സാധാരണക്കാര്‍ക്ക് എതിരായ അക്രമങ്ങള്‍ അപലപനീയം: പോപുലര്‍ ഫ്രണ്ട്

ന്യൂദല്‍ഹി: നിരപരാധികളായ സാധാരണക്കാര്‍ക്ക് എതിരേ വിവേചനരഹിതമായി നാറ്റോ സേനയും ഐഎസ്‌ഐഎസ് പോലുള്ള സംഘങ്ങളും നടത്തുന്ന അക്രമങ്ങളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. സമീപകാലത്ത് വിവിധ അക്രമങ്ങള്‍ക്കിരയായി നൂറുകണക്കിനാളുകള്‍ മരണപ്പെട്ട സംഭവത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ദു:ഖം രേഖപ്പെടുത്തി. കൊളോണിയല്‍ ശക്തികളും അവരെ പ്രതിരോധിക്കുന്നുവെന്ന് പറയുന്നവരും സ്വീകരിച്ച രീതികള്‍ മനുഷ്യാവകാശം സംബന്ധിച്ച രാജ്യാന്തര ധാരണകളിലെ അടിസ്ഥാന വ്യവസ്ഥകള്‍ക്ക് എതിരാണ്. ഇത്തരം ആക്രമണങ്ങള്‍ യഥാര്‍ഥത്തില്‍ ബശ്ശാറുല്‍ അസദിന്റെ ക്രൂരവാഴ്ചക്കെതിരേ സിറിയന്‍ ജനത തുടരുന്ന ജനാധിപത്യ പോരാട്ടങ്ങളെ തുരങ്കം വയ്ക്കുകയാണെന്ന് പ്രമേയം വ്യക്തമാക്കി.
മ്യാന്‍മര്‍ ജനാധിപത്യവത്കരണം സ്വാഗതം ചെയ്ത സെക്രേട്ടറിയറ്റ്, ന്യൂനപക്ഷങ്ങളുടെയും വിവിധ വംശീയ വിഭാഗങ്ങളുടെയും സുരക്ഷിതത്വവും മൗലികാവകാശങ്ങളും പുനസ്ഥാപിക്കപ്പെടുന്നില്ലെങ്കില്‍ മ്യാന്‍മറിലെ ജനാധിപത്യം അര്‍ഥരഹിതമാവുമെന്ന് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് വീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും അധികൃതര്‍ നിരീക്ഷകരെയും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെയും അനുവദിച്ചിരുന്നെങ്കിലും രോഹിങ്ക്യ മുസ്‌ലിംകള്‍ ഉള്‍പ്പെടെ മ്യാന്‍മറിലെ ലക്ഷക്കണക്കിന് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളെ വോട്ട് രേഖപ്പെടുത്തുന്നതില്‍നിന്നും തടഞ്ഞു. അത്തരം ഒരു തിരഞ്ഞെടുപ്പ് നീതിപരവും അര്‍ഥപൂര്‍ണവുമെന്ന് വിശേഷിപ്പിക്കാനാവില്ല.
ടിപ്പു സുല്‍ത്താന്റെ ചരിത്രം വര്‍ഗീയവത്കരിക്കാനുള്ള ഫാഷിസ്റ്റ് സംഘങ്ങളുടെ ശ്രമം സെക്രട്ടേറിയറ്റ് വിമര്‍ശിച്ചു. മതേതര ഭരണാധികാരിയും വൈദേശിക അധിനിവേശത്തിനെതിരേ ധീര പോരാളിയുമായാണ് ചരിത്രം ടിപ്പു സുല്‍ത്താനെ പരിചയപ്പെടുത്തുന്നത്. എന്നാല്‍, വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ മതഭ്രാന്തനായി അവതരിപ്പിക്കുകയാണ്. അത്തരം ശക്തികളെ നിയന്ത്രിക്കാനും പോപുലര്‍ ഫ്രണ്ട് അധികൃതരോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it