Editorial

സാംസ്‌കാരിക പ്രവര്‍ത്തനം സര്‍ക്കാര്‍ തടയരുത്

സാംസ്‌കാരിക പ്രവര്‍ത്തനം സാമൂഹിക വളര്‍ച്ചയുടെ രാസത്വരകമാണ്. കലയും സംസ്‌കാരവും ചിന്താപരമായ മറ്റു പ്രവര്‍ത്തനങ്ങളും വഴിമുട്ടിനിന്നുപോകുന്ന സമൂഹം നിഷേധാത്മകമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകും. സംസ്‌കാരം സമൂഹത്തെ ഒഴുകുന്ന നദിയെന്നപോലെ ശുദ്ധമാക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സമൂഹം മലിനജലത്തില്‍ കൊതുകുകളെയെന്നപോലെ എല്ലാ നിഷേധാത്മക പ്രവണതകള്‍ക്കും കളമൊരുക്കുന്നു.
സാധാരണ നിലയില്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഈ പ്രാഥമികമായ തിരിച്ചറിവ് ഉണ്ടാകേണ്ടതാണ്. സമൂഹത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും സാമൂഹികമായ പുരോഗതിയും നന്മയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അത്തരം ഭരണകൂടങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുക. അതുകൊണ്ടാണ് പുസ്തകങ്ങള്‍ നിരോധിക്കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ തടയണമെന്നുമൊക്കെ സമൂഹത്തില്‍ ചിലരെങ്കിലും ആവശ്യമുയര്‍ത്തുമ്പോള്‍ ജനാധിപത്യവാദികള്‍ പൊതുവില്‍ അത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കുന്നത്.
എന്നാല്‍, കേരള സര്‍ക്കാര്‍ ഇത്തരം ജനാധിപത്യ പാരമ്പര്യങ്ങളെയും മര്യാദകളെയും സംബന്ധിച്ചു പൂര്‍ണമായും അജ്ഞമാണെന്നു തോന്നും, കഴിഞ്ഞ ദിവസം അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന തരത്തില്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പരിശോധിച്ചുനോക്കിയാല്‍. കഥയോ കവിതയോ എഴുതി പ്രസിദ്ധീകരിക്കുന്നതു മുതല്‍ ഗവേഷണ പ്രബന്ധങ്ങള്‍ പുസ്തകമാക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ മേലുദ്യോഗസ്ഥന്റെ അനുമതി വേണം. നാടകത്തിലും സിനിമയിലും അഭിനയിക്കുന്നതിനും ചിത്രപ്രദര്‍ശനം നടത്തുന്നതിനും ഇനിയങ്ങോട്ട് മേധാവികളുടെ തിരുവുള്ളമുണ്ടാവണം. പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ ആരാണ് പ്രസാധകര്‍, എത്ര കോപ്പി അടിക്കുന്നു, എത്ര കാശിനു വില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ക്കു പോലും സര്‍ക്കാരിന്റെ അനുമതി വേണം.
നേരത്തേ ഇത്തരം കാര്യങ്ങളില്‍ അയവുള്ള സമീപനമാണ് സര്‍ക്കാര്‍ എടുത്തിരുന്നത്. പക്ഷേ, അക്കാലത്തും സര്‍ക്കാരിനു ഹിതമല്ലാത്ത നിലപാടുകള്‍ തങ്ങളുടെ കൃതികളിലൂടെ സ്വീകരിച്ച പല എഴുത്തുകാരെയും സര്‍ക്കാര്‍ ഉപദ്രവിക്കുകയുണ്ടായി. നാടകപ്രവര്‍ത്തകനായ പി എം ആന്റണിക്കും മറ്റും എതിരായി സര്‍ക്കാരുകള്‍ നടപടിയെടുത്തപ്പോള്‍ കേരളം ശക്തിയുക്തം അതിനെ ചെറുക്കുകയുണ്ടായി.
ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത്തരം അധമമായൊരു സമീപനം സര്‍ക്കാര്‍ നയമായി സ്വീകരിച്ച് ഉത്തരവിറക്കിയിരിക്കുകയാണ്. ഇത് ലജ്ജാവഹമായ നടപടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അച്ചടക്കം വേണമെന്നും സര്‍ക്കാരിനെതിരേ കുരിശുയുദ്ധത്തിന് ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പുറപ്പെടുന്നത് ന്യായീകരിക്കാനാവില്ലെന്നതും ശരി. പക്ഷേ, അത്തരം സന്ദര്‍ഭങ്ങളില്‍ നിലവിലുള്ള പെരുമാറ്റച്ചട്ടം കൊണ്ടുതന്നെ അച്ചടക്കം സംരക്ഷിക്കാന്‍ സാധ്യമാണ്. ഇപ്പോള്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് തീര്‍ത്തും അപക്വവും അനാവശ്യവുമാണ്. എത്രയും വേഗം ഈ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം.
Next Story

RELATED STORIES

Share it