സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പദവി പുനസ്സംഘാടനം; നികേഷിനും ചെറിയാന്‍ ഫിലിപ്പിനും സാധ്യത

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പദവി പുനസ്സംഘാടനം വേഗത്തിലാക്കാന്‍ സിപിഎം തീരുമാനം. കക്ഷികളുടെ പ്രാതിനിധ്യം സംബന്ധിച്ച് സിപിഎം, സിപിഐ നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തി. ചില വകുപ്പുകളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നവര്‍ പലരും ഇതിനിടെ രാജിവച്ച് ഒഴിഞ്ഞിട്ടുണ്ട്. ബോര്‍ഡ്, കോര്‍പറേഷന്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭാരവാഹികളെ പുനസ്സംഘടിപ്പിക്കും. സാംസ്‌കാരിക സ്ഥാപനങ്ങളിലെ പുനസ്സംഘാടനത്തില്‍ അഴീക്കോട്ട് പരാജയപ്പെട്ട എം വി നികേഷ്‌കുമാറിനേയും സീറ്റ് നിഷേധിക്കപ്പെട്ട ചെറിയാന്‍ ഫിലിപ്പിനേയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.
പുനസ്സംഘടനയില്‍ എല്‍ഡിഎഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കും. ഇത്തവണ ഐഎന്‍എല്‍ ഉള്‍പ്പെടെ ഒമ്പത് കക്ഷികളാണ് എല്‍ഡിഎഫിനെ പുറത്തുനിന്ന് പിന്തുണച്ചത്. മല്‍സരിച്ച നാല് സീറ്റിലും പരാജയപ്പെട്ട ഐഎന്‍എല്‍ സര്‍ക്കാരില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനോട് അനുകൂല നിലപാടു സ്വീകരിക്കാനാണ് സാധ്യത. യുഡിഎഫ് വിട്ടുവന്ന് നാല് സീറ്റില്‍ മല്‍സരിച്ച് പരാജയപ്പെട്ട ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനും പ്രത്യേക പരിഗണന ലഭിച്ചേക്കും. സീറ്റ് നിഷേധിക്കപ്പെട്ട കെ ആര്‍ ഗൗരിയമ്മയുടെ ജെഎസ്എസിനു സര്‍ക്കാരില്‍ നേരത്തേതന്നെ പ്രാതിനിധ്യം ഉറപ്പ് നല്‍കിയിരുന്നു. വ്യവസായം, സാംസ്‌കാരികം, കൃഷി എന്നീ വകുപ്പുകളിലാണ് കൂടുതല്‍ സ്ഥാപനങ്ങളുള്ളത്. വകുപ്പുകള്‍ക്ക് കീഴിലുള്ള പദവികള്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്കു തന്നെ നല്‍കുന്നതാണ് കീഴ്‌വഴക്കം. പുറത്തുനിന്ന് കൂടുതല്‍ പേരെ പരിഗണിക്കേണ്ടി വരുന്നതിനാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒഴിവുള്ള രണ്ട് പിഎസ്‌സി അംഗത്വങ്ങളില്‍ ഒന്നിനും അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സിപിഐ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
പദവി പുനസ്സംഘാടനം 25ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പരിഗണിക്കും. 26, 27 തിയ്യതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. സിപിഐയുടെ സംസ്ഥാന നിര്‍വാഹക സമിതിയും 27, 28 തിയ്യതികളില്‍ ചേരുന്നുണ്ട്. ഈ യോഗങ്ങള്‍ക്ക് മുമ്പ് പദവി പുനസ്സംഘാടനത്തില്‍ പരസ്പര ധാരണയാവാനുള്ള ശ്രമത്തിലാണ് സിപിഎമ്മും സിപിഐയും. ഇതുസംബന്ധിച്ച് ഇരുകക്ഷികളും ചൊവ്വാഴ്ച പ്രാഥമിക യോഗം ചേര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it