സര്‍ഗകലാപമായി ഒരു ജീവിതം

സര്‍ഗകലാപമായി ഒരു ജീവിതം
X








nadakam

പിവി വേണുഗോപാല്‍






കലയുടെയും സംസ്‌കാരത്തിന്റെയും നിലയ്ക്കാത്ത ഉറവകളുള്ള ഫോര്‍ട്ടു കൊച്ചിയില്‍ നിന്ന് വന്ന കെ എല്‍ ആന്റണി, കടമറ്റത്തു കത്തനാരിലൂടെ നാടകത്തിലേക്കു വന്ന ലീന- അനുഭവിച്ചുതീര്‍ക്കാനുള്ള വേഷങ്ങളും നടന്നു തീര്‍ക്കാനുള്ള വഴികളും ഒന്നാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒന്നിച്ചായി അവരുടെ യാത്ര. കലാജീവിതത്തിലൂടെ സമൂഹത്തെ നവീകരിക്കാന്‍ ശ്രമിക്കുന്ന ദമ്പതികളുടെ നാടകജീവിതം





നാടകം ജീവവായുവാണെന്നോ നാടകം ഇല്ലാതെ ജീവിതമില്ലെന്നോ നാടകം തന്നെ ജീവിതമെന്നൊക്കെ പറഞ്ഞാല്‍ ഒരു ക്ലീഷേയായി മാത്രം പരിഗണിക്കപ്പെടുമെന്ന് അറിഞ്ഞുകൂടാഞ്ഞിട്ടല്ല.  പൊങ്ങച്ചങ്ങളും വച്ചുകെട്ടുകളുമില്ലാതെ ചങ്കില്‍ കോറിയിടപ്പെടുന്ന ചില ജീവിതങ്ങളെ ആവിഷ്‌കരിക്കാന്‍ ത്രാണിയില്ലാതെ വരുമ്പോള്‍ ക്ലീഷേകളെ ആശ്രയിക്കാതെ വയ്യ. പിച്ചവച്ച കാലം മുതല്‍ നാടകമാണ് കെ എല്‍ ആന്റണിക്കും ലീനയ്ക്കും ജീവിതം. കാലവും ജ്ഞാനവുമെല്ലാം അവരിലേക്ക് കുടിയേറിയതും നാടകത്തിലൂടെ തന്നെ.

അപ്പനപ്പൂപ്പന്‍മാരുടെ ദുരിതപൂര്‍ണമായ നാടകപ്രയത്‌നങ്ങളാണ് മക്കളായ ലാസര്‍ ഷൈനും അമ്പിളിയും നാന്‍സിയും കണ്ടു പഠിച്ചുതുടങ്ങിയ ആദ്യ പാഠങ്ങള്‍. മുലകുടി മാറാത്ത പ്രായത്തില്‍ നാടകസാമഗ്രികള്‍ നിറച്ച വലിയ കെട്ടുവള്ളത്തില്‍ കായല്‍ത്തിരകളിലൂടെ അരങ്ങില്‍നിന്ന് അരങ്ങിലേക്കു പോയ അവ്യക്ത ഓര്‍മകള്‍ കഴുക്കോല്‍കുത്തുപോലെ പതിഞ്ഞുകിടക്കുന്നുണ്ടാവും ഇപ്പോഴും മക്കളുടെ ഓര്‍മകളില്‍.

ജീവിതത്തെ സര്‍ഗാത്മകമായ ഒരു കലാപമാക്കി മാറ്റിയ അച്ഛനമ്മമാരുടെ മക്കളായി ജനിച്ചതില്‍ അഭിമാനംകൊണ്ടു കണ്ണു നിറഞ്ഞ നിമിഷങ്ങള്‍ ഉണ്ടാവാതെ തരമില്ല ഈ മക്കളുടെ ജീവിതത്തില്‍. കലയുടെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും നിലയ്ക്കാത്ത തിരകളുള്ള ഫോര്‍ട്ടു കൊച്ചിയിലാണ് കെ എല്‍ ആന്റണിയുടെ ജനനം. ചേട്ടന്‍ ജോസഫിന്റെ കാല്‍പ്പാടുകളില്‍ ചുവടുറപ്പിച്ചാണ് നാടകരംഗത്തെ പിച്ചവയ്പ്.

നാടകമെഴുത്തും അഭിനയവും സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ തുടങ്ങി. കൗമാരത്തിലെത്തിയപ്പോള്‍ നാടകത്തോടൊപ്പം തൊഴിലാളി വര്‍ഗരാഷ്ട്രീയവും സിരകളില്‍ തിരയടിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, വിമോചനസമരം, അടിയന്തരാവസ്ഥ തുടങ്ങി ഒട്ടേറെ രാഷ്ട്രീയാനുഭവങ്ങള്‍ ആന്റണിക്ക് നല്‍കാന്‍ അക്കാലം ഒട്ടും പിശുക്കുകാട്ടിയില്ല.

ആ അനുഭവങ്ങളാണ് പില്‍ക്കാലത്തെ ജീവിത-നാടക പോരാട്ടങ്ങളിലെ ആന്റണിയുടെ ഈടുവയ്പ്. ഭരണകൂടത്തിന് ചോരയൊലിക്കുന്ന ദംഷ്ട്രകള്‍ മുളച്ച അടിയന്തരാവസ്ഥക്കാലത്ത്് ചെങ്കൊടിയേന്തി ഫോര്‍ട്ടുകൊച്ചിയുടെ മണ്ണില്‍ ഉറച്ച ചുവടുമായി തലയുയര്‍ത്തി നടക്കാനും പോലിസ്ബൂട്ടുകള്‍ നിരന്തരം ഗര്‍ജിക്കുന്ന കോണിപ്പടികളുള്ള പാര്‍ട്ടിയാപ്പീസിന്റെ തട്ടിന്‍പുറത്തിരുന്നു പുതിയ നാടകങ്ങള്‍ മെനയാനും ആന്റണിയുടെ യൗവനത്തിന് കരുത്തും പ്രചോദനവും നല്‍കിയതും ഇത്തരം അനുഭവങ്ങള്‍ തന്നെ. ലാത്തിയും തോക്കും കല്‍ത്തുറുങ്കും ദുസ്സ്വപ്‌നമായി വന്ന് ഉറക്കം കെടുത്തിയപ്പോള്‍ വറ്റിപ്പോയ പേനയും നിലച്ചുപോയ ചിന്തകളുമായി ചാരുകസേരയില്‍ അഭയം തേടിയില്ല ആന്റണി.



nadakam1



ഭരണകൂട ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടങ്ങളില്‍ നാടകത്തെ ശക്തമായ ആയുധമാക്കി മാറ്റാനുള്ള മാര്‍ഗങ്ങള്‍ തേടുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ള സംഘടിതശക്തിയായ തൊഴിലാളികളോടൊപ്പം ജീവിക്കുകയും ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം സ്വന്തം നാടകങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയുമാണ് അദ്ദേഹം ചെയ്തത്. പാര്‍ട്ടി തീരുമാനം അനുസരിച്ച് മദ്രാസിലേക്ക് ഒളിവില്‍ പോവേണ്ടി വന്നെങ്കിലും അരാഷ്ട്രീയവാദിയായി ചുരുങ്ങാനല്ല, ഗൗരവമുള്ള രാഷ്ട്രീയപ്രവര്‍ത്തകനായി സ്വയം ഉയരാനും ഗൗരവമുള്ള രാഷ്ട്രീയപ്രവര്‍ത്തനമായി തന്റെ നാടകങ്ങളെ ഉയര്‍ത്താനുമാണ് അടിയന്തരാവസ്ഥ നല്‍കിയ ദുരിതജീവിതം അദ്ദേഹത്തെ പഠിപ്പിച്ചത്.

അതുകൊണ്ടുതന്നെ കണ്ണഞ്ചിപ്പിക്കുന്ന ദീപവിതാനങ്ങളും ചെകിടടപ്പിക്കുന്ന ശബ്ദക്രമീകരണങ്ങളുമുള്ള പ്രഫഷനല്‍ നാടകത്തെയല്ല മറിച്ച് കുറഞ്ഞ ചെലവില്‍ ഹൃദയങ്ങളോട് സംവദിക്കുന്ന അമച്വര്‍ നാടകങ്ങളെയാണ് ആന്റണി വരിച്ചത്. രചനാവൈഭവം കൊണ്ടും സാക്ഷാത്കാരത്തിന്റെ മികവും അഭിനയത്തിന്റെ തികവും കൊണ്ട് അമച്വര്‍രംഗത്ത് തന്റേതായ ഇടം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. അദ്ദേഹം രൂപംനല്‍കിയ ഇരുട്ടറ, മരണം, മനുഷ്യപുത്രന്‍, മോചനം, വഴിയമ്പലം, കുരുതി തുടങ്ങിയ എത്രയോ നാടകങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു.

നാല്‍പ്പതു കടന്നപ്പോഴാണ് ലീന, ആന്റണിയുടെ തിരക്കേറിയ ജീവിതത്തില്‍ കടന്നുവന്നത്. നാടകം നടികള്‍ക്ക് നിഷിദ്ധമായിരുന്ന കാലത്ത് തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ജഗതി എന്‍ കെ ആചാരിയുടെ കടമറ്റത്തു കത്തനാരിലൂടെയാണ് ലീനയുടെ പ്രഫഷനല്‍ നാടകരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്ക് ചേരാത്ത, അശ്ലീലമായി നാടകാഭിനയത്തെ കണ്ട അന്നത്തെ സദാചാരക്കാരോട് നെഞ്ചുറപ്പോടെ പോരാടിയാണ് ലീനയും സഹോദരി അന്നമ്മയും നാടകത്തിലെത്തിയത്. എസ് ജെ ദേവ്, എസ് പി പിള്ള, അച്ചന്‍കുഞ്ഞ്, കുയിലന്‍ തുടങ്ങിയ മഹാരഥന്‍മാരുടെ നാടകങ്ങളില്‍ തിളങ്ങിയ ലീന, 1979ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാ കേന്ദ്രയില്‍ പകരക്കാരിയായി എത്തി.

അനുഭവിച്ചുതീരാനുള്ള വേഷങ്ങളും പറഞ്ഞുതീര്‍ക്കാനുള്ള സംഭാഷണങ്ങളും നടന്നു തീര്‍ക്കാനുള്ള വഴികളും ഒന്നാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നീടൊരിക്കലും അവര്‍ പിരിഞ്ഞില്ല.ഇക്കാലത്താണ് ഇരുട്ടറ എന്ന നാടകത്തിന്റെ പിറവി. പ്രതികരണശേഷിയുള്ള യുവജനങ്ങള്‍ക്ക് കൊടിയ പീഡനമെന്ന മുദ്രാവാക്യം ഭരണകൂടം ഉയര്‍ത്തിയപ്പോള്‍ കക്കയം ക്യാംപിലെ ഇരുട്ടറയില്‍ പൊളിഞ്ഞുപോയ നിരവധി രാജന്മാരുടെ ജീവിത കഥയായിരുന്നു ഇരുട്ടറയെന്ന നാടകം. മൃഗീയമായ ഭരണകൂട അതിക്രമങ്ങളില്‍ ചീന്തിപ്പോയ യുവാക്കളുടെ സ്വപ്‌നങ്ങളും ജീവിതങ്ങളും പ്രതിഫലിപ്പിക്കുന്ന ആ നാടകത്തിന്റെ അരങ്ങിലേക്ക് ഒരു കഥാപാത്രമായി ഇത്തിരിയില്ലാത്ത മകന്‍ ലാസര്‍ ഷൈനിനെ കടത്തിവിടുകയും ചെയ്തു ആന്റണിയും ലീനയും.

ഇതിനേക്കാള്‍ വലിയ എന്തു രാഷ്ട്രീയവിദ്യാഭ്യാസം നല്‍കാന്‍ കഴിയും മാതാപിതാക്കള്‍ക്ക്് തങ്ങളുടെ മകന്. സമൂഹത്തെ നവീകരിക്കാന്‍ മാത്രമല്ല, തങ്ങളുടെ രാഷ്ട്രീയായുധമായ നാടകത്തിന്റെ അരങ്ങിനെയും അണിയറയെയും പ്രസാധന- വിതരണത്തെയും നിരന്തരം നവീകരിക്കാനും ഇരുവരും ശ്രമിച്ചുകൊണ്ടേയിരുന്നു. പ്രേക്ഷകരില്‍ മാത്രമല്ല, വായനക്കാരിലും തങ്ങളുടെ നാടകങ്ങള്‍ എത്തിക്കാനായി അക്ഷരങ്ങള്‍ പെറുക്കിവയ്ക്കുന്ന പഴയ അച്ചടിശാലയില്‍ മുദ്രണം ചെയ്ത പേജുകള്‍ വീട്ടിലെത്തിച്ചു കുത്തിക്കെട്ടി പശ തേച്ച് പുറം കവര്‍ ഒട്ടിച്ച് നാടകപുസ്തകങ്ങള്‍ ഒരുക്കും ലീനയും മക്കളും. തോള്‍സഞ്ചിയില്‍ നിറച്ച പുസ്തകങ്ങളുമായി വെയിലും മഴയും മഞ്ഞും വകവയ്ക്കാതെ വായനക്കാരനില്‍നിന്ന് വായനക്കാരനിലേക്ക് നടന്നെത്തും ആന്റണി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിലേക്ക് പെടുന്നു അവ. നീര്‍കെട്ടി ചുടുവാതം പൊട്ടിയ കാലുകളുമായി തളര്‍ന്നു വീടണയുന്ന അച്ഛനും ഉരുക്കിയ പോത്തിന്‍ നെയ്യ് പുരട്ടി കാല്‍ തിരുമ്മിക്കൊടുക്കുന്ന അമ്മയും എത്രയോ വട്ടം പൂച്ചാക്കലെ പട്ടിണിയും പരിവട്ടവുമുള്ള കൊച്ചുവീടിന്റെ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കപ്പെട്ട രംഗങ്ങളാണ്്.കാലമേറെക്കഴിഞ്ഞിട്ടും മക്കള്‍ മറ്റിടങ്ങളില്‍ ജീവിതമാര്‍ഗം കണ്ടെത്തിയിട്ടും ആന്റണിയും ലീനയും ഇന്നും അരങ്ങത്തു തന്നെയാണ്. ഇതിനിടയില്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ആന്റണിയെതേടിയെത്തി.

leena with antoneyഅമ്മയും തൊമ്മനുമെന്ന രണ്ടു പേര്‍ മാത്രമുള്ള നാടകവുമായി അരങ്ങു ചുറ്റുകയാണ് ഇപ്പോള്‍ ഇരുവരും. 77 കാരനായ ആന്റണിയുടെ അമ്മയായി അഭിനയിക്കുകയാണ് 63 കാരിയായ ലീന. ആഷിഖ് അബു നിര്‍മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ ഇരുവരും ചലച്ചിത്ര രംഗത്തേക്കും കാല്‍വച്ചുകഴിഞ്ഞു. കാര്യമിങ്ങനെയൊക്കെ ആണെങ്കിലും തോള്‍ സഞ്ചിയില്‍ അടുക്കിയ നാടക പുസ്തകങ്ങളുമായി ആന്റണി ഇപ്പോഴും നടന്നു കയറുന്നുണ്ട് വായനക്കാരന്റെ ഹൃദയത്തിലേക്ക്.
Next Story

RELATED STORIES

Share it