ernakulam local

സര്‍വീസുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് സര്‍വീസുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ദേശസാല്‍കൃത റൂട്ടായ മൂവാറ്റുപുഴ-എറണാകുളം റൂട്ടില്‍ ഒരു മണിക്കൂര്‍ കാത്തുനിന്നാല്‍ പോലും ബസ്സുകള്‍ എത്തുന്നില്ലെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.
ഈ റൂട്ടില്‍ ഇരുപത് മിനിട്ട് ഇടവിട്ട് എറണാകുളത്തേക്ക് ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് ഈ അവസ്ഥ. ശബരിമല സീസണ്‍ ആരംഭിച്ചതോടെ പത്തോളം ബസ്സുകളാണ് മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് റദ്ദാക്കിയിരിക്കുന്നത്.
ഡിപ്പോ അടച്ചിട്ട് മാസങ്ങളായി നടന്നുവരുന്ന അറ്റകുറ്റപ്പണി മൂലം ബസ്സുകള്‍ സമീപത്തെ ഡിപ്പോകളിലാണ് റിപ്പയര്‍ ചെയ്യുന്നത്.
എന്നാല്‍ ശബരിമല സീസണ്‍ മുന്നില്‍ കണ്ട് ബസ്സുകള്‍ നിരത്തിലിറക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കാത്തതാണ് ഇപ്പോള്‍ ഡിപ്പോയില്‍നിന്നുള്ള സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മധ്യകേരളത്തിലെ പ്രധാന ഡിപ്പോകളിലൊന്നായ മൂവാറ്റുപുഴയില്‍ ബസ്സുകളുടെ കാലപ്പഴക്കം മൂലമാണ് അടിക്കടി കട്ടപ്പുറത്താവുന്നത്.
സമീപത്തെ അപ്രധാന ഡിപ്പോകള്‍ക്കു പോലും പുതിയ ബസ്സുകള്‍ അനുവദിച്ചപ്പോഴാണ് മൂവാറ്റുപുഴയോടുള്ള അവഗണനയെന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്.
ഡിപ്പോ അടച്ചതോടെ ദീര്‍ഘദൂര ബസ്സുകളുള്‍പ്പെടെ സ്റ്റാന്റിനു സമീപത്ത് പാര്‍ക്ക് ചെയ്യാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു.
Next Story

RELATED STORIES

Share it