സാഫ് ഗെയിംസ്: കിരീടമുറപ്പിച്ച് ഇന്ത്യ

ഗുവാഹത്തി: 12ാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ എതിരാളികളില്ലാതെ ആതിഥേയരുടെ തേരോട്ടം. ഏഴ് ദിവസത്തെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 146 സ്വര്‍ണവും 80 വെള്ളിയും 23 വെങ്കലവുമടക്കം 249 മെഡലുകളുമായി ഇന്ത്യ ബഹുദൂരം മുന്നിലാണ്. 25 സ്വര്‍ണവും 53 വെള്ളിയും 79 വെങ്കലവുമടക്കം 157 പോയിന്റുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്തും 8 സ്വര്‍ണവും 23 വെള്ളിയും 43 വെങ്കലവുമടക്കം 74 പോയിന്റുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമാണ്.
വനിതകളുടെ മാരത്തണില്‍ ഒളിംപിക്‌സ് യോഗ്യതയോടെ ഇന്ത്യയുടെ കവിത റാവത്ത് സ്വര്‍ണമണിഞ്ഞതാണ് ഇന്നലത്തെ ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ക്ക് തിളക്കം കൂട്ടിയത്. 12ാമതു സാഫില്‍ നിന്നും ഒളിംപിക്‌സ് യോഗ്യത നേടിയ ആദ്യ താരം കൂടിയായിരുന്നു റാവത്ത്. 2 മണിക്കൂറും 38 മിനിറ്റും 30 സെക്കന്റുമെടുത്താണ് റാവത്ത് ഓട്ടം പൂര്‍ത്തിയാക്കിയത്. 2.42.00 ആയിരുന്നു ഒളിംപിക്‌സ് യോഗ്യത മാര്‍ക്ക്. ഈയിനത്തില്‍ മലയാളിയായ ഒ പി ജെയ്ഷ, ലളിതാ ബാബര്‍, സുധാസിങ് എന്നിവര്‍ ഇതിനകം തന്നെ ഒളിംപിക്‌സ് യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്.
പുരുഷന്‍മാരുടെ മാരത്തണില്‍ 2.15.18 സെക്കന്റില്‍ ഓടിയെത്തി നിതേന്ദര്‍സിങ് റാവത്തും ഒളിംപിക്‌സ് യോഗ്യതയോടെ സ്വര്‍ണം നേടിയിട്ടുണ്ട്. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യയുടെ ഒളിംപിക്‌സ് വെങ്കല ജേതാവ് ഗെയ്ന്‍ സിങും സ്വര്‍ണം നേടി. സാഫിലെ സിങിന്റെ നാലാമതു സ്വര്‍ണമാണ് ഇന്നലെ നേടിയത്.
ഹോക്കിയില്‍ ഇന്ത്യക്ക് അടിതെറ്റി
അതേസമയം ഹോക്കിയില്‍ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇന്ത്യ കലാശപ്പോരാട്ടത്തില്‍ പാകിസ്താനോടു അടിയറവ് പറഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പാകിസ്താന്‍ ഇന്ത്യയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ അവൈസുര്‍റഹ്മാന്‍ നേടിയ ഗോളോടെ പാക്പട സ്വര്‍ണത്തില്‍ മുത്തമിടുകയായിരുന്നു. ഇതോടെ സാഫില്‍ ഹാട്രിക് സ്വര്‍ണം നേടാനും പാകിസ്താനു കഴിഞ്ഞു.
Next Story

RELATED STORIES

Share it