സസ്‌പെന്‍ഷന്‍ നിരുപാധികം പിന്‍വലിക്കണം : വിദ്യാര്‍ഥികള്‍; ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രക്ഷോഭം രൂക്ഷം

ഹൈദരാബാദ്: ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ ചൊല്ലിയുള്ള പ്രക്ഷോഭം ഹൈദരാബാദ് സര്‍വകലാശാലയില്‍ രൂക്ഷമായി. ദലിത് വിദ്യാര്‍ഥികള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നിരുപാധികം പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കണം. നിബന്ധനകള്‍ക്ക് വിധേയമായാണ് സസ്‌പെന്‍ഷന്‍ പി ന്‍വലിച്ചതെന്നാണ് സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇത് സ്വീകാര്യമല്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെയാണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ കൊലപ്പെടുത്തിയതെന്ന് വിദ്യാര്‍ഥി നേതാവ് സുഹൈല്‍ പറഞ്ഞു. നീതിക്കുവേണ്ടിയാണ് തങ്ങള്‍ പോരാടുന്നത്. ഇവിടെ അസാധാരണ സ്ഥിതിവിശേഷമുണ്ടെന്നാണ് സര്‍വകലാശാല കരുതുന്നത്. അവര്‍ തങ്ങളെ പരിഹസിക്കുകയാണ് സര്‍വകലാശാല ഉപയോഗിക്കുന്ന ഭാഷ തങ്ങള്‍ക്ക് മനസ്സിലാവുന്നില്ല- അദ്ദേഹം പറഞ്ഞു.
രോഹിതിന്റെ ആത്മഹത്യക്കുത്തരവാദികളായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഏഴു വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസവും തുടര്‍ന്നു. ചില വിദ്യാര്‍ഥികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പരീക്ഷാ കണ്‍ട്രോളര്‍, ചീഫ് മെഡിക്ക ല്‍ ഓഫിസര്‍, ചീഫ് വാര്‍ഡന്‍ എന്നിവരും 10 ദലിത് അധ്യാപകരും കഴിഞ്ഞ ദിവസം തങ്ങളുടെ ഭരണപദവികള്‍ രാജിവച്ചിരുന്നു.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ രോഹിത് തങ്ങളോടൊപ്പമില്ലാത്തതിനാല്‍ സന്തോഷിക്കാനാവില്ലെന്നും സസ്‌പെന്‍ഷനിലായിരുന്ന ദലിത് വിദ്യാര്‍ഥികളിലൊരാളായ വിജയ്കുമാര്‍ പറഞ്ഞു.
വിസിയെ പുറത്താക്കണമെന്നും രോഹിതിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it