wayanad local

സര്‍വേ പൂര്‍ത്തിയായ ഭൂമിക്ക് നികുതി സ്വീകരിക്കും

കല്‍പ്പറ്റ: ജില്ലയില്‍ സംയുക്ത സര്‍വേ പൂര്‍ത്തിയായതും 1994 ജനുവരി ഒന്നു വരെ നികുതി സ്വീകരിച്ചതുമായ എല്ലാ കൃഷി ഭൂമികള്‍ക്കും കൈവശ ഭൂമികള്‍ക്കും നികുതി സ്വീകരിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ആസൂത്രണഭവനിലെ എപിജെ അബ്ദുല്‍ കലാം ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഇതോടെ ജില്ലയിലെ സാധാരണക്കാരുടെയും കര്‍ഷകരുടെയും ഭൂനികുതിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നത്തിന് പരിഹാരമാവും.
അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ വനംവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
എച്ച്എംഎല്ലില്‍ നിന്നും കൈമാറി ലഭിച്ച നാലേക്കര്‍ വരെയുള്ള കൈവശക്കാരില്‍ നിന്ന് നികുതി സ്വീകരിക്കാനും ഇവര്‍ക്ക് കൈവശരേഖ നല്‍കാനും തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 50 സെന്റ് സ്ഥലം പട്ടികവര്‍ഗക്കാര്‍ക്ക് ദൈവപ്പുര നിര്‍മിക്കുന്നതിന് പെര്‍മിസീവ് സാങ്ഷനും അഡ്വാന്‍സ് പൊസഷനും നല്‍കാനും തീരുമാനമായി.
മാനന്തവാടി മക്കിമലയില്‍ 35 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പാത്തിക്കല്‍ പാലം അപ്രോച്ച് റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷം കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി കുടുംബാംഗങ്ങള്‍ക്ക് നല്‍കാനും തീരുമാനമായി.
പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി, എംഎല്‍എമാരായ എം വി ശ്രേയാംസ് കുമാര്‍, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ഹാഡ വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, എഡിഎം സി എം മുരളീധരന്‍, എപിസിസിഎഫ് ഇ പ്രദീപ് കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it