സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലിസ് നീക്കം

കൊച്ചി: ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലിസ് നീക്കം. രാജ്യത്തെ വിദഗ്ധരുടെ സേവനം ഇതിനായി ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയില്‍ പറഞ്ഞു.
ശാസ്ത്രീയ പരിശോധനയ്ക്കുള്ള ഏറ്റവും മികച്ച ആളുകള്‍ രാജ്യത്തുണ്ട്. അവരുടെ സേവനം ജിഷ കേസില്‍ നുണപരിശോധന പോലുള്ള കാര്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ കേസ് തെളിയിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടായിട്ടുണ്ട്. ശ്രദ്ധാപൂര്‍വം വിശകലന ബുദ്ധിയോടെ അന്വേഷിച്ചാല്‍ കേസ് തെളിയിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ തനിക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ട്. ബുദ്ധിമുട്ടുള്ള കേസായി തോന്നിയില്ല. അന്വേഷണ സംഘത്തിലുള്ളവരെല്ലാം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരാണ്. ഊര്‍ജസ്വലമായാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏത് വഴിയിലൂടെ പോയാലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുകയെന്ന് താന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ശ്രദ്ധയോടെ മുന്നോട്ടു പോയാല്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
പോലിസിന് തുടക്കത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്ന് ബെഹ്‌റ പറഞ്ഞു. മുന്നോട്ടുള്ള അന്വേഷണത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ടെന്നും അത് ഭരണപരമായി കൈകാര്യം ചെയ്തുകൊള്ളാമെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിപിയായി ചുമതലയേറ്റശേഷം കഴിഞ്ഞ ദിവസം ലോക്‌നാഥ് ബെഹ്‌റ പെരുമ്പാവൂരില്‍ എത്തി കൊലപാതകം നടന്ന ജിഷയുടെ വീടും മാതാവ് രാജേശ്വരിയെയും സന്ദര്‍ശിച്ചിരുന്നു. ജിഷയുടെ വീട്ടിലും പരിസരത്തും പരിശോധന നടത്തിയ ഡിജിപി ഇവിടം തന്റെ മൊബൈലില്‍ ചിത്രികരിക്കുകയും ചെയ്തിരുന്നു. അന്വേഷണം ജാലവിദ്യയല്ലെന്നും എന്നാല്‍, ജിഷയുടെ ഘാതകരെ ഉടന്‍ കണ്ടെത്തുമെന്നുമായിരുന്നു ഡിജിപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
Next Story

RELATED STORIES

Share it