രണ്ട് പാത്രങ്ങളിലായാണ്. മേല്‍ജാതിക്കാര്‍ക്ക് പച്ച നിറത്തിലുള്ള പാത്രത്തിലും ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ചുവന്ന പാത്രത്തിലും! അബദ്ധത്തില്‍ ദലിത് ബാലന്‍ പച്ച നിറമുള്ള പാത്രം എടുക്കുകയായിരുന്നു. കുട്ടി ഭക്ഷണം ഛര്‍ദിച്ചു കളയുന്നതുവരെ മര്‍ദ്ദനം തുടര്‍ന്നു ആ ഗുരുനാഥന്‍.
ജാതിവ്യവസ്ഥയുടെ വേരുകള്‍ ശക്തമായ കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പാചകത്തിന് ദലിത് സ്ത്രീയെ നിയോഗിച്ചതില്‍ പ്രതിഷേധിച്ച് കുട്ടികള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ചതും അടുത്തിടെയാണ്. കോലാര്‍ ജില്ലയിലെ കഗനഹള്ളി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം. അവിടെ 2014 ലാണ് രാധമ്മ എന്ന ദലിത് സ്ത്രീ സ്‌കൂളിലെ പാചകക്കാരുടെ മേധാവിയായി നിയമിക്കപ്പെട്ടത്. അതോടെ 118 കുട്ടികളുള്ള സ്‌കൂളിലെ 100 കുട്ടികളും സ്‌കൂള്‍ വിട്ടു. ശേഷിക്കുന്ന 18 കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂളിലയക്കുന്നത് രാധമ്മ ഭക്ഷണം പാകംചെയ്യാന്‍ പാടില്ലെന്ന നിബന്ധനയിലാണ്. സത്യത്തില്‍ രാധമ്മ മേല്‍നോട്ടം വഹിക്കുകയേ ചെയ്തിരുന്നുള്ളൂ. പാകംചെയ്തത് അവരായിരുന്നില്ല. ഏഴുപേരടങ്ങുന്ന കുടുംബത്തിന്റെ വിശപ്പകറ്റാന്‍ മാസം 1700 രൂപയ്ക്കാണ് അവര്‍ അവിടെ ജോലിക്കു ചേര്‍ന്നത്.
കര്‍ണാടകയില്‍ ജാതീയ ഉച്ചനീചത്വങ്ങള്‍ ഉച്ചസ്ഥായിയിലാണ്. ദലിതര്‍ക്ക് പ്രവേശനം അനുവദിക്കാത്ത സ്ഥലത്ത് സംക്രാന്തി ആഘോഷിച്ചതിന് നാല് ദലിത് കുടുംബങ്ങള്‍ക്കു സവര്‍ണര്‍ ഭ്രഷ്ട് കല്‍പിച്ചിട്ടുമുണ്ട്. വെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അവര്‍ക്കു നിഷേധിച്ചിരിക്കുകയാണ്. ദലിതരുമായി സംസാരിക്കുന്നവര്‍ 501 രൂപ പിഴ നല്‍കണം.

ചാവേറുകളാവാന്‍  വിധിക്കപ്പെട്ടവര്‍
ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പുകാലത്ത് അരങ്ങേറുന്ന വര്‍ഗീയ കലാപങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ. അതില്‍ വര്‍ഗീയ തിമിരം ബാധിച്ച് ശത്രുവിനെ കൊന്നുതള്ളാന്‍ വാള്‍ വീശുന്നവനും ദലിതനാണ്. അവനെ നിയന്ത്രിക്കുന്നത് പക്ഷേ സവര്‍ണ കരങ്ങളായിരിക്കും. വര്‍ണസമ്പ്രദായത്തെ എതിര്‍ക്കുന്നവരെന്ന് വിശ്വസിപ്പിച്ചാണ് സംഘപരിവാരം ഈ പാവങ്ങളെ ചാവേറുകളാക്കുന്നത്. എന്നാല്‍ അധികാരം കൈയില്‍ കിട്ടിയാലോ സവര്‍ണന്‍ തനിനിറം കാട്ടിത്തുടങ്ങും.

[caption id="attachment_48313" align="alignnone" width="706"]dalith കഴിഞ്ഞ വര്‍ഷം ഇസ്‌ലാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഹരിയാനയിലെ 50 ദലിതുകള്‍[/caption]

ഇപ്പോള്‍ ജാതിവിവേചനത്തിന്റെ ഇരയായി ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലപാതകത്തിനിരയായ ഹൈദരാബാദ് യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി രോഹിത് ചക്രവര്‍ത്തി വെമുലയുടെ കാര്യമെടുക്കുക. കൊട്ടിഘോഷിക്കപ്പെട്ട എന്‍ട്രന്‍സുകളിലൂടെ രാജ്യത്തിന് മികച്ച യുവജനതയെ കിട്ടാന്‍ കെട്ടിപ്പൊക്കിയ സര്‍വകലാശാലയിലാണ് അധികാരിവര്‍ഗം ജാതീയ വേര്‍തിരിവുകള്‍ സൃഷ്ടിച്ചതു മൂലം രോഹിത് ചാമ്പലായത്. അദ്ദേഹത്തിന്റെ മരണത്തിനുത്തരവാദി ബിജെപിയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് സെക്കന്തരാബാദില്‍ നിന്നുള്ള എംപിയായ ബന്ദരു ദത്താത്രേയ ഹൈദരാബാദ് സര്‍വകലാശാല ദേശവിരുദ്ധ ശക്തികളുടെയും വര്‍ഗീയവാദികളുടെയും കേന്ദ്രമായിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതിയത്. ഹരിയാനയില്‍ ദലിതുകള്‍ കൂട്ടമായി ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ രോഹിത് 'വസന്ത'മെന്നു വിശേഷിപ്പിച്ചതും 'മുസാഫര്‍ നഗര്‍ ബാഖി ഹേ' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപി അക്രമം നടത്തിയതുമാണവിടെ സംഘര്‍ഷാന്തരീക്ഷമുണ്ടാക്കിയത്. എബിവിപിക്കാരുമായി സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അഞ്ചു വിദ്യാര്‍ഥികളും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസ്സോസിയേഷന്‍ അംഗങ്ങളാണ്. രോഹിത് വെമുല പഠിച്ച ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ കടുത്ത ജാതീയത വെച്ചുപുലര്‍ത്തുന്നയാളാണെന്ന് ആ യൂനിവേഴ്‌സിറ്റിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ രവീന്ദര്‍ കുമാര്‍ വെളിപ്പെടുത്തിയത് ഓര്‍ക്കുക.
മുംബൈ സര്‍വകലാശാലയ്ക്കു മുന്നില്‍ രോഹിതിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന വിദ്യാര്‍ഥികള്‍ ചെയ്തതെന്താണെന്നു നോക്കൂ. യൂനിവേഴ്‌സിറ്റി കവാടത്തില്‍ എബിവിപിയുടെ പതാകയോടൊപ്പം മനുസ്മൃതി കത്തിക്കുകയാണവര്‍ ചെയ്തത്. ആര്‍എസ്എസിനും ബിജെപി സര്‍ക്കാറിനുമെതിരായ മുദ്രാവാക്യങ്ങളാണവിടെ ഉയര്‍ന്നത്. 'അറിവുശാല'കളില്‍ എന്തുകൊണ്ട് ദലിതുകളെ അടിച്ചമര്‍ത്തുന്നു എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഹിന്ദുവായി ഒരിക്കലും മരിക്കില്ലെന്ന് പ്രഖ്യാപിച്ച അംബേദ്കറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എഎസ്എയെ അധികാരികള്‍ ഭയക്കുന്നു.

ദലിതന് ജീവിക്കാന്‍ എന്തര്‍ഹത?
രാജ്യം സ്വതന്ത്രമായി 69 വര്‍ഷമായിട്ടും ജാതിചിന്ത പഴയപോലെയുണ്ട് പല സംസ്ഥാനങ്ങളിലും. ഇന്ത്യയിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും ദലിതരാണെങ്കിലും അവര്‍ അസംഘടിതരാണ്. പല പാര്‍ട്ടികളിലായി ചിതറിക്കിടക്കുകയാണ് അവരുടെ ശക്തി. അവരെ ഉയര്‍ന്ന ജാതിക്കാര്‍ മനുഷ്യരായി പോലും ഗണിക്കുന്നില്ല. അങ്ങനെയുള്ളവര്‍ക്ക് എന്തു മനുഷ്യാവകാശം? ദൈവവും സമ്പത്തും എല്ലാം സവര്‍ണരുടേതാണ്. അതില്‍ പങ്കുപറ്റാന്‍ ചെന്നാല്‍ നഗ്നമാക്കി അപമാനിക്കുകയോ മാനഭംഗപ്പെടുത്തുകയോ തീക്കൊളുത്തി കൊല്ലുകയോ ഒക്കെ ചെയ്‌തെന്നിരിക്കും. അതിനു മിക്കപ്പോഴും നിയമപാലകരുടെ ഒത്താശയുമുണ്ടാവും. ഗ്രേറ്റര്‍ നോയിഡയിലെ ഗ്രാമത്തില്‍ പോലിസ് സ്റ്റേഷനു മുന്നില്‍വച്ച് ദലിത് സ്ത്രീകളെ നഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിച്ചത് പോലിസുകാരായിരുന്നു. വീട്ടില്‍ കളവു നടന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കാനായി കുടുംബത്തോടൊപ്പം പോലിസ് സ്റ്റേഷനില്‍ ചെന്നപ്പോഴാണ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആയ ഓഫിസര്‍ അവരെ തല്ലുകയും വസ്ത്രം വലിച്ചുകീറി നഗ്‌നരാക്കുകയും ചെയ്തത്. പുരുഷ പോലീസുകാര്‍ വിവസ്ത്രരായ സ്ത്രീകളെ മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാത്തതിനാല്‍ ദലിത് കുടുംബം സ്വയം വിവസ്ത്രരായതാണെന്നാണ് പോലിസ് പറഞ്ഞത്!.

huchugi
ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ചത് 2015 ലെ ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. സകുടുംബം പ്രദേശത്തെ ക്ഷേത്രത്തില്‍ പോയപ്പോള്‍ ഒരാള്‍ തടയുകയായിരുന്നു. അതു വകവെക്കുന്നില്ലെന്നു കണ്ടപ്പോഴാണ് 90 വയസ്സുള്ള ആ മനുഷ്യനെ ദര്‍ശനത്തിനായെത്തിയ മറ്റു ഭക്തരുടെ മുന്നില്‍ വച്ച് കോടാലി കൊണ്ട് ആക്രമിക്കുകയും തീ കൊളുത്തുകയും ചെയ്തത്്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് യുപിയിലെ ഹാമിര്‍പൂരില്‍ ദലിത് വൃദ്ധനെ സവര്‍ണവിഭാഗക്കാര്‍ അടിച്ചുകൊന്ന സംഭവം ഇതോടു ചേര്‍ത്തുവായിക്കുക. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ദലിതുകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. 2014 ല്‍ 8,072 കേസുകളാണ് ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
കര്‍ണാടകയിലെ ദേവങ്കിരി യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ദലിത് എഴുത്തുകാരനും എംഎ ജേണലിസം വിദ്യാര്‍ഥിയുമായ ഹുച്ചംഗി പ്രസാദിന് ജാതിവിവേചനത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ വിട്ടുപോരേണ്ടി വന്നത് ഈയിടെയാണ്. ഹിന്ദുത്വ വര്‍ഗീയവാദികളുടെ പീഡനത്തിനെതിരെ പ്രതികരിച്ചതിനാണ് ഇയാള്‍ കോളജില്‍ ജാതീയ വിവേചനത്തിനിരയായത്. കാമ്പസില്‍ തനിക്കറിയാവുന്ന ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തന്നോട് സംസാരിക്കാറില്ലെന്ന് ഹുച്ചംഗി പ്രസാദ് പറയുന്നു. അധ്യാപകരും ബഹിഷ്‌കരിക്കുന്നു. എങ്കിലും രോഹിതിനെ പോലെ ജീവന്‍ വെടിയാന്‍ താന്‍ തയ്യാറല്ലെന്നാണ് ഈ വിദ്യാര്‍ഥി പറയുന്നത്. ഇതുപോലുള്ള എതിര്‍ ശബ്ദങ്ങളെ സവര്‍ണ ജാതിപ്പിശാചുക്കള്‍ ഭയക്കുക സ്വാഭാവികം.          ി
Next Story

RELATED STORIES

Share it