wayanad local

സാധ്യതകളേറുമ്പോഴും അസൗകര്യങ്ങളൊഴിയാതെ ടൂറിസം കേന്ദ്രങ്ങള്‍

പടിഞ്ഞാറത്തറ: ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് ആരംഭിച്ചിട്ടും ടൂറിസംകേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഡിടിപിസിക്ക് അമാന്തം. നവംബര്‍ മുതല്‍ മെയ് വരെ നീളുന്നതാണ് ജില്ലയിലെ സീസണ്‍. വിനോദസഞ്ചാര മേഖലയില്‍ ജില്ലയില്‍ അനന്തസാധ്യതകള്‍ ഉണ്ടായിട്ടും സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ അധികൃതരുടെ അനാസ്ഥ സഞ്ചാരികളെ ജില്ലയില്‍നിന്ന് അകറ്റുകയാണ്. പൂക്കോട് താടകം, കുറുവാദ്വീപ്, ബാണാസുരസാഗര്‍, എടയ്ക്കല്‍ ഗുഹ എന്നിവിടങ്ങളിലാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.
മേപ്പാടി മീന്‍മുട്ടിയും സൂചിപ്പാറ വെള്ളച്ചാട്ടവും ഇതുവരെ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. കര്‍ലാട് തടാകത്തില്‍ സാഹസിക ടൂറിസം ആഗസ്ത് ആദ്യവാരം തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. 13.4 ഏക്കറിലുള്ള തടാകത്തെ ദക്ഷിണേന്ത്യയില്‍ തന്നെ സാഹസിക ടൂറിസത്തിന്റെ ബേസ് ക്യാംപായി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ടൂറിസംവകുപ്പ് 74 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. റോപ് വേ, സിപ് ലൈന്‍, കയാക്കിങ്, കയറില്‍ തൂങ്ങിയുള്ള കയറ്റം, റൈഡിങ് ബോള്‍, അമ്പെയ്ത്ത്, കനായിങ് എന്നിവയാണ് സാഹസിക ടൂറിസത്തിന്റെ ഭാഗമായി ഒരുക്കാന്‍ തിരുമാനിച്ചത്.
50 മീറ്റര്‍ ഉയരത്തിലുള്ള ഒരു സിപ് ലൈനിലൂടെ 250 മീറ്റര്‍ കയറില്‍ സഞ്ചാരമാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. 250 മീറ്റര്‍ ദൂരത്തില്‍ തടാകത്തിന് കുറുകെയുള്ള റോപ് വേ സംസ്ഥാത്ത് ഏറ്റവും നീളം കൂടിയതാണ്. നിലവിലുള്ള നാലു കോട്ടേജുകള്‍ക്കു പുറമെ ടോയ്‌ലറ്റ് സൗകര്യമുള്ള 10 സ്വിസ് കോട്ടേജുകളും അമ്പലവയല്‍ ആര്‍എആര്‍എസിന്റെ നേതൃത്വത്തില്‍ വനവല്‍ക്കരണവും കുട്ടികളുടെ പാര്‍ക്കും ആകര്‍ഷകമായ പൂന്തോട്ടവും ഒരുക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു.
എന്നാല്‍, സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ഈ സീസണില്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ജില്ലയിലെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ കൊതിക്കുന്ന പൂക്കോട് തടാകത്തിനും അവഗണന തന്നെയാണ്. പായല്‍ മൂടിക്കിടക്കുന്ന തടാകവും ഉപയോഗിക്കാന്‍ കഴിയാത്ത പെഡല്‍ ബോട്ടുകളുമാണ് ഇവിടെ സഞ്ചാരികളെ വരവേല്‍ക്കുന്നത്.
പ്രതിദിനം ലക്ഷങ്ങളുടെ വരുമാനം ഡിടിപിസിക്ക് ലഭിക്കുമ്പോഴും തടാകം ചുറ്റിക്കാണുന്നതിനായി ആവശ്യത്തിന് ബോട്ടുകളോ സഞ്ചാരികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. അഞ്ചു വര്‍ഷം പഴക്കമുള്ള പെഡല്‍ ബോട്ടുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 200 രൂപയാണ് ഫീസ്. നാലു പേര്‍ക്ക് കയറാവുന്ന പെഡല്‍ ബോട്ടില്‍ നാലു പേരില്‍ കൂടുതല്‍ പേരെ കയറ്റുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.
ഏഴു സീറ്റ് ബോട്ടുകളുടെ സീറ്റുകള്‍ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. 525 കിലോഗ്രാം മാത്രമേ ബോട്ടില്‍ കയറ്റാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇതു പലപ്പോഴും ലംഘിക്കപ്പെടുന്നു. ഓവര്‍ ലോഡുമായി ബോട്ടിങ് നടത്തുന്നതു അപകടത്തിന് കാരണമാവുമെന്നു ജീവനക്കാര്‍ പരാതിപ്പെടുമ്പോഴും അധികൃതര്‍ അവഗണിക്കുകയാണ്. ഏഴു തുഴബോട്ടുകളും 10 പെഡല്‍ ബോട്ടുകളുമാണ് പ്രവര്‍ത്തനയോഗ്യം.
തടാകത്തിന്റെ സംരക്ഷണത്തിനായി നിയമസഭാ പരിസ്ഥിതി സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും അധികൃതര്‍ക്കു ഇതുവരെ സാധിച്ചിട്ടില്ല. 2014-15 വര്‍ഷം 7,45,962 സഞ്ചാരികളാണ് ഇവിടെയെത്തിയത്. ബാണാസുരസാഗര്‍ ഡാമിലെത്തുവര്‍ക്കും നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്.
Next Story

RELATED STORIES

Share it