സാമുദായികതയും കേരളരാഷ്ട്രീയവും

പി കെ നൗഫല്‍

അധികാരകേന്ദ്രങ്ങളോട് എല്ലാ കാലത്തും ഏറ്റവും അടുത്തുനില്‍ക്കാന്‍ ശ്രദ്ധിച്ച സമുദായമാണു ക്രിസ്ത്യന്‍സമൂഹം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഈ സ്ഥിതിക്കു മാറ്റമില്ല. കേരളത്തിലെ പൊതുബോധനിര്‍മിതി രൂപപ്പെടുന്നതില്‍ ക്രിസ്ത്യന്‍സമുദായം നേതൃത്വം നല്‍കുന്ന മാധ്യമസ്ഥാപനങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗിക പരിവേഷത്തോടെ കടത്തിവിടുന്ന ക്രിസ്ത്യന്‍ സാമുദായികതയെ പലപ്പോഴും തിരിച്ചറിയാതെപോവുന്നു.ഇടതുപക്ഷം ഭരിച്ചാലും ഐക്യമുന്നണി ഭരിച്ചാലും ഭരണനിയന്ത്രണം ക്രൈസ്തവ-നായര്‍ മതമേലധ്യക്ഷന്മാരുടെ കൈയിലാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. മതസാമുദായിക രാഷ്ട്രീയത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിനുപോലും ക്രൈസ്തവ സാമുദായികതയോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. ഉദാഹരണമാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കേരളചരിത്രത്തിലാദ്യമായി നിയമിക്കപ്പെട്ട മുസ്‌ലിം നാമധാരിയായ ചീഫ് സെക്രട്ടറിയെ മാറ്റി ക്രിസ്ത്യന്‍ സഭകളുടെ നോമിനിയായ വ്യക്തിയെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടൂള്ള ഉത്തരവ് വിഎസ് മന്ത്രിസഭ തുടക്കത്തില്‍ തന്നെ പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരേ വോട്ട് ചെയ്ത ക്രിസ്ത്യന്‍സമൂഹത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നിയമനം. എന്നിട്ടും ക്രൈസ്തവസമൂഹം ഇടതുപക്ഷത്തെ വകവച്ചില്ല എന്നതു ചരിത്രം.സ്വാഭാവികമായും മാറിമാറിവരുന്ന മന്ത്രിസഭകളില്‍ കൃത്യമായ പ്രാതിനിധ്യവും സ്വാധീനവും നിലനിര്‍ത്താന്‍ ക്രൈസ്തവസഭകള്‍ക്ക് സാധിക്കുന്നു. ക്രൈസ്തവസഭകളുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളെ നിരന്തരം പിളര്‍ത്തിയും വളര്‍ത്തിയും പുതുതായി നിര്‍മിച്ചും കോണ്‍ഗ്രസ്സില്‍ സ്വാധീനം ചെലുത്തിയുമാണ് ഈ പ്രാതിനിധ്യവും സ്വാധീനവും സഭകള്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാനകാലത്താണ് പി ജെ ജോസഫും പി സി ജോര്‍ജുമെല്ലാം ബദ്ധശത്രുവായ കെ എം മാണിയുമായി ഒരുമിക്കുന്നതും ഒരൊറ്റ പാര്‍ട്ടിയായി മാറുന്നതും. ക്രിസ്ത്യന്‍ സഭകളുടെ തന്ത്രമാണ് ഈ കൂടിച്ചേരലിനു പിന്നിലെന്നാണ് ഇതിനോട് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രതികരിച്ചത്. കൃത്യം അഞ്ചുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഭരണമാറ്റത്തിനുള്ള രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ മാണി കോണ്‍ഗ്രസ് വീണ്ടും പിളരുന്നു. പിളര്‍പ്പിന്റെ ലക്ഷ്യം വീണ്ടും ഇടതു പാളയമാണ്. ഇടതുപക്ഷം അതിനു പച്ചക്കൊടി കാണിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ദശാബ്ദമായി ഐഎന്‍എല്‍ ഇടതുപക്ഷ പാളയത്തിലേക്കുള്ള അപേക്ഷ കൊടുത്ത് കാത്തുനില്‍ക്കുകയാണ്. ഇതുവരെയും ഐഎന്‍എല്ലിനെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. അതിനു പറയുന്ന കാരണം, ഐഎന്‍എല്‍ ഒരു വര്‍ഗീയപാര്‍ട്ടി ആണെന്നാണ്. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവസഭകളുടെ കാര്‍മികത്വത്തില്‍ രൂപംകൊള്ളുകയും വളരുകയും പിളരുകയും ചെയ്യുന്ന കേരള ക്രൈസ്തവ കോണ്‍ഗ്രസ്സിന് ഇടതുപക്ഷം ചുവന്ന പരവതാനി വിരിക്കുന്നത്. 96ലെ നായനാര്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് കേരളാ കോണ്‍ഗ്രസ് നേതാവായ പി ജെ ജോസഫ് ആയിരുന്നു. കേരളം അന്നേവരെ കണ്ടിട്ടില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണം കാഴ്ചവച്ചതും പി ജെ ജോസഫ് വിദ്യാഭ്യാസമന്ത്രി ആയ ഈ കാലത്താണ്.സഭകള്‍ നടത്തുന്ന വിലപേശലിന്റെയും ഭീഷണിയുടെയും ഉദാഹരണമാണ് തിരുവമ്പാടി നിയമസഭാ സീറ്റിന് വേണ്ടിയുള്ള സമ്മര്‍ദ്ദങ്ങള്‍. മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടി കുടിയേറ്റ കര്‍ഷകരുടെ സാന്നിധ്യം കാണിച്ച് കോണ്‍ഗ്രസ്സിനും അതുവഴി ക്രൈസ്തവസമുദായത്തിനും ഉറപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് സഭകള്‍ നടത്തുന്നത്. കോണ്‍ഗ്രസ്സിന്റെയും ചില മാധ്യമങ്ങളുടെയും പ്രത്യക്ഷ പിന്തുണയും ഈ നീക്കത്തിനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മുസ്‌ലിംലീഗ് എഴുതിയതാണെന്നു പറയുന്ന കത്ത് ഇപ്പോള്‍ പുറത്തുവിട്ടതിനു പിന്നിലെ ലക്ഷ്യവും വ്യക്തം. പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ലിസ്റ്റില്‍ മാറ്റമൊന്നും വരുത്തുകയില്ല എന്ന നിലപാടിലാണ് മുസ്‌ലിംലീഗ് എങ്കിലും ഇനിയും പ്രതീക്ഷ കൈവിടാതെ തിരുവമ്പാടി സീറ്റിനു വേണ്ടിയുള്ള ചരടുവലിയില്‍ സജീവമാണ് സഭ. തിരുവമ്പാടിയില്‍ മാത്രമല്ല, തൃശൂര്‍ ജില്ലയിലെ പല സീറ്റുകളിലും കത്തോലിക്കാസഭ ഇതിനകം അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ചുരുങ്ങിയത് മൂന്നു നിയമസഭാ മണ്ഡലത്തിലെങ്കിലും സഭയുടെ നോമിനികളെ മല്‍സരിപ്പിക്കണമെന്നാണു സഭയുടെ ഭീഷണി. കോണ്‍ഗ്രസ് പതിവുപോലെ ഈ ഭീഷണിക്ക് വഴങ്ങാനാണു സാധ്യത. ഇരുമുന്നണികള്‍ക്കിടയിലും നിന്ന് സമ്മര്‍ദ്ദരാഷ്ട്രീയം ഫലപ്രദമായി വിജയിപ്പിച്ചെടുക്കുന്നതില്‍ ക്രൈസ്തവസഭകളോളം വിജയിച്ചവര്‍ ഇല്ല എന്നു പറയാം. മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മുന്നണിക്കുള്ളിലും പുറത്തും ബഹളംകൂട്ടേണ്ടി വരുമ്പോള്‍, വളരെ നിശ്ശബ്ദമായി, ഒരെതിര്‍പ്പുമില്ലാതെയാണ് ക്രൈസ്തവ നാമധാരികള്‍ അധികാരസ്ഥാനങ്ങളില്‍ എത്തിപ്പെടുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിംലീഗിന് അര്‍ഹതപ്പെട്ട അഞ്ചാംമന്ത്രിസ്ഥാനത്തിനു വേണ്ടി മുന്നണിക്കുള്ളിലും പുറത്തും കലാപം അഴിച്ചുവിടേണ്ടിവന്നു ലീഗിന്. അതേസമയം, ഇടത്-വലത് ഭരണം നടക്കുമ്പോള്‍ ജനസംഖ്യാനുപാതത്തിനുമപ്പുറം പ്രാതിനിധ്യം ലഭിക്കുന്ന രണ്ടു വിഭാഗങ്ങളില്‍ ഒന്ന് നായര്‍ സമുദായവും മറ്റൊന്ന് ക്രൈസ്തവ സമുദായവുമാണ്.കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗങ്ങളുടെ കണക്കില്‍ ഈ വ്യത്യാസം പ്രകടമാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ നിരന്തരം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഭൂരിഭാഗവും ക്രൈസ്തവസമുദായത്തില്‍ പെട്ടവരാണ്. നിലവില്‍ വലതുമുന്നണിക്ക് ആകെയുള്ള അഞ്ച് സ്ഥാനങ്ങളില്‍ മൂന്നിലും ക്രൈസ്തവസമുദായത്തില്‍നിന്നുള്ളവരാണ്. മുസ്‌ലിം സമുദായത്തില്‍നിന്ന് ആകെയുള്ള ഒരംഗം മുസ്‌ലിം ലീഗ് പ്രതിനിധിയായ വഹാബ് മാത്രം. കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിലും കാണാം ഈ അന്തരം.അധികാരകേന്ദ്രങ്ങളിലേക്കുള്ള ഈ റിക്രൂട്ടിങില്‍ മാത്രം ഒതുങ്ങുന്നതല്ല സഭകളുടെ സ്വാധീനം. ഐക്യമുന്നണി അധികാരത്തിലെത്തിയാല്‍ റവന്യൂവകുപ്പ് കൃത്യമായി മാണി കോണ്‍ഗ്രസ്സിലേക്കെത്താറാണു പതിവ്. ലക്ഷ്യം വ്യക്തം. വനഭൂമിയടക്കമുള്ള ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി കര്‍ഷകരുടെ പേരില്‍ സഭകള്‍ക്ക് താല്‍പര്യമുള്ളവരിലേക്കു പതിച്ചുനല്‍കല്‍. കേരളാ കോണ്‍ഗ്രസ്സുകളുടെ നിലനില്‍പ്പുതന്നെ ഈ പട്ടയരാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. ഈ മന്ത്രിസഭയില്‍ റവന്യൂവകുപ്പ് കോണ്‍ഗ്രസ്സും മാണി കോണ്‍ഗ്രസ്സും പരസ്പരം വച്ചുമാറിയപ്പോള്‍ മാണി കോണ്‍ഗ്രസ്സിനു ലഭിച്ചത് ധനകാര്യവകുപ്പ്. 2011ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ക്രൈസ്തവസഭകള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി ഏകപക്ഷീയമായി സഭകള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ്. ഭൂരഹിതരായ ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് നല്‍കാന്‍ ഭൂമിയില്ലെന്നു പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഏക്കര്‍ കണക്കിനു ഭൂമി ക്രൈസ്തവസഭകള്‍ക്ക് നിയമവിരുദ്ധമായി പതിച്ചുനല്‍കുന്നത്.പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഗാഡ്ഗില്‍ കമ്മീഷന്‍ റിപോര്‍ട്ടും അതിനെതിരേ ക്രൈസ്തവസഭകള്‍ രംഗത്തു വന്നപ്പോള്‍ പുതുതായി നിയോഗിച്ച കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപോര്‍ട്ടും ക്രൈസ്തവസഭകളുടെ എതിര്‍പ്പിനെ അതിജയിക്കാനാവാതെ അകാലചരമമടഞ്ഞ അവസ്ഥയിലാണ്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎമ്മിനെ തന്നെ ഈ വിഷയത്തില്‍ ചാക്കിലാക്കാന്‍ ക്രൈസ്തവസഭകള്‍ക്കു കഴിഞ്ഞ് എന്നതാണു രസകരമായ വസ്തുത. പശ്ചിമഘട്ട സംരക്ഷണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ചോരപ്പുഴയൊഴുകും എന്നായിരുന്നു അരമനമേലധ്യക്ഷന്മാരുടെ പ്രസ്താവന. ഇപ്പറഞ്ഞത് മുസ്‌ലിം നേതാക്കളാണെങ്കില്‍ കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും ഭരണകൂടവും എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നുകൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.കേന്ദ്രത്തിലെ പുതിയ അധികാര സമവാക്യങ്ങള്‍ക്കൊത്ത് കേരളത്തില്‍ നില മെച്ചപ്പെടുത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ പ്രധാനമായും ഉറ്റുനോക്കുന്നത് കേരളത്തിലെ ക്രൈസ്തവസഭകളുമായുള്ള ബന്ധമാണ്. ആ രീതിയിലുള്ള ചര്‍ച്ചകള്‍ ഇതിനകം നടന്നുകഴിഞ്ഞിട്ടുമുണ്ട്. ബിജെപി അഖിലേന്ത്യാ പ്രസിഡന്റുമായി മാണി കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി അടുത്തിടെയാണു ചര്‍ച്ച നടത്തിയത്. ബാര്‍ കോഴ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍നിന്നു രാജിവയ്‌ക്കേണ്ടിവന്ന അവസ്ഥയില്‍ മാണി കോണ്‍ഗ്രസ് ബിജെപി സഖ്യമടക്കമുള്ള ബദല്‍ കൂട്ടുകെട്ടുകളുടെ സാധ്യതകള്‍ ആരായുന്നുണ്ട്. അതായത് ഇടത്-വലതു മുന്നണികള്‍ക്കുമപ്പുറം ബിജെപിയുമായുള്ള അധികാര സമവാക്യങ്ങള്‍ക്ക് ക്രൈസ്തവസഭകള്‍ ലക്ഷ്യമിടുന്നുവെന്നു ചുരുക്കം.                         $
Next Story

RELATED STORIES

Share it