സഹാറ ഗ്രൂപ്പിന്റെ 4700 ഏക്കര്‍ ഭൂമി വില്‍പനയ്ക്ക്

മുംബൈ: 14 സംസ്ഥാനങ്ങളിലായി സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 4700 ഏക്കര്‍ ഭൂമി വില്‍പനയ്ക്ക്. എച്ച്ഡിഎഫ്‌സി റിയാലിറ്റിയും എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റുമാണ് രാജ്യത്തെ ഏറ്റവും വലിയ ഭുമി വില്‍പനയ്ക്കു ചുക്കാന്‍ പിടിക്കുന്നത്. വില്‍പനയിലൂടെ 6500 കോടിയോളം രൂപ സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യ വ്യാപകമായി തങ്ങളുടെ കൈവശം 33,633 ഏക്കര്‍ ഭുമിയുണ്ടെന്നാണ് സഹാറ ഗ്രൂപ്പിന്റെ അവകാശവാദം. 10600 ഏക്കറോളം ലോനാവാലയ്ക്കു സമീപമുള്ള ആംബി വാലി നഗരത്തിലും 1000ത്തോളം ഏക്കര്‍ ഉത്തര്‍പ്രദേശിലെ നഗര പട്ടണങ്ങളിലുമുണ്ട്. ഉജ്ജയിന്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍, രാജസ്ഥാനിലെ അജ്മീര്‍, യുപിയിലെ അലിഗഡ്, മുസഫര്‍ നഗര്‍, ലക്‌നോ തുടങ്ങിയിടങ്ങളിലും സഹാറയ്ക്കു ഭുമിയുണ്ട്.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് 2014 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സഹാറ മേധാവി സുബ്രതാ റോയിക്കും ഗ്രൂപ്പ് ഡയറക്ടര്‍ അശോക് റോയി ചൗധരിക്കും ഈ മാസമാദ്യം സുപ്രിംകോടതി നാല് ആഴ്ചത്തെ പരോള്‍ അനുവദിച്ചിരുന്നു. ഓഹരി വിപണിയുടെ നിയന്ത്രണമുള്ള സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയില്‍ (സെബി) 10,000 കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയായിരുന്നു പരോള്‍.
5000 കോടി രൂപ പണമായും ശേഷിക്കുന്നത് ബാങ്ക് ഗ്യാരന്റിയുമായാണ് നല്‍കേണ്ടത്. ഇതില്‍ 5000കോടി ആസ്തികള്‍ വില്‍പന നടത്തി സമാഹരിക്കാനാണ് കോടതി നിര്‍ദേശിച്ചത്. സുപ്രിംകോടതി നിര്‍ദേശ പ്രകാരം എച്ച്ഡിഎഫ്‌സി റിയാലിറ്റിക്കും എസ്ബിഐ ക്യാപിറ്റലിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 60 ആസ്തികള്‍ ലേലത്തില്‍ വയ്ക്കുന്നതിന് സെബി അവകാശം നല്‍കുകയായിരുന്നു.
സഹാറ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകര്‍ക്കു തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് 2014 മാര്‍ച്ച് നാലിനാണ് സുബ്രതാ റോയിയെ പോലിസ് അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it