palakkad local

സര്‍ക്കാര്‍ സഹായമോ ജോലിയോ ലഭ്യമായില്ല; കൊല്ലപ്പെട്ട പ്രഭാകരന്റെ കുടുംബം ദുരിതത്തില്‍

എം വി വീരാവുണ്ണി

പട്ടാമ്പി: സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുളയന്‍കാവ് മൂത്തേവീട്ടില്‍പടി പ്രഭാകരന്റെ കുടുംബം നീതി തേടി ഹൈക്കോടതിയിലേക്ക്. രാഷ്ട്രീയ പാര്‍ടികളും നേതാക്കളും ജനപ്രതിനിധികളും പ്രഭാകരന്റെ കുടുംബത്തെ അവഗണിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതി നല്‍കുന്നതിന് സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങി മടുത്തിരിക്കയാണ് ഈ പട്ടികജാതി കുടുംബം. ജില്ലാ കലക്ടറുടെ ഉത്തരവിലും സര്‍ക്കാര്‍ സഹായമോ ജോലിയോ ഇല്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ കൈയൊഴിഞ്ഞതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടുകാരുടെ കനിവോടെയാണ് ജീവിതം. 2015 ഫെബ്രുവരി 15നാണ് മുളയന്‍കാവ് മൂത്തേവീട്ടില്‍പടി പ്രഭാകരന്‍ (55) സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുലുക്കല്ലൂര്‍ എരവത്രയില്‍ കൂലിപ്പണിക്ക് പോയ പ്രഭാകരനെ രാത്രി വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഭാകരന്റെ ഭാര്യ പ്രേമകുമാരിയുടെ മൊഴിയനുസരിച്ച് കേസില്‍ പ്രതി ചേര്‍ത്ത 11 പേരെയും ചെര്‍പ്പുളശ്ശേരി സിഐ വിജയകുമാര്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടു. സദാചാരഗുണ്ടകളാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സിപിഎം, ലീഗ്, കോണ്‍ഗ്രസ് പാര്‍ടികളില്‍പെട്ടവരാണ് ഗുണ്ടകളെന്നാണ് പറയുന്നത്. തുടക്കത്തിലേ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം രാഷ്ട്രീയ പാര്‍ടികളുടെ ഭാഗത്ത് നിന്നുമുണ്ടായെന്ന പരാതി ഉയര്‍ന്നിരുന്നു. കേസില്‍ നിന്നും പിന്തിരിയാന്‍ ചെര്‍പ്പുളശ്ശേരി പോലിസിനുമേലും സമ്മര്‍ദ്ദം വേറെ. സ്ഥലം എംഎല്‍എ സി പി മുഹമ്മദിന് പരാതി നല്‍കിയെങ്കിലും ശരിയാക്കിത്തരാമെന്ന് പറയുകയല്ലാതെ നടപടികളുണ്ടായില്ലെന്നാണ് പ്രഭാകരന്റെ ഭാര്യ പ്രേമകുമാരി പറയുന്നത്. എന്നാല്‍ കേസില്‍ ഇപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നാണ് ചെര്‍പ്പുളശ്ശേരി പോലിസ് പറയുന്നത്. പട്ടികജാതി വിഭാഗക്കാരായ നിര്‍ധന കുടുംബത്തിന് ജോലിയും രണ്ട് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അന്നത്തെ ജില്ലാ കലക്ടര്‍ പതിനായിരം രൂപ കൊടുത്തതല്ലാതെ സര്‍ക്കാര്‍ ജോലിയോ വാഗ്ദാനം ചെയ്ത തുകയോ ഇതുവരെയും ലഭിച്ചില്ല. വാഗ്ദാനം ചെയ്ത രണ്ടു ലക്ഷം രൂപ ലഭിക്കുന്നതിന് ജില്ലാ കലക്ടറെ സമീപിച്ചിങ്കിലും സഹായത്തിന് അര്‍ഹതയില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അപേക്ഷ നല്‍കിയെങ്കിലും അതും കിട്ടിയില്ല. ഐഎന്‍ടിയുസി മുളയന്‍കാവ് യൂനിറ്റിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട പ്രഭാകരന്‍. ഇയാളുടെ മരണശേഷം ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം അനാഥാവസ്ഥയിലാണ്. പ്രഭാകരന്‍ കൊല്ലപ്പട്ടതിന് ശേഷം ഭാര്യ പ്രേമകുമാരി അസുഖബാധിതയാണ്. ഇവരുടെ ആശുപത്രി ചെലവുകളും വീട്ടിലെ കാര്യങ്ങളും മകന്‍ പ്രവീണിന്റെ ചുമലിലാണ്. മൂത്ത മകള്‍ പ്രസീദയെ വിവാഹം ചെയ്തയച്ചതിന്റെ ബാധ്യതകള്‍ തീരും മുന്‍പെയാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്.
ഐടിസി കോഴ്‌സ് പൂര്‍ത്തിയാക്കിയ മകന്‍ പ്രവീണിന് ജോലിക്ക് പോകാനും നിവൃത്തിയില്ല. അമ്മയെയും അമ്മയുടെ സഹോദരീമാതാവിനെയും നോക്കാന്‍ പ്രവീണ്‍ തന്നെ വേണം. ഇളയ മകള്‍ പ്രജിത എട്ടാം ക്ലാസില്‍ പഠിക്കുന്നു. നാട്ടുകാരുടെ സഹായത്താലാണ് ഇവരുടെ ജീവിതം. ഭര്‍ത്താവിന്റെ കൊലയാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പട്ടിക ജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം തനിക്കും മക്കള്‍ക്കും ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും നീതി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകുമെന്നും പ്രഭാകരന്റെ കുടുംബം പറഞ്ഞു.
Next Story

RELATED STORIES

Share it