Middlepiece

സാമൂഹിക മാധ്യമങ്ങള്‍ അതിരുവിടുന്നുവോ?

സാമൂഹിക മാധ്യമങ്ങള്‍ അതിരുവിടുന്നുവോ?
X
slug-vettum-thiruthumസാമൂഹിക മാധ്യമങ്ങളില്‍ ഇന്നു സംഭവിക്കുന്നതൊെക്ക 'തിരുത്ത്' ആവശ്യപ്പെടുന്നില്ലേ? 'തിരുത്തും' മുമ്പ് ഇത്തിരി നാടോടി വിജ്ഞാനീയ സാഹിത്യചര്‍ച്ച. ''താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളെ, പഞ്ചവര്‍ണ പൈങ്കിളിയില് പങ്കു റങ്കുള്ളോളെ...''എന്ന വരികള്‍ അജ്ഞാത കര്‍തൃ വരികളാണ്. ഇതൊരു നാടോടി സാഹിത്യഗണത്തില്‍ പെടുന്നതുമാണ്. ഇതിലെ 'റങ്ക്' എന്ന ഒറ്റവാക്കില്‍ പിടിച്ച് സുകുമാര്‍ അഴീക്കോട് മിനിറ്റുകളോളം പ്രസംഗിച്ചത് ഓര്‍ക്കുന്നു. മറ്റൊന്നുമല്ല, വര്‍ണം, നിറം എന്നീ വാക്കുകള്‍ക്കൊന്നും റങ്ക് എന്ന പദം വിടര്‍ത്തുന്ന അര്‍ഥവ്യാപ്തിയോ കാവ്യസൗന്ദര്യമോ ഇല്ലെന്നായിരുന്നു അഴീക്കോട് മാഷിന്റെ വാദം. ശരി തന്നെ. നാടോടി ചൊല്ലുകള്‍ക്ക്, കടങ്കഥകള്‍ക്ക്- കാക്കാരിശ്ശിയിലെയും തെയ്യതോറ്റങ്ങളിലെയും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെയും ഉദാത്ത കാവ്യബിംബങ്ങള്‍. ഇതൊക്കെ താന്താങ്ങളുടെ മന:തൃപ്തിക്ക് ആരോ ഒക്കെ എഴുതിയതാണ്. ഒാര്‍ക്കുക. അവയത്രമേല്‍ ഹൃദയാകര്‍ഷകങ്ങളെന്നു മാത്രമല്ല, ചുണ്ടുകളിലൂടെ നൂറ്റാണ്ടുകള്‍ ജീവിക്കുകയും ചെയ്യുന്നു. തീവണ്ടിയിലെ ടോയ്‌ലറ്റ് സാഹിത്യം 'ആസ്വദിക്കാത്തവര്‍' ചുരുങ്ങും. അതും അജ്ഞാത കര്‍തൃ രചനകള്‍ തന്നെ. ഇപ്പോള്‍ സെല്‍ഫോണ്‍ നമ്പറുകള്‍ ചേര്‍ത്തുതുടങ്ങിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇന്ന് നിമിഷംതോറും പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങള്‍ക്ക്, ചില വരികള്‍ക്ക് മേല്‍ച്ചൊന്ന നാടോടിസാഹിത്യത്തിന്റെ എല്ലാ പകിട്ടും കതിര്‍ക്കനവും മേനിയുമുണ്ട്. ചില ബ്ലോഗെഴുത്തുകള്‍ അതിശയിപ്പിക്കും. പത്രാധിപന്മാരുടെ ഔദാര്യവും അവരാവശ്യപ്പെടുന്ന 'സമ്മാന'ങ്ങളും നിരസിച്ച് സമീപകാലത്ത് എന്തെന്തു മഹത്തായ രചനകള്‍. മണിലാല്‍, സിദ്ദീഖ് തൊഴിയൂര്‍, എച്ച്മുക്കുട്ടി എന്നിവര്‍ ബ്ലോഗുകളിലാണ് തങ്ങളുടെ മികച്ച രചനകള്‍ അവതരിപ്പിച്ചിട്ടുള്ളത്.
പക്ഷേ, ജീവിതത്തിന്റെ സകല തുറകളിലുമെന്നപോലെ 'വ്യാജന്മാര്‍' സാമൂഹിക മാധ്യമങ്ങളിലും കണ്ണില്‍ച്ചോരയില്ലാത്ത ചില പടപ്പുകളുമായി പ്രത്യക്ഷപ്പെടുന്നു. നടന്‍ മാമുക്കോയയുടെ വേര്‍പാട് അതിലൊന്നായിരുന്നു. ഇപ്പോഴിതാ അഭിനയകലയുടെ മഹാ മലയാള പാഠശാല എന്നു പറയാവുന്ന ജഗതി ശ്രീകുമാറിനെയും 'കൊന്നു' കൊലവിളിച്ചിരിക്കുന്നു. ഇതു മാത്രമല്ല, നമുക്കു ഞെട്ടലുണ്ടാക്കുമാറ് പല ഒടങ്കൊല്ലി രചനകളും പടങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. ആര്‍ക്ക് ഇതിന് തടയിടാനൊക്കും? ആര്‍ക്കുമാവില്ല. ബാല്യത്തില്‍ സ്‌കൂള്‍ഭിത്തികളില്‍ എഴുതിവയ്ക്കുന്ന 'അശ്ലീലം' തടയാന്‍ ഒരു പിടിഎ കമ്മിറ്റിയും ധൈര്യപ്പെട്ടിട്ടില്ല. ഒരിക്കല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍നിന്നൊരു വിനീതാഭ്യര്‍ഥന ഭരണിനാളുകളിലുണ്ടായി:
''ദയവുചെയ്ത് ഭക്തജനം തെറി പാടരുത്.''
ഉടനെ വന്നു ഭക്തജന കമന്റ്:
''തെറി പാടാതിരിക്കാനെന്താ ദേവീടെ കമ്പി വന്നോ?''
പാട്ടിനിടയ്ക്ക് എഴുതാന്‍പറ്റാത്ത ഒരു പ്രയോഗവുമുണ്ട്! ഒരു നല്ല പോലിസുദ്യോഗസ്ഥന്റെ ആത്മഹത്യ കോഴിക്കോട്ടുണ്ടായതും ഇവിടെ ഓര്‍മിക്കുക. ഈ നിലയിലാണ് സാമൂഹികമാധ്യമങ്ങളുടെ അതിരുവിട്ട പോക്കെങ്കില്‍ പണ്ട് മതിലില്‍ ഉടമസ്ഥന്‍ കുപ്പിച്ചില്ലുകള്‍ പിടിപ്പിച്ചതുപോലെയും തീവണ്ടിയിലെ എസി കോച്ചുകള്‍ കാമറക്കണ്ണുകളില്‍ സുരക്ഷിതമാക്കിയതുപോലെയും സാമൂഹിക മാധ്യമങ്ങളിലും ഐടി സെന്‍സറുടെ കര്‍ശന നയനങ്ങള്‍ ഇടപെടേണ്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കലാവും കേരളീയ സംസ്‌കാരത്തിനു ഭംഗി. വഷളാക്കി അരുക്കാക്കിയിട്ട് 'ആവിഷ്‌കാരസ്വാതന്ത്ര്യം' എന്ന മുറവിളിക്ക് അര്‍ഥമേതുമില്ലല്ലോ.

************

മാന്‍ഹോളില്‍ കുടുങ്ങിയ തെലുങ്ക് തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ കോഴിക്കോട് കരുവിശ്ശേരിയിലെ നൗഷാദിന്റെ നന്മയെ മലയാള ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് വാനോളം വാഴ്ത്തുന്നു ഒരു ദിനപത്രത്തില്‍. ദേവാസുരം തൊട്ട് വിജയകിരീടം ചൂടിയ കൊമേഴ്‌സ്യല്‍ സിനിമകളിലൊക്കെയും മുസ്‌ലിം സമൂഹത്തെ വഷളന്മാരും അക്രമികളുമായി ചിത്രീകരിക്കുന്ന രഞ്ജിത് എന്ന സംവിധായകന്റെ ഈ നൗഷാദ് സ്‌നേഹം വിശ്വസിക്കാവുന്നതു തന്നെ. കാരണം, നൗഷാദിന്റെ മഹാത്യാഗത്തിന് മറ്റൊന്നും പകരമാവില്ല. നൗഷാദിന്റെ നന്മയെ ഒരു പ്രത്യേക കോളത്തിലിടാനും ഇതില്‍ ശ്രമമില്ലെന്നു തിരുത്തട്ടെ. അതു മനുഷ്യന്റെ സഹജനന്മ. അതുമാത്രം. $
Next Story

RELATED STORIES

Share it