Districts

സഹോദരിമാര്‍ ഉള്‍െപ്പടെ നാലുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍

ചിറ്റൂര്‍: മേനോന്‍പാറയില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ അയല്‍ക്കാരായ നാലുപേരെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേനോന്‍പാറ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം താമസിക്കുന്ന നാഗരാജ്-വസന്തകുമാരി ദമ്പതികളുടെ മക്കളായ പവിത്ര(16), സുമിത്ര(13), അയല്‍വാസികളായ നടരാജന്‍-പാര്‍വതി ദമ്പതികളുടെ മകന്‍ കാര്‍ത്തിക്(23), ദണ്ഡപാണി-രാധിക ദമ്പതികളുടെ മകള്‍ ധരണ്യ(20) എന്നിവരാണുമരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെ പവിത്ര, സുമിത്ര, ധരണ്യ എന്നിവര്‍ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ വെള്ളക്കെട്ടില്‍ വസ്ത്രം അലക്കാനും കാര്‍ത്തിക് കുളിക്കാനുമായി പോയിരുന്നു. മരിച്ച നാലുപേരുടെയും മാതാപിതാക്കള്‍ വോട്ട് ചെയ്യാനായി പോയസമയത്താണ് ഇവര്‍ കുളത്തിലേക്കു പോയത്. ഏറെസമയം കഴിഞ്ഞിട്ടും മക്കളെ കാണാത്തതിനെ തുടര്‍ന്ന് തിരക്കിയെത്തിയ വസന്തകുമാരിയെ അലക്കിത്തീര്‍ന്നില്ലെന്നു പറഞ്ഞ് മടക്കിയയച്ചു. എന്നാല്‍, സമയമേറെ കഴിഞ്ഞിട്ടും ഇവരെ കാണാഞ്ഞതിനെ തുടര്‍ന്ന് വീണ്ടും അന്വേഷിച്ചെത്തിയ വസന്തകുമാരി കുട്ടികളെ കണ്ടി ല്ല.
വസന്തകുമാരിയുടെ ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. തുടര്‍ന്ന് കഞ്ചിക്കോട്ട് നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായയിരുന്നു.
നീന്തലറിയാത്ത കാര്‍ത്തിക് കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു മൂന്നുപേരും അപകടത്തില്‍പ്പെട്ടതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കാര്‍ത്തിക് ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനാണ്.
പവിത്ര കോഴിപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും സുമിത്ര എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുമാണ്. ധരണ്യ ബികോം കഴിഞ്ഞ് തുടര്‍പഠനത്തിനായി കാത്തിരിക്കുകയായിരുന്നു. നാലുപേരുടെയും മൃതദേഹം ചിറ്റൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍ പോലിസ് സംയുക്തമായി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും.
Next Story

RELATED STORIES

Share it