സാമൂഹിക മാധ്യമങ്ങളില്‍ പോലിസുകാര്‍ ഇടപെടുന്നതിനു നിയന്ത്രണം

തിരുവനന്തപുരം: പോലിസ് സേനാംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പോലിസ് സേനാംഗങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ല.
വ്യക്തിപരമായ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിക്കരുത്. യൂനിറ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ യൂനിറ്റിന്റെ പേരില്‍ ഔദ്യോഗിക ഗ്രൂപ്പുകളോ പ്രൊഫൈലുകളോ പേജുകളോ പ്രസിദ്ധീകരിക്കാന്‍ പാടില്ല. സാമൂഹിക മാധ്യമങ്ങളുടെ വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കായി ഔദ്യോഗിക കംപ്യൂട്ടറുകളോ നെറ്റ്‌വര്‍ക്കുകളോ ഉപയോഗിക്കരുത്.
കേസന്വേഷണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, അതില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍, അന്വേഷണ സംബന്ധമായ ഔദ്യോഗിക യാത്രകളുടെ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ ഒരു കാരണവശാലും സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തരുത്. കോടതി പരിഗണനയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളോ ചര്‍ച്ചകളോ കമന്റുകളോ സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. സ്ത്രീകളെയോ ഉദ്യോഗസ്ഥരെയോ മറ്റു വ്യക്തികളെയോ ഏതെങ്കിലും മത-സാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും രാഷ്ട്രീയ ചായ്‌വുളള പോസ്റ്റുകളും പ്രസിദ്ധീകരിക്കാനോ അത്തരത്തില്‍ പ്രസിദ്ധീകരിച്ച മറ്റാരുടെയെങ്കിലും പോസ്റ്റുകള്‍ അയച്ചുകൊടുക്കാനോ ഷെയര്‍ ചെയ്യാനോ കമന്റ് ചെയ്യാനോ പാടില്ല.
വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചു നിയമവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതിനായി പരാതി ലഭിച്ചാല്‍ കര്‍ശന വകുപ്പുതല അച്ചടക്കനടപടികളും നിയമനടപടികളും സ്വീകരിക്കും.
സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, ഔദ്യോഗിക വേഷം തുടങ്ങിയവ ഉപയോഗിച്ച് ചെയ്യുന്ന നിയമവിരുദ്ധമായ യാതൊരു കാര്യങ്ങള്‍ക്കും ഔദ്യോഗിക പരിരക്ഷ ലഭിക്കില്ല. ഈ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അതിന്മേല്‍ ആവശ്യമായ നിയമനടപടികള്‍ക്കു പുറമേ വകുപ്പുതല അന്വേഷണവും പരമാവധി സര്‍വീസില്‍നിന്ന് പിരിച്ചുവിടല്‍ വരെയുളള നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി വ്യക്തമാക്കി.
Next Story

RELATED STORIES

Share it