സാംകുട്ടി ജേക്കബിന്റെ വിയോഗം ജനകീയ പോരാട്ടങ്ങള്‍ക്ക് കനത്ത നഷ്ടം

പത്തനംതിട്ട: എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ സാംകുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി.
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള നിരന്തര പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിലപാടുകളിലെ കൃത്യതയും പ്രതിസന്ധികളെ മറികടക്കാനുള്ള ഇച്ഛാശക്തിയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രേട്ടറിയറ്റംഗം എന്നീ പദവികളില്‍ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ കാണിച്ച കണിശതയും ചടുലതയും ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. മര്‍ദ്ദിതന്റെ വിമോചനം സ്വപ്‌നം കണ്ട സാംകുട്ടി ജേക്കബിന്റെ വിയോഗം പാര്‍ട്ടിക്കും ജനകീയ പോരാട്ടങ്ങള്‍ക്കും കനത്ത നഷ്ടമാണ്. പരേതനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് പാര്‍ട്ടി പൊതുപരിപാടികള്‍ മൂന്ന് ദിവസത്തേക്ക് മാറ്റിവയ്ക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, എ കെ സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍, ട്രഷറര്‍ ജലീല്‍ നീലാമ്പ്ര, സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, കെ കെ റൈഹാനത്ത്, സെക്രട്ടേറിയറ്റംഗം നാസറുദ്ദീന്‍ എളമരം എന്നിവര്‍ സംസാരിച്ചു.
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, ദേശീയ ജനറല്‍ സെക്രട്ടറി എം കെ ഫൈസി, മുന്‍ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍, പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് പി അഹമ്മദ് ശരീഫ്, ജനറല്‍ സെക്രട്ടറി ടി കെ കുഞ്ഞഹമ്മദ് ഫൈസി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
വളരെ ആത്മാര്‍ത്ഥതയും സമര്‍പ്പണവുമുള്ള ഒരു സഹപ്രവര്‍ത്തകനായിരുന്നു സാംകുട്ടിയെന്നും പോതുജീവിതത്തിലോ സ്വകാര്യ ജീവിതത്തിലോ യോതോരുവിധ കറയും പുരളാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് അനുസ്മരിച്ചു.
അധസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പോരാട്ടത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ കെ എം ശരീഫ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. സാംകുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അനുശോചിച്ചു. സാംകുട്ടി ജേക്കബിന്റെ വിയോഗത്തോടെ കളങ്കരഹിതനായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധത കൊണ്ടും ആദര്‍ശനിഷ്ഠകൊണ്ടും മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. സാംകുട്ടി ജേക്കബിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും ദുഃഖത്തോടൊപ്പം പോപുലര്‍ ഫ്രണ്ടും പങ്കുചേരുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പരിമിതികളേറെയുണ്ടായിട്ടും തന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും അതിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്ത വ്യക്തിയാണ് സാംകുട്ടി ജേക്കബ് എന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പറഞ്ഞു.
നവരാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ വലിയ അധികാരവും സ്വാധീനവുമുള്ള പാര്‍ട്ടികളില്‍ ഉണ്ടായിരുന്നിട്ടും നിലപാടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണ്ണയിച്ചത്. ഇരകള്‍ മുസ്‌ലിംകളാകുമ്പോള്‍ മതേതര കാപട്യത്തിന്റെ മുഖംമൂടിയിലൊളിക്കുന്ന ശീലം അദ്ദേഹത്തിന് അന്യമായിരുന്നു. പകരം മുസ്‌ലിം സ്വത്വത്തെ അംഗീകരിച്ച് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
തിരിഞ്ഞു നടക്കാനും പ്രതിസന്ധികളില്‍ ഉറച്ചു നില്‍ക്കാനും ധൈര്യം കാണിച്ച സാംകുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതോടൊപ്പം അവരുടെ കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it