സാമ്പത്തിക സംവരണം: പഠിച്ച ശേഷം തീരുമാനമെന്ന് ഹര്‍ദിക് പട്ടേല്‍

അഹ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം പഠന വിധേയമാക്കിയ ശേഷമേ സംവരണപ്രക്ഷോഭം അവസാനിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ജയിലില്‍ കഴിയുന്ന പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍.
ഉയര്‍ന്ന ജാതിക്കാരിലെ താഴ്ന്ന വരുമാനക്കാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വന്നു ഒരു ദിവസത്തിനു ശേഷമാണ് ഹര്‍ദികിന്റെ പ്രതികരണം. പട്ടേല്‍പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനു സമുദായ നേതാക്കള്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്നും സമുദായത്തിന്റെ രണ്ടു പ്രധാന ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം പഠിച്ച ശേഷം സമുദായത്തിന് ഗുണകരമെങ്കില്‍ സര്‍ക്കാറുമായി ഒത്തുതീര്‍പ്പിലെത്തും. മഹ്‌സാന നഗര്‍ ജില്ലയിലെ വിസ്‌നഗറിലെ കോടതിക്കു പുറത്ത് ഹര്‍ദിക് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കേസുകളില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് 22കാരനായ ഹര്‍ദിക്.
വാര്‍ഷിക വരുമാനം ആറ് ലക്ഷമോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചത്. പുതിയ പ്രഖ്യാപനപ്രകാരം ഈ അധ്യയന വര്‍ഷം മുതല്‍ സാമ്പത്തിക പിന്നാക്ക സംവരണം പ്രാബല്യത്തില്‍ വരും.
ഗുജറാത്ത് സര്‍ക്കാര്‍ നടപടി 'കോല്‍മിഠായി' ആണെന്നു ഹര്‍ദിക് പട്ടീല്‍ നേതൃത്വം നല്‍കുന്ന പട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പിഎഎഎസ്) കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it