സാമുദായിക സംവരണം: സുപ്രിം കോടതി തടസ്സം നില്‍ക്കരുതെന്ന് പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ സാമുദായിക സംവരണത്തിനെതിരേ സുപ്രിം കോടതിയുടെ പരാമര്‍ശങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ഷരീഫ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. സ്വാതന്ത്ര്യത്തിന് 68 വര്‍ഷം പിന്നിട്ട ശേഷവും സംവരണം തുടരുന്നതിനെതിരേ പരാതിപ്പെടുകയും അത് നീക്കണമെന്ന് താല്‍പര്യപ്പെടുകയും ചെയ്ത ജസ്റ്റിസ് ദീപക് മിശ്ര, പി സി പാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് നമ്മുടെ രാജ്യത്ത് ജാതീയവും സാമുദായികവുമായ അസമത്വങ്ങള്‍ ഇന്നും തുല്യ നീതിക്ക് വന്‍ വെല്ലുവിളിയായി അവശേഷിക്കുന്നുവെന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. മെറിറ്റ് ആയിരിക്കണം പ്രവേശനത്തിനുള്ള പ്രാഥമിക പരിഗണനയെന്ന സുപ്രിംകോടതി നിരീക്ഷണം നിരവധി സത്യങ്ങളെ ഒരൊറ്റ കറുത്ത വസ്ത്രംകൊണ്ട് മറയ്ക്കാനുള്ള ശ്രമം മാത്രമായേ കാണാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെയും മറ്റു സാമൂഹിക, വിദ്യാഭ്യാസ പിന്നാക്ക വിഭാഗങ്ങളുടെയും മതിയായ പങ്കാളിത്തം വിദ്യാഭ്യാസത്തിലും തൊഴിലിലും ഉറപ്പുവരുത്തുന്നതിനാണ് ഭരണഘടനാ വ്യവസ്ഥയായ സംവരണം എന്നതാണ് അടിസ്ഥാന യാഥാര്‍ഥ്യം. അതിനാല്‍, 68 വര്‍ഷ—ത്തിനു ശേഷം ജനസംഖ്യയ്ക്ക് ആനുപാതികമായി ഈ വിഭാഗങ്ങള്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഉണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു സുപ്രിംകോടതിയുടെ പ്രാഥമിക ചുമതല. അത് ഇനിയും ലഭ്യമായിട്ടില്ലെങ്കില്‍ രാജ്യത്ത് നിലവിലുള്ള സംവരണവ്യവസ്ഥ അട്ടിമറിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉന്നത നീതിപീഠം ഉത്തരവ് നല്‍കണമായിരുന്നുവെന്നാണ് നീതിബോധം താല്‍പര്യപ്പെടുന്നത്. മറിച്ച്, ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം ഒഴിവാക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുകയാണ് സുപ്രിംകോടതി. ഇന്ത്യന്‍ ഭരണഘടനയുടെ വചനങ്ങള്‍ക്കും ആത്മാവിനും സമ്പൂര്‍ണമായും വിരുദ്ധമാണിതെന്നും കെ എം ഷരീഫ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it