സാമൂഹികമാധ്യമങ്ങളില്‍ രാഷ്ട്രീയനേതാക്കള്‍ തമ്മില്‍ വാക്‌പോര്; വിഴുപ്പലക്കല്‍ രൂക്ഷം

പി പി ഷിയാസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കേ പോര്‍വിളിയുമായി രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍. പരസ്പര വിഴുപ്പലക്കല്‍ ഓണ്‍ലൈന്‍ യുദ്ധമായി മാറിയിട്ടുണ്ട്. സിപിഎം പക്ഷത്തുനിന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനുമാണ് ഏറ്റുമുട്ടലിന്റെ മുന്‍നിരയില്‍.
മദ്യനയം, സിപിഎമ്മിലെ വിഭാഗീയത തുടങ്ങിയവയാണു പ്രധാന വിഷയം. ഇക്കഴിഞ്ഞ 17ന് വിഎസ് കൂടി ഫേസ്ബുക്ക് പേജ് തുടങ്ങിയതോടെയാണു സാമൂഹികമാധ്യമങ്ങളില്‍ വീറും വാശിയും വര്‍ധിച്ചത്. മുമ്പ് വി ടി ബല്‍റാം, വി ഡി സതീശന്‍ തുടങ്ങിയവര്‍ സജീവമായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതോടെ ഓണ്‍ലൈന്‍ പോരില്‍ ഇവരുടെ സാന്നിധ്യം കുറവാണ്.
എല്‍ഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് കഴിഞ്ഞദിവസം സുധീരനും മറുപടിയുമായി അച്യുതാനന്ദനും എത്തിയതോടെയാണ് അങ്കം പുതിയ തലത്തിലെത്തിയത്. മദ്യനയം സംബന്ധിച്ച് എല്‍ഡിഎഫ് ഇരുട്ടില്‍ തപ്പുകയാണെന്നാരോപിച്ച് സുധീരന്‍ പോസ്റ്റിട്ടപ്പോള്‍ യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്നായിരുന്നു വിഎസിന്റെ മറുപടി. ഇതോടൊപ്പം എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുക അച്യുതാനന്ദനെ ആയിരിക്കുമെന്ന സുധീരന്റെ പരിഹാസത്തിനും വിഎസ് മറുപടി നല്‍കി.
സുധീരന് തന്നോടുള്ള സ്‌നേഹം വര്‍ധിച്ചുവരികയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. യുഡിഎഫ് നേതാക്കളിലും ഈ പ്രവണത കാണുന്നുണ്ടെന്നും എന്നാല്‍ 'സ്‌നേഹരോഗം' കലശലായിരിക്കുന്നത് സുധീരനിലാണെന്നും വി എസ് പരിഹസിച്ചു.
ഇതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വക ഫേസ്ബുക്കില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. യുഡിഎഫ് മന്ത്രിമാര്‍ക്കെതിരേ അഴിമതി ആരോപണങ്ങള്‍ ചൊരിയുന്ന വി എസ് എന്തുകൊണ്ട് ധര്‍മടത്ത് പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിച്ചപ്പോള്‍ ലാവ്‌ലിന്‍ അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാല്‍, ലാവ്‌ലിന്‍ കേസില്‍ തന്റെ നിലപാട് വിചാരണക്കോടതിയുടെ വിധിവന്ന അന്നുതന്നെ വ്യക്തമാക്കിയതാണെന്ന് വി എസ് പ്രതികരിച്ചു. കോടതിവിധി അംഗീകരിക്കുന്നു. ഭരണത്തിലിരുന്ന് അഴിമതി നടത്തിയ നിരവധി പേര്‍ക്കെതിരേ താന്‍ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. ഈ കേസുകളില്‍ ജയിലിലടയ്ക്കാന്‍ കഴിഞ്ഞത് ആര്‍ ബാലകൃഷ്ണപിള്ളയെ ആണ്. പിള്ളയുടെ പാര്‍ട്ടി എല്‍ഡിഎഫില്‍ അംഗമല്ല.
പാര്‍ട്ടിയുടെയും മുന്നണിയുടെയും മുതിര്‍ന്ന നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തിനെതിരേ പ്രസംഗിച്ച് ധര്‍മടത്ത് തോല്‍പ്പിക്കാന്‍ താങ്കള്‍ വേറെ ആളെ അന്വേഷിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആശയസമരങ്ങള്‍ സ്വാഭാവികമാണ്. അതു പാര്‍ട്ടി കാര്യം. ഒരു തിരഞ്ഞെടുപ്പിലേക്ക് അത് വലിച്ചുനീട്ടുന്ന സംഘടനാവിരുദ്ധ സ്വഭാവം തങ്ങള്‍ക്കില്ല. ഏത് അപമാനവും അവഹേളനവും സഹിച്ച് അധികാരത്തില്‍ തുടരുമെന്നു പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് താങ്കള്‍. ഉളുപ്പില്ലായ്മ താങ്കള്‍ക്ക് ഉണ്ടായതുകൊണ്ടാണ് സലീമും സരിതയും മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറിയിറങ്ങിയതെന്നും അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇതേസമയം, പിണറായിയുടെ വക പുതിയ പോസ്റ്റ് തയ്യാറായി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഊര്‍ജരംഗത്ത് അഴിമതി ഉല്‍പ്പാദിപ്പിച്ചതിന്റെ ദുരന്തം കേരളജനത അനുഭവിക്കുന്നതിനെപ്പറ്റിയായിരുന്നു പിണറായിയുടെ പ്രതികരണം. മുഖ്യമന്ത്രിപദം സംബന്ധിച്ച തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വിഎസിന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് സുധീരന്‍ രംഗത്തെത്തി. ജാള്യം മറയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പഴിചാരി തടിതപ്പുന്ന വിദ്യ വിഎസിന് പറ്റിയതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.
അരുംകൊലകളില്‍ സിബിഐ അന്വേഷണം നേരിടുന്നവര്‍ എങ്ങനെ സൈ്വരജീവിതം ഉറപ്പാക്കുമെന്ന ചോദ്യവുമായി ഉമ്മന്‍ചാണ്ടി വീണ്ടുമെത്തി. ഷുക്കൂര്‍, ടി പി ചന്ദ്രശേഖരന്‍, ഫസല്‍, മനോജ് വധക്കേസുകളില്‍ സിപിഎം നേതാക്കളുടെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപ്രിയരാണ് കേരളീയര്‍. പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തിയ അരുംകൊലകളില്‍ സിബിഐ അന്വേഷണം നേരിടുന്ന സിപിഎമ്മിന് എങ്ങനെ സൈ്വര്യജീവിതം ഉറപ്പാക്കാനാവുമെന്നാണു മുഖ്യമന്ത്രിയുടെ ചോദ്യം.
Next Story

RELATED STORIES

Share it