സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കാനിരിക്കെ മാലിദ്വീപില്‍ അടിയന്തരാവസ്ഥ

മാലി: മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അബ്ദുല്ല യമീനാണ് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷ കക്ഷിയായ മാലി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എംഡിപി) നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കാനിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനടക്കം സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിക്കൊണ്ടാണു പ്രസിഡന്റിന്റെ പ്രഖ്യാപനം. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാലി മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് നഷീദിന്റെ കീഴിലുള്ള പാര്‍ട്ടിയാണ് എംഡിപി. മാലദ്വീപില്‍ ജനാധിപത്യ രീതിയിലൂടെ അധികാരത്തിലേറിയ മുഹമ്മദ് നഷീദിനെ അട്ടിമറിച്ചാണ് അബ്ദുല്ല യമീന്‍ പ്രസിഡന്റായത്. നഷീദിനെ ഭീകരവിരുദ്ധ കുറ്റം ചുമത്തി അബ്ദുല്ല യമീന്‍ സര്‍ക്കാര്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. നഷീദിന്റെ മോചനം ആവശ്യപ്പെട്ടു രണ്ടു ദിവസത്തിനകം തലസ്ഥാനത്ത് റാലി നടത്തുമെന്നാണ് എംഡിപി പ്രഖ്യാപിച്ചത്.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മാലിയില്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വൈസ് പ്രസിഡന്റ് അഹ്മദ് അദീബിനെ ഒക്ടോബറില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഹജ്ജ് കര്‍മം നിര്‍വഹിച്ചു വിമാനത്താവളത്തില്‍നിന്നു വസതിയിലേക്കു ബോട്ടില്‍ മടങ്ങുന്നതിനിടെ ബോംബ് സ്‌ഫോടനം നടത്തി വധിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ യമീന്റെ ഭാര്യക്കും മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഈയാഴ്ച പ്രസിഡന്റിന്റെ വസതിക്കു സമീപത്തുനിന്ന് റിമോട്ട് കണ്‍ട്രോള്‍ ബോംബും കണ്ടെത്തിയതായി സുരക്ഷാവൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു.
പ്രധാന പ്രതിപക്ഷ കക്ഷിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നേതാവ് മുഹമ്മദ് നഷീദിനെ തടവിലാക്കിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ദ്വീപ് രാഷ്ട്രത്തെ അടിയന്തരാവസ്ഥയിലേക്കു നയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തടവിലാക്കിയ നടപടിക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it