ജിഷയുടെ സഹോദരിക്ക് ജോലി നല്‍കിയത് പുനപ്പരിശോധിക്കണം: എസ്ഡിപിഐ

പെരുമ്പാവൂര്‍: ജിഷയുടെ സഹോദരി ദീപയ്ക്ക് അനുവദിച്ച സര്‍ക്കാര്‍ ജോലി നിയമന ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സക്രട്ടറി എം കെ മനോജ്കുമാര്‍ വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും മാതാവിന് സാമ്പത്തിക സഹായവും നല്‍കി കേസ് ഇല്ലാതാക്കാമെന്ന തല്‍പരകക്ഷികളുടെ ഇടപെടല്‍ മൂലമാണ് യുഡിഎഫ് സര്‍ക്കാര്‍ ദീപയ്ക്ക് ജോലി വാഗ്ദാനം ചെയ്തത്. ഈ നിക്ഷിപ്ത താല്‍പര്യത്തെ എല്‍ഡിഎഫ് സര്‍ക്കാരും ശരിവച്ചിരിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ ധൃതിപിടിച്ചെടുത്ത തീരുമാനങ്ങള്‍ പുനപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍തന്നെ പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ധൃതിപിടിച്ചെടുത്ത തീരുമാനങ്ങളില്‍ ദീപയുടെ സര്‍ക്കാര്‍ ജോലി സംബന്ധിച്ച ഉത്തരവും ഉള്‍പ്പെടുന്നതാണ്. ജിഷയുടെ പഠനത്തിനാവശ്യമായ യാതൊരുവിധ സഹായങ്ങള്‍ ചെയ്യാതിരിക്കുകയും കുടുംബങ്ങളുമായി ഏറെ നാളുകളായി സഹകരിക്കാതിരിക്കുകയും ചെയ്തിരുന്ന ദീപയ്ക്ക് ജോലി നല്‍കിയ മാനദണ്ഡങ്ങളെന്താണെന്ന് വെളിപ്പെടുത്തണം. പെരുമ്പാവൂര്‍ നിവാസികളാരുംതന്നെ സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് യോജിക്കുന്നില്ലെന്നും മനോജ്കുമാര്‍ പറഞ്ഞു.
ജിഷയുടെ പിതാവ് പാപ്പു സംഭവസ്ഥലത്തിന്റെ പരിസരത്തുണ്ടായിരുന്നപ്പോള്‍തന്നെ അദ്ദേഹത്തെ പരിഗണിക്കാതെ സഹോദരി ദീപയാണ് അവകാശി എന്ന നിലയില്‍ മൃതദേഹം ധൃതിയില്‍ ദഹിപ്പിക്കുന്നതിനും ചിതാഭസ്മം ഏറ്റുവാങ്ങുന്നതിനും അപേക്ഷ സമര്‍പ്പിച്ചത്. ജിഷയുടെ മരണത്തിന് ഉത്തരവാദികളായിട്ടുള്ളവരുടെ താല്‍പര്യപ്രകാരമാണ് ഇങ്ങനെ സംഭവിച്ചത്. ദീപയ്ക്ക് സര്‍ക്കാര്‍ ജോലി വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ചതിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി വ്യത്യാസങ്ങളില്ലാതെ ഉന്നതരാഷ്ട്രീയ അധികാര കേന്ദ്രങ്ങളെപ്പോലും സ്വന്തം താല്‍പര്യത്തിനനുസരിച്ച് വിനിയോഗിക്കുവാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ ഇങ്ങനെയൊരു ഉറപ്പ് നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും മനോജ്കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it