സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം: ഗോപ പ്രതാപന്‍

തൃശൂര്‍: കോണ്‍ഗ്രസ്സില്‍നിന്നു തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ കെപിസിസി നേതൃത്വം തയ്യാറാവണമെന്ന് ഗോപപ്രതാപന്‍. ചാവക്കാട് ഹനീഫ വധക്കേസില്‍ താന്‍ പ്രതിയല്ലെന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നു വ്യക്തമായ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഗോപപ്രതാപന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തന്നെ കൊലക്കേസില്‍ പ്രതിയാക്കാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും സിപിഎം നേതാക്കളും ചേര്‍ന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. സംഭവത്തിന്റെ തലേ ദിവസം ഹനീഫയുടെ മാതാവിനെ താന്‍ ഭീഷണിപ്പെടുത്തിയെന്നതും കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് കുറ്റപത്രത്തില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷിച്ചിട്ടും പ്രതികളുമായി ഗൂഢാലോചന നടത്തിയതിനോ കൊലപാതകത്തിനു ശേഷം അവരെ ഏതെങ്കിലും തരത്തില്‍ സഹായിച്ചതിനോ ഒരു തെളിവും കണ്ടെത്താനായിട്ടില്ല.
പാര്‍ട്ടിക്കുവേണ്ടി തന്റെ മൊഴിയെടുത്ത പി എം സുരേഷ് ബാബു കാര്യങ്ങള്‍ കൃത്യമായല്ല റിപോര്‍ട്ട് ചെയ്തത്. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ തനിക്കെതിരേ പ്രവര്‍ത്തിക്കുന്നു. ക്രൈംബ്രാഞ്ച് റിപോര്‍ട്ട് വരാതെയും എന്റെ ഭാഗം കേള്‍ക്കാതെയും കെപിസിസി നേതൃത്വം നടപടിയെടുത്തത് അത്യന്തം ഖേദകരമാണ്. എന്റെ വ്യക്തി ജീവിതവും പൊതുജീവിതവും തകര്‍ക്കുകയാണ് പാര്‍ട്ടി ഇതിലൂടെ ചെയ്തത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാത്തത് ഖേദകരമാണ്. ഹനീഫയുടെ കുടുംബത്തിന്റെ സംശയം ദൂരീകരിക്കാന്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും ഗോപപ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it