Wayanad

സാധ്യതാ പഠനത്തിന് സംഘമെത്തി

മാനന്തവാടി: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 72 പോലിസ് സ്‌റ്റേഷനുകളില്‍ കോറോം ഉള്‍പ്പെടാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സാധ്യതാ പഠനത്തിനെത്തിയ സംഘം കോറോം പോലിസ് സ്‌റ്റേഷന് അനുകൂലമായ റിപോര്‍ട്ട് നല്‍കുമെന്നാണ് സൂചന. നിലവില്‍ വെള്ളമുണ്ട പോലിസ് സ്‌റ്റേഷന്റെ പരിധിയിലുള്‍പ്പെടുന്ന തൊണ്ടര്‍നാട് പഞ്ചായത്ത് പൂര്‍ണമായും തലപ്പുഴയുടെ ഭാഗമായി വരുന്ന വാളാടിനോട് ചേര്‍ന്ന പ്രദേശങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും കോറോം സ്‌റ്റേഷന്‍ പരിധി നിര്‍ണയിക്കുക.

നിലവില്‍ പക്രന്തളം മുതല്‍ നാലാംമൈല്‍ വരെ നീണ്ടുകിടക്കുന്നതാണ് വെള്ളമുണ്ട പോലിസ് സ്‌റ്റേഷന്റെ പരിധി. വെള്ളമുണ്ട പഞ്ചായത്തില്‍ രാഷ്ട്രീയക്കേസുകളുള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതിനാല്‍ പോലിസ് സ്‌റ്റേഷനില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്.

എന്നാല്‍, തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നു താരതമ്യേന കേസുകള്‍ പോലിസ് സ്‌റ്റേഷനില്‍ എത്തുന്നില്ലെന്നു പഠനസംഘം കണ്ടെത്തി.തൊണ്ടര്‍നാട് പഞ്ചായത്തിലെ ആദിവാസി കോളനികളില്‍ നിന്നു സ്‌റ്റേഷനില്‍ പരാതിയുമായെത്തുന്നത് അപൂര്‍വം സംഭവങ്ങളില്‍ മാത്രമാാണ്. എന്നാല്‍, ചാരായവാറ്റ്, ചീട്ടുകളി എന്നിവയുള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ കോളനികളിലുണ്ടാവുന്നു. സ്‌റ്റേഷനിലെത്താനുള്ള ദൂരക്കൂടുതല്‍ കൊണ്ടാണ് പരാതികളെത്താത്തതെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരന്തരമുണ്ടായിരിക്കുന്ന മാവോവാദി സാന്നിധ്യം കുറയ്ക്കാനും പുതിയ പോലിസ് സ്‌റ്റേഷനിലൂടെ കഴിയുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ കോറോം ഔട്ട്‌പോസ്റ്റ് ഉണ്ടെങ്കിലും പ്രവര്‍ത്തിക്കാറില്ല.

ആവശ്യത്തിനു കെട്ടിടത്തിന്റെയും വാഹനത്തിന്റെയും പോലിസുകാരുടെയും കുറവാണ് ഇതിനു കാരണം. എന്നാല്‍, പുതുതായി പോലിസ് സ്‌റ്റേഷന്‍ വരുന്നതോടെ ഇവ പരിഹരിക്കപ്പെടുന്നതിനു പുറമെ ആദിവാസി കോളനികളില്‍ ജനമൈത്രി പോലിസിന്റേതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും മാവോവാദി സാന്നിധ്യം ഇല്ലാതാക്കാനും കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കെത്തിയ പേഴ്‌സനല്‍ ആന്റ്് അഡ്മിനിസ്‌ട്രേറ്റീവ് ഡിപാര്‍ട്ട്‌മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കും. പേര്യയില്‍ പോലിസ് സ്‌റ്റേഷന്‍ ആവശ്യം നിലവിലുണ്ടെങ്കിലും കോറോം മാത്രമാണ് പരിഗണിക്കപ്പെടുക എന്നാണ് സൂചന.
Next Story

RELATED STORIES

Share it