thiruvananthapuram local

സാമൂഹിക വിരുദ്ധരുടെ ആക്രമണം; വീടും കാറും അടിച്ച് തകര്‍ത്തു

കഴക്കൂട്ടം: കണിയാപുരത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം. വീടിന്റെ ജനല്‍ പാളികളും മുറ്റത്തുണ്ടായിരുന്ന കാറും അക്രമികള്‍ അടിച്ച് തകര്‍ത്തു. ജനല്‍ പാളിയിലെ ഗ്ലാസ് തെറിച്ച് വീണ് ഗൃഹനാഥന് പരിക്ക്.
അണ്ടൂര്‍ക്കോണം പഞ്ചായത്ത് ഓവര്‍സിയറും കണിയാപുരം സസ്താന്‍മുക്ക് നജ്മിന്‍ മന്‍സിലില്‍ ഷിബുവിന്റെ വീടും കാറുമാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി രണ്ട മണിയോടെയായിരുന്നു ആക്രമണം. വീടിന്റെ മൂന്ന് വശങ്ങളിലുമുള്ള ജനല്‍ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കുന്ന സമയം ഷിബുവും കുടുംബവും ഉറക്കത്തിലായിരുന്നു.
തുടര്‍ന്ന് കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ക്കുന്ന ശബ്ദം കേട്ട് പരിസരത്തെ വീട്ടുകാര്‍ പുറത്തിറങ്ങുന്നതിനിടെ അക്രമി സംഘം സ്ഥലംവിട്ടു. വിവരമറിഞ്ഞ് എത്തിയ മംഗലപുരം പോലിസ് പ്രദേശം അരിച്ചുപെറുക്കിയെങ്കിലും ആരേയും പിടികൂടാനായില്ല. ജനലിലെ ഗ്ലാസും, കാറും അടിച്ച് തകര്‍ത്തത് കമ്പിപാരയോ വെട്ടുകത്തി കൊണ്ടോ ആകമെന്നാണ് പോലിസിന്റെ നിഗമനം. ഒരു മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന നാലാമത്തെ സംഭവമാണിത്. ഒരു മാസം മുമ്പ് മസ്താന്‍മുക്ക് മുസ്‌ലിം പള്ളിക്ക് സമീപം താമസക്കാരനായ ഷിയാസിന്റെ വീടിന് നേരെ അര്‍ദ്ധരാത്രിയില്‍ ആക്രമണം നടന്നിരുന്നു. വീടിന്റെ ജനല്‍ പാളി—കള്‍ തകര്‍ക്കുകയും വീടിന് കേടുപാടുകളും സംഭവിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നബിദിനത്തിന്റെ തലേന്ന് രാത്രി മസ്താന്‍ മുക്കിന് സമീപത്തെ തയ്ക്കാവിന് സമീപം നജീബിന്റെ വീടിനു നേരെ അക്രമികള്‍ കല്ലെറിഞ്ഞിരുന്നു. കല്ലേറില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. രണ്ടാഴ്ച മുമ്പാണ് സിപിഎം പ്രാദേശിക പ്രവര്‍ത്തകനായ നിസാറിന്റെയും അധ്യാപിക നസീമയുടെയും വീടിന് നേരെ രാത്രി ഒരു മണിയോടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ജനല്‍ ഗ്ലാസും കാര്‍പോര്‍ച്ചില്‍ കിടന്ന കാറിന്റെ ഗ്ലാസും തകര്‍ത്തിരുന്നു. ഇതില്‍ അവസാനത്തേതാണ് കഴിഞ്ഞ രാത്രി അരങ്ങേറിയ ആക്രമണം.
ഈ നാല് സംഭവങ്ങള്‍ക്ക് ശേഷവും വീട്ടുടമകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണമോ പട്രോളിങ്ങോ ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരന്തരമായി പ്രദേശത്ത് നടക്കുന്ന ആക്രമണം സ്ഥലവാസികളില്‍ ഭയം ഉളവാക്കിയിട്ടുണ്ട്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഇന്നലെ റൂറല്‍ എസ്പിക്ക് പരാതിയും നല്‍കി.
Next Story

RELATED STORIES

Share it