സര്‍ക്കാര്‍ മദ്യനയം സുപ്രിംകോടതി ശരിവച്ചു; ബാറുകള്‍ തുറക്കില്ല

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ നയം സുപ്രിംകോടതി ശരിവച്ചു. മദ്യനയത്തിനെതിരേ ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലുകള്‍ ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. സര്‍ക്കാരിന് മദ്യനയം രൂപീകരിക്കാനും നടപ്പാക്കാനും അവകാശമുണ്ട്. മദ്യവില്‍പന മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ല. ചിലരുടെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുമെങ്കിലും നയം റദ്ദാക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
കേസില്‍ വാദം കേട്ടിരുന്ന ബെഞ്ചിന്റെ തലവന്‍ ജസ്റ്റിസ് വിക്രംജിത് സെന്‍ ഇന്നു വിരമിക്കാനിരിക്കെയാണ് സുപ്രിംകോടതി അവധിക്കാലത്ത് കോടതി കൂടി വിധി പറഞ്ഞത്. ഹൈക്കോടതി മദ്യനയം ശരിവച്ചതിനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ബാറുകള്‍ പൂട്ടിയതുമൂലം ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതുമൂലം നിരവധി പേര്‍ ആത്മഹത്യ ചെയ്തു. ഇവരെ പുനരധിവസിപ്പിക്കാനായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് അഞ്ചു ശതമാനം സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തുക വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ലെന്ന് കോടതിക്കു മുമ്പാകെ പരാതി ഉയര്‍ന്നുവന്നിരുന്നു. ഇത് യാഥാര്‍ഥ്യമാണെങ്കില്‍ തൊഴിലാളികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ഇതു നയത്തിന്റെ ഭാഗമല്ലാത്തതിനാല്‍ ഈ കോടതിക്കു മുമ്പില്‍ വിഷയമല്ലെങ്കിലും, തൊഴിലാളികള്‍ പുനരധിവസിപ്പിക്കപ്പെടാന്‍ അവകാശപ്പെട്ടവരാണെന്ന കാര്യത്തില്‍ കോടതിക്കു സംശയമില്ലെന്നും വിധിയില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം ലഭിക്കുന്നത് തടയാന്‍ നടപടി ഉണ്ടാകണമെന്നു കോടതി വ്യക്തമാക്കി. ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ നിയമവിരുദ്ധ നടപടികളെപ്പോലെത്തന്നെ സംസ്ഥാനത്തുടനീളം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയ നടപടി സ്വീകാര്യമല്ല. സംസ്ഥാനത്തെ മദ്യനയം നടപ്പാക്കിയത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ മാനിച്ചുകൊണ്ടാണ്.
കേരളത്തില്‍ യുവാക്കളില്‍ ബിയര്‍ ഇഷ്ടപ്പെട്ട മദ്യമായി മാറിയിട്ടുണ്ടെന്നു പറയുന്നു. വീര്യം കുറഞ്ഞ മദ്യം അനുവദിക്കുന്നതുമൂലം വ്യക്തികളുടെ ആരോഗ്യത്തിനു ഹാനികരമല്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. എന്നാല്‍ ബിയര്‍, വൈന്‍ പാര്‍ലറുകളിലെ ഉപയോഗം വര്‍ധിക്കുന്നതായും ബിയറില്‍ വീര്യം കൂടിയ ആല്‍ക്കഹോള്‍ കലര്‍ത്തുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ ഈ വാദത്തിന് അടിസ്ഥാനമില്ലാതാകും. ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കേണ്ടിവരും. ഇല്ലെങ്കില്‍ നിയമയുദ്ധങ്ങള്‍ക്ക് അതു വഴിവയ്ക്കുമെന്നും കോടതി ഓര്‍മിപ്പിച്ചു.
ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കുന്നതായുള്ള ആരോപണത്തില്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ഫൈവ്സ്റ്റാറുകളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കുന്നത് പഞ്ചനക്ഷത്ര റേറ്റിങിനു വിരുദ്ധമാണ്. ഇത് ശരിയാണെങ്കില്‍ ഇവരുടെ ഫൈവ്സ്റ്റാര്‍ റേറ്റിങ് റദ്ദാക്കാന്‍ മതിയായ കാരണമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it