സാമൂഹിക മാധ്യമങ്ങളില്‍ ദലിത് സാന്നിധ്യം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രണ്ടു മാസം മുമ്പ് കൊല്‍ക്കത്തയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു പാലം തകര്‍ന്നുവീഴുകയും അനേകംപേര്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായ അഭിപ്രായ പ്രകടനങ്ങളിലൊന്ന് അപകടം സംവരണത്തിന്റെ സൃഷ്ടിയാണെന്നാണ്. അവര്‍ണ ജാതികളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ക്ക് കഴിവില്ലെന്ന തരത്തിലായിരുന്നു മോട്ടിലാല്‍ ഒസ്‌വാളിന്റെ ആക്ഷേപം. പക്ഷേ, അവസാനം മോട്ടിലാല്‍ ഒസ്‌വാളിന് മാപ്പു പറയേണ്ടിവന്നു. കാരണം ട്വിറ്ററിലെ ദലിത്-ബഹുജന്‍ സന്നിധ്യം. നൂറുകണക്കിനു ട്വീറ്റുകളാണ് ഒസ്‌വാളിന്റെ ദുഷ്പ്രചാരണത്തിനെതിരേ പ്രചരിച്ചത്.യുഎസിലെ ബ്ലാക്ക്ട്വിറ്റര്‍ പ്രസ്ഥാനം പോലെ ഇന്ത്യയില്‍ ദലിതുകള്‍ മുമ്പില്ലാത്തവിധം സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുകയാണെന്നതിന്റെ സൂചനകള്‍ ധാരാളമുണ്ട്്. ബോയ്‌കോട്ട് ഒസ്‌വാള്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണവര്‍ ഒസ്‌വാളിനെ നേരിട്ടത്. കൊല്‍ക്കത്തയില്‍ പാലം പണിയുന്ന കമ്പനിയില്‍ സംവരണമില്ലായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്‍ജിനീയര്‍മാരില്‍ അവര്‍ണര്‍ നന്നെ കുറവായിരുന്നു. മറ്റു മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി ട്വിറ്ററും ഫേസ്ബുക്കും ദലിതുകള്‍ പ്രവേശിക്കുന്നതു തടയുന്നില്ല. അതാണ് അവരുടെ സാന്നിധ്യം കൂടാന്‍ ഒരു കാരണമെന്നു പത്രപ്രവര്‍ത്തകനായ ചന്ദ്രബെന്‍ പ്രസാദ് പറയുന്നു. ആരും തങ്ങളുടെ വാക്കുകള്‍ വെട്ടിക്കളയുന്നില്ല. ആറ് ഇന്ത്യന്‍ ഭാഷകളിലും ട്വിറ്റര്‍ തുടങ്ങിയതോടെ ദലിതുകള്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. ഇന്ത്യയിലിപ്പോള്‍ 2.2 കോടി ആളുകള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു. രാജസ്ഥാനില്‍ ഒരു ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തെത്തുടര്‍ന്നു കൊല്ലപ്പെട്ട സംഭവവും ഹൈദരാബാദില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തതും ദേശീയശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു കാരണം ട്വിറ്ററാണെന്ന് ദലിത് ലൈവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗ് ഉപയോഗിക്കുന്ന ചെന്നൈയിലെ ഡി രവികുമാര്‍ പറയുന്നു. ഇതിനോടൊപ്പം ദലിത് ന്യൂസ് പോര്‍ട്ടലുകളുടെ എണ്ണവും കൂടിവരുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മൂടിവയ്ക്കുന്ന സംഭവങ്ങള്‍ക്കാണ് അവ പ്രാധാന്യം നല്‍കുന്നത്.
Next Story

RELATED STORIES

Share it