സഹായത്തിനു നന്ദി പ്രകാശിപ്പിച്ച് അസദിന്റെ അപ്രതീക്ഷിത റഷ്യന്‍ സന്ദര്‍ശനം

മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് റഷ്യ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകീട്ട് തലസ്ഥാനമായ മോസ്‌കോയില്‍ അപ്രതീക്ഷിതമായി എത്തിയ അസദ് പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സിറിയ ആഭ്യന്തരകലാപത്തിലേക്ക് എടുത്തെറിയപ്പെട്ട 2011നു ശേഷമുള്ള അസദിന്റെ പ്രഥമ വിദേശസന്ദര്‍ശനമാണിത്. വിമത കേന്ദ്രങ്ങളില്‍ റഷ്യന്‍ പോര്‍വിമാനങ്ങള്‍ വന്‍നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടെ അസദിന്റെ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.
അസദിന്റെത് ഔദ്യോഗിക സന്ദര്‍ശനമാണെന്നു പുടിന്റെ വക്താവ് ദിമിത്രി എസ്‌കോവ് അറിയിച്ചു. വിമതര്‍ക്കെതിരായ റഷ്യന്‍ വ്യോമാക്രമണം തുടരുന്നതു സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നു ദിമിത്രി പറഞ്ഞു. വിമത മുന്നേറ്റങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ട അസദ് സൈന്യത്തിനു പിന്തുണയുമായി കഴിഞ്ഞ മാസമാണ് റഷ്യന്‍ സൈന്യം വ്യോമാക്രമണം തുടങ്ങിയത്. റഷ്യന്‍ ഇടപെടലിലൂടെ 'തീവ്രവാദത്തെ' തടഞ്ഞുനിര്‍ത്താന്‍ സാധിച്ചതായി അസദ് വ്യക്തമാക്കി.
വര്‍ഷങ്ങളായി സിറിയന്‍ ജനത 'അന്താരാഷ്ട്ര തീവ്രവാദത്തി'നെതിരേ ഒറ്റയ്ക്കു പോരാടുകയാണ്. അവര്‍ക്കു വലിയ നഷ്ടങ്ങളും ഉണ്ടായി. എന്നാല്‍, കഴിഞ്ഞ ആഴ്ചകളില്‍ മികച്ച നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചതായി പുടിന്‍ കൂട്ടിച്ചേര്‍ത്തു. അസദ് ബുധനാഴ്ച സിറിയയിലേക്കു തിരിച്ചതിനു ശേഷമാണ് സന്ദര്‍ശനവിവരങ്ങള്‍ റഷ്യ പുറത്തുവിട്ടത്. സിറിയയുടെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന റഷ്യയ്ക്കു നന്ദി പറയുന്നതായി അസദ് വ്യക്തമാക്കി.
അന്താരാഷ്ട്ര തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ റഷ്യ പങ്കാളികളായത് സിറിയന്‍ ജനതയുടെ സംരക്ഷണത്തിനു മാത്രമല്ലെന്നും റഷ്യയുടെ സംരക്ഷണത്തിനു കൂടിയാണെന്നും പുടിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it