സഹായഹസ്തവുമായി ആയിരങ്ങള്‍

സൗജന്യമായി മരുന്ന് നല്‍കുമെന്ന് മമ്മൂട്ടി

കൊച്ചി: കൊല്ലം പരവൂരിലെ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് തന്റെ പതഞ്ജലി ആയുര്‍വേദ സ്ഥാപനം സൗജന്യമായി മരുന്നു നല്‍കുമെന്ന് ചലച്ചിത്രതാരം മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. പതഞ്ജലി ജീവനക്കാര്‍ മരുന്നുകളുമായി കൊല്ലത്തേക്കു തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിക്കും. മരുന്നിനായി 9995424999, 9645655890 നമ്പരുകളില്‍ ബന്ധപ്പെടണമെന്നും മമ്മൂട്ടി അറിയിച്ചു.
വൈദ്യസഹായവുമായി ആസ്റ്റര്‍ മെഡിസിറ്റി
കൊച്ചി:
കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ പത്തംഗ വിദഗ്ധസംഘം സ്ഥലത്തെത്തിയതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആധുനിക ചികില്‍സ ആവശ്യമുള്ളവരെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് എത്തിക്കുന്നതിനും പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ അത്യാഹിത സാഹചര്യത്തിലുള്ള രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ധനസഹായവുമായി അമൃതാനന്ദമയീ മഠം

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് ഒരു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അമൃതാനന്ദമയീ മഠം അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റ എല്ലാവര്‍ക്കും കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൗജന്യ ചികില്‍സ നല്‍കും.
ധനസഹായം നല്‍കും: എം എ യൂസഫലി
കൊച്ചി: കൊല്ലം പരവൂരിലെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുട ദുഃഖത്തില്‍ താന്‍ പങ്കു ചേരുന്നതായും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അടിയന്തര സഹായ ധനമായി നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സഹായധനം കൊല്ലം ജില്ലാ കലക്ടറെ ഏല്‍പിക്കുമെന്നും അദേഹം പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ സഹോദരീസഹോദരന്‍മാര്‍ക്കൊപ്പം ലോകമെങ്ങുമുള്ള മലയാളികള്‍ നില്‍ക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും യൂസഫലി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഷിഫ അല്‍ജസീറ ഗ്രൂപ്പിന്റെ ധനസഹായം
തിരുവനന്തപുരം:ദുരന്തത്തില്‍ മരിച്ച എല്ലാവരുടെയും കുടുംബത്തിന് 50,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ ടി റബീഉല്ല അറിയിച്ചു. ഓരോ കുടുംബങ്ങളിലും ഉടന്‍ തന്നെ സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനും പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവര്‍ക്കും മെഡിക്കല്‍ ഗ്രൂപ്പിന്റെയു ചെയര്‍മാന്റെയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it