സര്‍വകലാശാലകള്‍ക്കെതിരായ നീക്കം; ഡല്‍ഹിയില്‍ കാംപസ് ഫ്രണ്ട് പ്രതിരോധമാര്‍ച്ച്

സര്‍വകലാശാലകള്‍ക്കെതിരായ നീക്കം; ഡല്‍ഹിയില്‍ കാംപസ് ഫ്രണ്ട് പ്രതിരോധമാര്‍ച്ച്
X
CFI-2

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ വിവേചനത്തിലും അടിച്ചമര്‍ത്തല്‍ നിലപാടിലും പ്രതിഷേധിച്ച് കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ വിദ്യാര്‍ഥി പ്രതിരോധമാര്‍ച്ച് സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പി അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസിന്റെ ഫാഷിസ്റ്റ്— അജണ്ടകള്‍ക്കെതിരായി പ്രതികരിക്കുന്നുവെന്നതിനാലാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയെയും ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റിയെയും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അലിഗഡ് സര്‍വകലാശാലയ്ക്കും ജാമിഅ മില്ലിയ്യക്കുമെതിരായ നീക്കത്തിനും പിന്നില്‍ ഇതേ ശക്തികള്‍ തന്നെയാണുള്ളത്.
സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിനും സവര്‍ണ മനോഭാവങ്ങള്‍ക്കുമെതിരേ നിലപാടുള്ളവരാണു വിദ്യാര്‍ഥികള്‍. ആര്‍എസ്എസ് ഉയര്‍ത്തുന്ന ആര്യദേശീയതയ്‌ക്കെതിരാണ് ഈ നീക്കങ്ങള്‍. കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ വച്ചുപുലര്‍ത്തുന്ന ഉയര്‍ന്ന ജനാധിപത്യ ബോധവും ഫാഷിസ്റ്റ് വിരുദ്ധ നിലപാടും ഹിന്ദുത്വ കേന്ദ്രങ്ങളില്‍ വലിയ അസ്വസ്ഥതകളുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് രോഹിത് വെമുലയുടെ മരണത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന് ഏറ്റെടുക്കേണ്ടിവന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങള്‍ സര്‍വകലാശാലകളെ കലാപഭൂമികളാക്കിയിരിക്കുകയാണ്. ദേശസ്‌നേഹമെന്നാല്‍ ജാതിമേല്‍ക്കോയ്മയ്ക്കു മുമ്പില്‍ ഏത്തമിടലാണെന്ന നില അംഗീകരിക്കാനാവില്ല.
അലിഗഡ്, ജാമിഅ മില്ലിയ്യ സര്‍വകലാശാലകളെ തകര്‍ക്കാനുള്ള ശ്രമങ്ങളും വെടക്കാക്കി തനിക്കാക്കുക എന്നതിന്റെ ഭാഗംതന്നെയാണ്. സര്‍വകലാശാലകളുടെയും വിദ്യാര്‍ഥികളുടെയും ജനാധിപത്യാവകാശം സംരക്ഷിക്കുന്നതിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയേ മതിയാവൂവെന്നും അബ്ദുല്‍നാസര്‍ പറഞ്ഞു.

മാര്‍ച്ചില്‍ വിവിധ ഭാഷകളിലുള്ള മുദ്രാവാക്യങ്ങള്‍ ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഫാഷിസത്തിനെതിരേ പാട്ടും കവിതയും നാടകവുമുള്‍പ്പെടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി പി വി ശുഹൈബ് നേതൃത്വം നല്‍കി. സര്‍വകലാശാലകളുടെയും വിദ്യാര്‍ഥികളുടെയും ജനാധിപത്യ ബോധത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്‌സിഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ്, പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം ആരിഫ് മുഹമ്മദ്, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റുമാരായ സി എ റഊഫ്, മുഹമ്മദ് തുഫൈല്‍, അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it