സര്‍വകലാശാല പരീക്ഷയ്ക്കുള്ള ഹാജര്‍; ഗര്‍ഭിണികള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസം നേടുന്ന ഗര്‍ഭിണികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള ഹാജര്‍ വ്യവസ്ഥയില്‍ പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഗര്‍ഭധാരണമെന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നല്ല. പഠന കാലയളവില്‍ ആവശ്യമെങ്കില്‍ ഗര്‍ഭധാരണം മാറ്റിവയ്ക്കാവുന്നതാണ്. ഗര്‍ഭധാരണം സംബന്ധിച്ച് വ്യക്തിക്ക് ആലോചിച്ച് തീരുമാനമെടുക്കാമെന്നിരിക്കെ ഗര്‍ഭിണികളാണെന്ന കാരണത്താല്‍ സര്‍വകലാശാല മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതിക്കാനാവില്ലെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു.
ഗര്‍ഭിണിയായതിനാല്‍ ക്ലാസില്‍ ഹാജരാവാനായില്ലെന്നും അതിനാല്‍ പരീക്ഷയ്ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയിലെ ബിഎഡ് വിദ്യാര്‍ഥിനിയായ വയനാട് സ്വദേശിനി ജാസ്മിന്‍ വി ജി നല്‍കിയ ഹരജി തള്ളിയാണ് കോടതി ഉത്തരവ്.
ഗര്‍ഭിണികളായ വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷ എഴുതാന്‍ ആവശ്യമായ അറ്റന്‍ഡന്‍സില്‍ ഇളവ് നല്‍കണമെന്ന് 2010 ഏപ്രില്‍ 30ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും അതിനാല്‍ തനിക്ക് അനുമതി നല്‍കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശത്തെയും സമത്വത്തെയും ഇന്ത്യന്‍ ഭരണഘടന ശരിവയ്ക്കുന്നുണ്ടെന്നും അതിനാല്‍ ഗര്‍ഭിണികളായ വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക ഇളവ് നല്‍കണമെന്നുമാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ ശരിവയക്കുന്നുണ്ടെങ്കിലും ഗര്‍ഭാവസ്ഥ എന്നത് അപ്രതീക്ഷിത രോഗ കാരണമല്ലെന്നും പഠന കാലയളവില്‍ വേണമെങ്കില്‍ ഒഴിവാക്കാമെന്നിരിക്കെ വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരത്തിലൊരു ഇളവ് അനുവദിക്കാനാവില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. ഗര്‍ഭിണിയായതിനാല്‍ തുടര്‍ച്ചയായി ക്ലാസില്‍ ഹാജരാവാന്‍ സാധിക്കാത്തതിനാല്‍ 45 ശതമാനം അറ്റന്‍ഡന്‍സാണുള്ളതെന്നും ബിഎഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ 75 ശ—തമാനം അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
വിദ്യാര്‍ഥിനികളുടെ പഠിക്കാനും ജോലി നേടാനുമുള്ള ഭരണഘടനാ പരമായ അവകാശത്തിന് വിരുദ്ധമാണ് ഇത്തരം വിവേചനമെന്നും സ്ത്രീകളുടെ പ്രസവാവധിയുമായി ബന്ധപ്പെട്ട നിയമത്തിനെതിരായതിനാല്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതായും ഹരജിക്കാരി കോടതിയെ അറിയിച്ചു. എന്നാല്‍, റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഗര്‍ഭിണിയാണെന്ന കാരണത്താല്‍ സര്‍വകലാശാല നിയമമനുസരിച്ചുള്ള ഹാജറില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഹരജി തളളി.
Next Story

RELATED STORIES

Share it