സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

കൊച്ചി: ലോട്ടറി തട്ടിപ്പുകേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉത്തരവിട്ടു. കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിലായി മാര്‍ട്ടിന്‍ വാങ്ങിക്കൂട്ടിയ 122 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ലോട്ടറി തട്ടിപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയതാണ് ഈ വസ്തുവകകളെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.
ഭൂമി കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് മാര്‍ച്ച് 31ന് ഇഡി പുറപ്പെടുവിച്ചിരുന്നു. വസ്തു സ്ഥിതിചെയ്യുന്ന സ്ഥലത്തെ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് കൈമാറാത്തതിനെ തുടര്‍ന്ന് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് പുറത്തിറക്കിയ പ്രൊവിഷനല്‍ അറ്റാച്ച്‌മെന്റ് ഓര്‍ഡറിന് ഡല്‍ഹിയിലുള്ള ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്കായിരിക്കും സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുക. കൂട്ടുപ്രതി എന്‍ ജയമുരുകന്റെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്.
ലോട്ടറി തട്ടിപ്പിലൂടെ മാര്‍ട്ടിന്‍ സിക്കിം സംസ്ഥാനത്തിന് 4,500 കോടിയുടെ നഷ്ടം വരുത്തിയെന്ന സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇഡി നടത്തിയ അന്വേഷണത്തിലാണ് പണമൊഴുകിയ വഴികളെക്കുറിച്ച് വിവരം ലഭിച്ചത്.
കേരളത്തിലെ ലോട്ടറിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് സിബിഐ ആദ്യം അന്വേഷണം നടത്തിയതെങ്കിലും സംസ്ഥാന ഖജനാവിന് ലോട്ടറി കുംഭകോണത്തില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് മാര്‍ട്ടിനെ പ്രതിയാക്കി സിബിഐ രജിസ്റ്റര്‍ ചെയ്ത 24 കേസുകള്‍ അവസാനിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it