thrissur local

സാംസ്‌കാരിക നഗരിയില്‍ ചിത്രകലാ കാഴ്ചയൊരുക്കി സഞ്ചരിക്കുന്ന ചിത്രശാല

തൃശൂര്‍: ആര്‍ട്ട് ഗ്യാലറി ആസ്വാദകരെ തേടിപോകുന്നത് ചിത്രകലയുടെ ജനകീയത വര്‍ധിപ്പിക്കുമെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയുടെ തൃശൂര്‍ ജില്ലയിലെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തില്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറി അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ കലാചരിത്രത്തില്‍ സമാനതകളില്ലാത്ത കലാസംരംഭമാണ് സഞ്ചരിക്കുന്ന ചിത്രശാലയെന്ന് കലാചരിത്രകാരന്‍ വിജയകുമാര മേനോന്‍ അഭിപ്രായപ്പെട്ടു. സഞ്ചരിക്കുന്ന ചിത്രശാല പ്രയാണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ണ്ണോത്സവം ചിത്രകലാ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍ നായര്‍, അക്കാദമി ഖജാഞ്ചി സുരേഷ്‌കുമാര്‍, അക്കാദമി അംഗവും ക്യാംപ് കണ്‍വീനറുമായ അഡ്വ. മേതില്‍ വേണുഗോപാല്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ ചിത്രകാരന്മാരായ ദാമോദരന്‍ നമ്പിടി, ഗിരീശന്‍, ഒ പി ജോണ്‍സണ്‍, അക്കാദമി മാനേജര്‍ എം ജ്യോതി സംസാരിച്ചു.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുള്ള മണിക്കണ്ഠനാല്‍ പരിസരത്തായിരുന്നു ചിത്രശാല പ്രദര്‍ശനവും വര്‍ണ്ണോത്സവും നടന്നത്. സംഗീതത്തിന്റെ താളത്തോടൊപ്പം നടത്തിയ ചിത്രരചന, കവിയരങ്ങ്, തത്സമയ ചിത്രരചന, ഡോക്യുമെന്റെറി പ്രദര്‍ശനം, നാടന്‍പാട്ട് തുടങ്ങിയ വിപുലമായ പരിപാടികളാണ് വര്‍ണ്ണോത്സവത്തില്‍ നടന്നത്. ആര്‍ട്ട് ഗ്യാലറികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ചിത്രകലാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചിത്രകലയെ കൂടുതല്‍ ജനകീയമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ലളിതകലാ അക്കാദമിയാണ് സഞ്ചരിക്കുന്ന ചിത്രശാല ഒരുക്കിയിട്ടുള്ളത്. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പുസ്തക പ്രദര്‍ശനത്തിനും ഇതില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചിത്രകലാ കാഴ്ചയുടെ തികച്ചും നവ്യാനുഭവമായ സഞ്ചരിക്കുന്ന ചിത്രശാല പ്രയാണം ജനുവരി 20ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിനു മുന്നില്‍ നിന്നാണ് ആരംഭിച്ചത്. കാസര്‍കോട് വരെ നടത്തുന്ന ആദ്യഘട്ട പ്രയാണത്തില്‍ കേരളത്തിലെ ചിത്ര-ശില്പ കലയുടെ ഉല്പത്തിയും വളര്‍ച്ചയും സമകാലീനതയും അടയാളപ്പെടുത്തുന്ന കലാസൃഷ്ടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗുഹാ ചിത്രങ്ങളില്‍ നിന്നും ആരംഭിച്ച് രാജാ രവിവര്‍മ്മയിലൂടെ കെ സി എസ് പണിക്കര്‍, എം വി ദേവന്‍, സി എന്‍ കരുണാകരന്‍, ജയപാലപ്പണിക്കര്‍, നമ്പൂതിരി, കെ വി ഹരിദാസ്, എം എം റിംസണ്‍ എന്നിവര്‍ അടങ്ങുന്ന നാല്‍പ്പത് ചിത്രകാരന്മാരുടെ സര്‍ഗസൃഷ്ടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കലാകാരന്മാരുടെ സര്‍ഗസൃഷ്ടികള്‍ വാങ്ങുവാന്‍ മലയാളികളെ പ്രേരിപ്പിക്കുക എന്ന ദൗത്യവും ഈ സംരംഭത്തിന്റെ ലക്ഷ്യമാണ്. ഇന്ന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം കെ ഷിബു അറിയിച്ചു.
Next Story

RELATED STORIES

Share it