Idukki local

സര്‍ക്കാര്‍ ഭൂമി കൈയേറി മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ച രണ്ടുനില മന്ദിരം പൊളിച്ചുനീക്കി

തൊടുപുഴ: മൂന്നാറില്‍ നിയമം ലംഘിച്ച് നിര്‍മിച്ച രണ്ട് നില മന്ദിരം ദേവികുളം ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പൊളിച്ചു നീക്കി. മൂന്നാര്‍- ദേവികുളം റൂട്ടില്‍ പോസ്റ്റ് ഓഫിസ് ജങഷന് സമീപത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദിരമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് 4നു നീക്കം ചെയ്തത്.
വൈകിട്ട് ഏഴുമണിയോടെ പൂര്‍ണമായും കെട്ടിടം പൊളിച്ചു നീക്കി. എക്‌സകവേറ്റര്‍ ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചത്.അടുത്തയാഴ്ച ഈ കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് റവന്യൂ അധികൃതരുടെ നടപടി .സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് യാതൊരു രേഖകളുമില്ലായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിടം പൊളിച്ച് നീക്കണമെന്ന് കാണിച്ച് ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ഈ മന്ദിരത്തിനു തൊട്ടടുത്തുണ്ടായിരുന്ന കൈയ്യേറ്റം നീക്കിയിരുന്നു.മുന്‍ ദേവികുളം എംഎല്‍എ കിട്ടപ്പ നാരായണസ്വാമിയുടെ മകന്‍ ബാലസുബ്രമണ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
മുന്‍പ് രണ്ട് തവണ ഇയാള്‍ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് പാളയത്തിലാണ്. കെട്ടിടം പൊളിച്ചുമാറ്റണമെന്നു നിരവധി തവണ നോട്ടിസ് കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ദേവികുളം താലുക്കില്‍ എട്ടു വില്ലേജുകളിലായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേവികുളം ആര്‍ഡിഒ തടഞ്ഞിരുന്നു.കലക്ടറുടെ എന്‍ഒസി വാങ്ങാതെ നിര്‍മ്മാണം നടത്തിയ സ്ഥലങ്ങളിലാണ് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു ദേവികുളം ആര്‍ഡിഒ ഉത്തരവിറക്കിയത്.
ഉടുമ്പന്‍ചോലയിലും ദേവികുളത്തും നാല് വില്ലേജുകളിലായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിരിക്കുന്നതെന്നു ദേവികുളം ആര്‍ഡിഒ സബിന്‍ പറഞ്ഞു. 2010ലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
Next Story

RELATED STORIES

Share it