സാഫ് ഗെയിംസ്: ഷൂട്ടിങില്‍ വീണ്ടും ഇന്ത്യന്‍ മെഡല്‍വേട്ട

ഗുവാഹത്തി: 12ാമത് സാഫ് ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പിന് പ്രചോദനമേകി ഷൂട്ടിങില്‍ വീണ്ടും മെഡല്‍ കൊയ്ത്ത്. ഇന്നലെ നടന്ന ഷൂട്ടിങിലെ രണ്ട് ഫൈനലുകളില്‍ ഇന്ത്യ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി.
പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യക്കു വേണ്ടി ചയിന്‍ സിങാണ് സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞത്. ഈയിനത്തില്‍ ഗഗന്‍ നരംഗ് ഇന്ത്യക്കായി വെള്ളി കരസ്ഥമാക്കി. ശ്രീലങ്കയുടെ മന്‍ഗാല സമറകോണിനാണ് വെങ്കലം. ഷൂട്ടിങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് ഇന്ത്യന്‍ ടീം ഇന്നലെ രണ്ടാമത്തെ സ്വര്‍ണം സ്വന്തമാക്കിയത്. നരംഗ്, ചയിന്‍, സുരേന്ദ്ര സിങ് റാത്തോഡ് എന്നിവരാണ് ടീമിനത്തില്‍ ഇന്ത്യക്ക് സുവര്‍ണം സമ്മാനിച്ചത്. ഇതോടെ ചയിനിന്റെ ഗെയിംസിലെ സ്വര്‍ണനേട്ടം മൂന്നായി.
ഗെയിംസ് അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കേ ഇന്ത്യയുടെ സുവര്‍ണ നേട്ടം 157 ആയി. ഇന്ന് ഫുട്‌ബോളില്‍ ഇന്ത്യക്ക് രണ്ട് സുവര്‍ണ പ്രതീക്ഷകളുണ്ട്. ഫുട്‌ബോളിലെ പുരുഷ, വനിത വിഭാഗം കലാശപ്പോരാട്ടത്തില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍.
അതേസമയം, തയ്‌ക്കോണ്ടയിലും ട്രയത്ത്‌ലാണിലും ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. തയ്‌ക്കോണ്ടോയില്‍ അഫ്ഗാനിസ്താന്‍ രണ്ട് സ്വര്‍ണം നേടി.
Next Story

RELATED STORIES

Share it